Connect with us

Kerala

സ്വര്‍ണക്കടത്ത്: റബിന്‍സിനെ ഇന്ന് എന്‍ ഐ എ കോടതിയില്‍ ഹാജരാക്കും

Published

|

Last Updated

കൊച്ചി | നയതന്ത്ര ബാജേഗ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പത്താം പ്രതിയും മുവാറ്റുപുഴ സ്വദേശിയുമായ റബിന്‍സിനെ ഇന്ന് എന്‍ ഐ എ കോടതിയില്‍ ഹാജരാക്കും. യു എ ഇയില്‍ നിന്ന് നാടുകടത്തിയ ഇയാളെ ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ചാണ് എന്‍ ഐ എ അറസ്റ്റ് ചെയ്തത്. ഇയാളും നേരത്തെ അറസ്റ്റിലായ റമീസും മൂന്നാം പ്രതി ഫൈസല്‍ ഫരീദും ചേര്‍ന്നാണ് സ്വപ്‌ന സുരേഷ് അടക്കുള്ളവരെ ഉപയോഗിച്ച് നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

കേസില്‍ യു എ ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാകണമെങ്കില്‍ റബിന്‍സിനെയും ഫൈസല്‍ ഫരീദിനെയും കസ്റ്റഡിയില്‍ കിട്ടണമെന്നായിരുന്നു എന്‍ ഐ എയുടെ നിലപാട്. കേസുമായി ബന്ധപ്പെട്ട് ആറ് പേര്‍ വിദേശത്തുണ്ടെന്നാണ് എന്‍ ഐ എ നേരത്തെ കോടതിയില്‍ വ്യക്തമാക്കിയത്. റബിന്‍സ് കസ്റ്റഡിയിലായതോടെ ഇനി അഞ്ച് പേരെയാണ് കണ്ടെത്താനുള്ളത്.

എന്‍ ഐ എ സംഘം യു എ യിയിലെത്തിയപ്പോള്‍ ഭരണകൂടം ഇരുവരെയും അറസ്റ്റ് ചെയ്തതായി അറിയിച്ചിരുന്നു. സ്വര്‍ണ കടത്ത് പിടിക്കപ്പെട്ടതു മുതല്‍ യു എ ഇ പോലീസിന്റെ നിരീക്ഷണത്തിലായിരുന്ന റബിന്‍സിനെ നാടുകടത്തുകയായിരുന്നു. കേസിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റിലായതോടെ കൂടുതല്‍ വെളിപ്പെടുത്തല്‍ ഉണ്ടായേക്കുമെന്നാണ് സൂചന.