ബൗളര്‍മാര്‍ മിന്നി; കൊല്‍ക്കത്തയെ എട്ടു വിക്കറ്റിന് തകര്‍ത്ത് ബെംഗളൂരു

Posted on: October 21, 2020 11:45 pm | Last updated: October 21, 2020 at 11:45 pm

അബൂദബി | ഐ പി എല്ലില്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന് അനായാസ ജയം. യു എ ഇയിലെ ശൈഖ് സായിദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ എട്ടു വിക്കറ്റിന്റെ ഗംഭീര വിജയമാണ് ബെംഗളൂരു സ്വന്തമാക്കിയത്. വെറും 84 റണ്‍സിന് കൊല്‍ക്കത്തയെ എറിഞ്ഞിട്ട ബെംഗളൂരു 39 പന്തുകള്‍ ശേഷിക്കെയാണ് ജയം നേടിയത്. നാല് ഓവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ കടപുഴക്കിയ മുഹമ്മദ് സിറാജാണ് കൊല്‍ക്കത്തയെ തകര്‍ത്തത്. തുടര്‍ച്ചയായി രണ്ട് മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞ് സിറാജ് റെക്കോഡ് സൃഷ്ടിക്കുകയും ചെയ്തു. യുസ്വേന്ദ്ര ചഹല്‍ രണ്ടു വിക്കറ്റ് നേടി. സൈനിയും വാഷിംഗ്ടണ്‍ സുന്ദറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ 14 പോയിന്റുമായി ബെംഗളൂരു പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി.

17 പന്തില്‍ 25 റണ്‍സെടുത്ത ദേവദത്ത് പടിക്കല്‍, ആരോണ്‍ ഫിഞ്ച് (21ല്‍ 16) എന്നിവരുടെ വിക്കറ്റുകളാണ് ബെംഗളൂരുവിന് നഷ്ടമായത്. 26 പന്തില്‍ 21 റണ്‍സുമായി ഗുര്‍കീരത് സിംഗ് മാനും 17ല്‍ 18 റണ്‍സ് നേടി നായകന്‍ വിരാട് കോഹ്ലിയും ടീമിനെ വിജയതീരത്തെത്തിച്ചു.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തക്ക് മൂന്നു റണ്‍സെടുക്കുമ്പോഴേക്കും മൂന്നു വിലപ്പെട്ട വിക്കറ്റുകള്‍ നഷ്ടമായി. 34 പന്തില്‍ 30 റണ്‍സെടുത്ത ഇയോണ്‍ മോര്‍ഗനാണ് കൊല്‍ക്കത്ത നിരയില്‍ അല്‍പമെങ്കിലും പൊരുതി നിന്നത്. ശുഭ്മന്‍ ഗില്‍ (1), രാഹുല്‍ ത്രിപാഠി (1), നിതീഷ് റാണ (0), ടോം ബാന്റണ്‍ (10), ദിനേശ് കാര്‍ത്തിക് (4), പാറ്റ് കമ്മിന്‍സ് (4) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന.