Connect with us

Editorial

അര്‍ണബും ‘അടിയന്തരാവസ്ഥ'യും

Published

|

Last Updated

റിപ്പബ്ലിക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടി അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നുവത്രെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവ്‌ദേകര്‍ക്ക്. ഫാസിസ്റ്റ് നടപടിയെന്നാണ് മന്ത്രി സ്മൃതി ഇറാനിയുടെ പ്രതികരണം. ഒരു മാധ്യമ പ്രവര്‍ത്തകനെതിരെ പ്രതികാര നടപടി അനുവദിച്ചാല്‍ നാളെ പലരും ഇത്തരം സമീപനം സ്വീകരിക്കുമെന്നാണ് ബി ജെ പി രാജ്യസഭാ അംഗം രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ തുടങ്ങി മന്ത്രിമാരുടെ ഒരു പട തന്നെ അറസ്റ്റിനെതിരെ രംഗത്തു വന്നിട്ടുണ്ട്. എന്നാല്‍ ഇത്തരം “അടിയന്തരാവസ്ഥ”കളും ഫാസിസവും രാജ്യത്തെ ആദ്യ സംഭവമല്ല. ഉത്തര്‍ പ്രദേശ് പോലുള്ള ബി ജെ പി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ നേരത്തേ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെടുകയോ ആക്രമിക്കപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. അന്നൊന്നും പക്ഷേ ഇവരുടെ അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യ ബോധം ഉണര്‍ന്നതായി കണ്ടില്ല. “ജനാധിപത്യത്തെ ശ്വാസം മുട്ടിച്ചുകൊന്ന സര്‍ക്കാറിന്റെ ഭാഗമായ മന്ത്രിമാര്‍ അടിയന്തരാവസ്ഥയെന്നു പറഞ്ഞ് നിലവിളിക്കുന്നത് അതിശയം തന്നെ”യെന്നാണ് ഇതേക്കുറിച്ച് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്.

കഴിഞ്ഞ ആഗസ്റ്റ് 17നാണ് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍ പ്രശാന്ത് ജഗദീഷ് കനോജിയെ ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് യു പി പോലീസ് അറസ്റ്റ് ചെയ്തത.് തനിക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ബന്ധമുണ്ടായിരുന്നുവെന്ന ഒരു സ്ത്രീയുടെ വെളിപ്പെടുത്തല്‍ ട്വീറ്റിലൂടെ പങ്കുവെച്ചതിനായിരുന്നു കനോജിക്കെതിരായ ഈ നടപടി. സുപ്രീം കോടതി ഇടപെട്ടാണ് അദ്ദേഹത്തെ പിന്നീട് മോചിപ്പിച്ചത്. ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യു പി ഹാഥ്‌റസിലെ സ്ഥിതിഗതികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ മഥുര പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത് ഒരു മാസം മുമ്പാണ്. മീര്‍സാപൂര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണമായി ചപ്പാത്തിക്കൊപ്പം നല്‍കുന്നത് കേവലം ഉപ്പ് മാത്രമാണെന്ന വാര്‍ത്ത പുറത്തുവിട്ടതിനാണ് യു പി പോലീസ് കഴിഞ്ഞ വര്‍ഷം മാധ്യമ പ്രവര്‍ത്തകന്‍ പവന്‍ ജയ്‌സ്വാളിനെതിരെ കേസെടുത്തത്. മൂന്ന് വര്‍ഷം മുമ്പാണ് ഛത്തീസ്ഗഢില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഡിറ്റേഴ്‌സ് ഗില്‍ഡ് അംഗവുമായ വിനോദ് വര്‍മയെ അറസ്റ്റ് ചെയ്തത്. ഒരു മന്ത്രിയുടെ ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള അന്വേഷണം നടത്തിയതിന്റെ പേരിലായിരുന്നു ഇതെന്നാണ് പറയപ്പെടുന്നത്. ഇങ്ങനെ എത്രയെത്ര മാധ്യമ പ്രവര്‍ത്തകരാണ് ബി ജെ പി ഭരണത്തിന്‍ കീഴില്‍ അറസ്റ്റിനും പീഡനത്തിനും വിധേയരായത്.

എന്നാല്‍ അര്‍ണബിന്റെ അറസ്റ്റ് റിപ്പോര്‍ട്ടിംഗുമായി ബന്ധപ്പെട്ടതല്ല. ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായികിന്റെയും മാതാവിന്റെയും മരണവുമായി ബന്ധപ്പെട്ട കേസില്‍ ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് അറസ്റ്റ്. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആര്‍കിടെക്ചറല്‍- ഇന്റീരിയര്‍ ഡിസൈന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ അന്‍വയ് നായികിനെയും മാതാവ് കുമുദ് നായികിനെയും 2018 മെയിലാണ് അലിബാഗിലെ ഫാംഹൗസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അര്‍ണബ് ഗോസ്വാമി, ഐകാസ്റ്റ് എക്‌സ്-സ്‌കീമീഡിയ ഉടമ ഫിറോസ് ശേഖ്, സ്മാര്‍ട്ട് വര്‍ക്‌സ് ഉടമ നിതേഷ് സര്‍ദ എന്നിവര്‍ കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് എഴുതിയ ആത്മഹത്യാ കുറിപ്പ് പോലീസ് അവരുടെ സമീപത്ത് നിന്ന് കണ്ടെടുത്തിരുന്നു. ഫിറോസ് ശേഖ് നാല് കോടിയും അര്‍ണബ് ഗോസ്വാമി 83 ലക്ഷവും നിതേഷ് സര്‍ദ 55 ലക്ഷവും നല്‍കാനുണ്ടെന്നാണ് കുറിപ്പില്‍ പറയുന്നത്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ മഹാരാഷ്ട്ര പോലീസ് ആരോപണ വിധേയര്‍ക്കെതിരെ തെളിവ് കണ്ടെത്താനായില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിച്ചിരുന്നു. കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് അന്‍വയ് നായികിന്റെ മകള്‍ അതന്യ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം പുനരാരംഭിച്ചത്.

കേസില്‍ ബുധനാഴ്ച രാവിലെ എട്ട് മണിയോടെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മഹാരാഷ്ട്ര പോലീസ് ആവശ്യപ്പെട്ടെങ്കിലും അര്‍ണബ് നിസ്സഹകരിച്ചു. തുടര്‍ന്നാണ് മുംബൈയിലെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് കോടതി അദ്ദേഹത്തെ. ഇതുകൂടാതെ സോണിയാ ഗാന്ധിക്കും അതിഥി തൊഴിലാളികള്‍ക്കും എതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ കേസുകളും സന്യാസിമാരെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തില്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയത് സംബന്ധിച്ച കേസുകളും ടി ആര്‍ പി തട്ടിപ്പ് കേസും അര്‍ണബിനെതിരെ നിലവിലുണ്ട്. കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസ് സംഘത്തിലെ വനിതാ ഓഫീസറോട് അപമര്യാദയായി പെരുമാറിയതിന് പുതിയൊരു കേസ് കൂടി കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.

ആത്മഹത്യാ പ്രേരണാ കേസ് മാത്രമല്ല, അര്‍ണബിനെതിരായ ഉദ്ദവ് താക്കറെയുടെ രാഷ്ട്രീയ പകപോക്കല്‍ കൂടിയാണ് അറസ്റ്റിനു പിന്നിലെന്ന് ആരോപിക്കപ്പെടുന്നുണ്ട്. ശത്രുതയിലാണ് അടുത്തിടെയായി ഉദ്ദവ് താക്കറെയും അര്‍ണബ് ഗോസ്വാമിയും. ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തില്‍ റിപ്പബ്ലിക് ടി വി മഹാരാഷ്ട്ര സര്‍ക്കാറിനും മഹാരാഷ്ട്ര പോലീസിനുമെതിരെ കടുത്ത വിമര്‍ശം നടത്തിയതോടെ ശത്രുത തീവ്രവുമാണ്. ഇതിനു പിന്നാലെ ഉദ്ദവ് താക്കറെയെ അപമാനിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നതില്‍ പ്രതിഷേധിച്ച് റിപ്പബ്ലിക് ടി വി നെറ്റ് വര്‍ക്ക് ബഹിഷ്‌കരിക്കാന്‍ ശിവ കേബിള്‍ സേന കേബിള്‍ ഓപറേറ്റര്‍മാരോട് ആഹ്വാനം ചെയ്തിരുന്നു. മുംബൈയിലെ കേബിള്‍ ഓപറേറ്റര്‍മാര്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള സംഘടനയാണ് ശിവ കേബിള്‍ സേന. അതേസമയം, കേസുകളുപയോഗിച്ച് രാഷ്ട്രീയ വിരോധം തീര്‍ക്കുന്ന പ്രവണത രാജ്യത്ത് ഇതാദ്യമല്ല. എത്രയെത്ര പ്രതിപക്ഷ നേതാക്കളെയാണ് ബി ജെ പി സര്‍ക്കാറുകള്‍ വേട്ടയാടിയത്? കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കൂട്ടത്തോടെ കേരളത്തെ ലക്ഷ്യം വെച്ചതിനു പിന്നിലും മറ്റൊന്നല്ലല്ലോ.