Connect with us

Kerala

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  ഇ ഡിയും, എന്‍ ഐ എയും സി ബി ഐയും അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണ ഏജന്‍സികള്‍ പൊതുവില്‍ സ്വീകരിക്കേണ്ട പ്രൊഫഷണല്‍ മാനദണ്ഡങ്ങള്‍ അട്ടമറിച്ചാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏജന്‍സിക്ക് പുറത്തുളള ആളുകള്‍ അടുത്ത ഘട്ടത്തില്‍, അടുത്ത നിമിഷം, അടുത്ത ദിവസം എന്താണ് ചെയ്യാന്‍ പോകുന്നത്, എങ്ങനെയാണ് ഏജന്‍സി പോകുന്നത് എന്നത് സംബന്ധിച്ച മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുന്നു. അവര്‍ എന്താണോ പ്രഖ്യാപിക്കുന്നത് അതിനുസരിച്ച് അന്വേഷണ ഏജന്‍സികള്‍ അടുത്ത ദിവസം നീങ്ങുന്നു. മൊഴികളിലേയും മറ്റും ഭാഗങ്ങള്‍ ഓരോരുത്തരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് സെലക്ടീവായി മാധ്യമങ്ങല്‍ക്ക് ചോര്‍ത്തി നല്‍കുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളും അതിന്റെ അന്തസത്തയും ക്രമാതീതമായി ലംഘിക്കപ്പെടുമ്പോള്‍ ചിലത് പറയാതെ പറ്റില്ലെന്നു പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണ ഏജന്‍സികള്‍ക്കെതിരെ വിമര്‍ശനം തുടങ്ങിയത്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ അസ്ഥിരപ്പെടുത്തുന്നു കുറ്റകൃത്യങ്ങളെ പറ്റി സമഗ്രവും ഏകോപിതവുമായ അന്വേഷണം കേന്ദ്ര സര്‍ക്കാറിനോട് ആദ്യഘട്ടത്തില്‍ തന്നെ ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാറാണ്. ഇവര്‍ക്കാവശ്യമായ എല്ലാ സഹായസഹകരണങ്ങളും നല്‍കാമെന്ന് അറിയിക്കുകയും ചെയ്തു. അന്വേഷണം നിയമവഴികളിലൂടെ സഞ്ചരിക്കുമെന്ന ന്യായയുക്തമായ പ്രതീക്ഷയാണ് സ്വാഭാവികമായി സംസ്ഥാന സര്‍ക്കാറിനും ആ ഘട്ടത്തില്‍ ഉണ്ടായിരുന്നത്.

തുടക്കത്തില്‍ അന്വേഷണം അതിന്റേതായ രീതിയില്‍ നല്ല രീതിയില്‍ നടന്നു. എന്നാല്‍ ഏജന്‍സികളുടെ ഭാഗത്ത് നിന്ന് പിന്നീടുണ്ടായ ചില ഇടപെടലുകള്‍ പ്രതീക്ഷകള്‍ അസ്ഥാനത്തായിരുന്നുവെന്ന സംശയമുണര്‍ത്തുന്ന തരത്തിലായി. അന്വേഷണം പുരോഗമിക്കുമ്പോള്‍ എന്തെങ്കിലും വെളിച്ചത്താകുമോ എന്ന ഭയമാണ് സംസ്ഥാന സര്‍ക്കാറിനെ നയിക്കുന്നതെന്ന് വ്യാപകമായി പ്രചരണം അഴിച്ചുവിടുന്ന വിധത്തിലായി. അന്വേഷണം ഒരു ഏജന്‍സി സ്വകാര്യമായി നടത്തേണ്ട കാര്യമാണ് എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായ തലത്തിലേക്കാണ് നീങ്ങുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.