Connect with us

Kerala

നാടൻ മാവുകൾ സംരക്ഷിക്കാൻ പദ്ധതിയുമായി കാർഷിക സർവകലാശാല

Published

|

Last Updated

തൃശൂർ | നാടൻ മാവുകൾ സംരക്ഷിക്കാൻ പദ്ധതിയുമായി കാർഷിക സർവകലാശാല. നാടൻ മാവിനങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടിയിട്ടുള്ള ഗവേഷണ പരിപാടി കേരള കാർഷിക സർവകലാശാലയുടെ സദാനന്ദപുരത്തുള്ള കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തിൽ നടപ്പിലാക്കുന്നു. സംരക്ഷണ പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന നാടൻ മാവിനങ്ങൾ വീട്ടുവളപ്പിൽ ഉള്ള കർഷകർ 8137840196 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണം.

പല നാടൻ മാവിനങ്ങൾ ഓർമയാകുകയാണ്. ഇതിൽ ശേഷിക്കുന്ന ചില ഇനങ്ങൾ ചില വീട്ടു വളപ്പുകളിലുണ്ട്. നമ്മുടെ ഭാവി തലമുറയ്ക്കായി ഇത്തരം മാവിനങ്ങൾ സംരക്ഷിക്കപ്പെടണം. കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുന്ന നാടൻ മാവിനങ്ങൾ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു വളരാൻ ശേഷിയുള്ളവ കൂടിയാണ്.

മറ്റു പല സംസ്ഥാനങ്ങളെ അപേക്ഷിച്ച് നാടൻ മാവുകളുടെ ഒരു വൈവിധ്യം തന്നെ കേരളത്തിൽ കാണാറുണ്ട്. കർപ്പൂര വരിക്ക, താളി മാങ്ങ, കിളിച്ചുണ്ടൻ മാമ്പഴം, കസ്തൂരി മാങ്ങ, കർപ്പൂരം, പോളച്ചിറ, നെടുങ്ങോലൻ മാങ്ങ, കോട്ടുകോണം മാങ്ങ, വെള്ളരി മാങ്ങ, മൂവാണ്ടൻ മാങ്ങ, തേമ്പാരു മാങ്ങ തുടങ്ങി നിരവധി നാടൻ ഇനങ്ങളാണ് കേരളത്തിലുള്ളത്.

കേരളത്തിലെ മാറുന്ന സാമൂഹ്യ പരിതസ്ഥിതിയിലും ഭൂവിനിയോഗത്താലും നിമിത്തം മാവ് കൃഷി കുറഞ്ഞു വരുന്നുണ്ട്. നാടൻ മാവിനങ്ങളുടെ വൻതോതിലുള്ള നാശത്തിന് ഇതു വഴിവയ്ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നാടൻ മാവിനങ്ങളുടെ സംരക്ഷണത്തിന് കാർഷിക സർവകലാശാല മുന്നിട്ടിറങ്ങുന്നത്.