Connect with us

Editorial

ഇറാനെതിരായ ഉപരോധം നീങ്ങുമ്പോള്‍

Published

|

Last Updated

ഒരു പതിറ്റാണ്ടായി ഇറാനു മേല്‍ ഏര്‍പ്പെടുത്തിയിരുന്ന യു എന്‍ ഉപരോധം ഞായറാഴ്ച അവസാനിച്ചതോടെ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ആശങ്കയിലാണ്. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ആയുധ ഇടപാട്, ഇറാനിലെ സൈനികര്‍ക്കും റവല്യൂഷനറി ഗാര്‍ഡ് അംഗങ്ങള്‍ക്കും പുറം രാജ്യങ്ങളിലേക്കുള്ള യാത്ര എന്നിവക്ക് ഐക്യരാഷ്ട്ര രക്ഷാസമിതി വിലക്കേര്‍പ്പെടുത്തിയത്. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം ചൂണ്ടിക്കാട്ടി 2010ലാണ് ഉപരോധം പ്രഖ്യാപിച്ചത്.

ഉപരോധം നീട്ടണമെന്ന് രണ്ട് മാസം മുമ്പ് ജി സി സി രാഷ്ട്രങ്ങള്‍ ഐക്യരാഷ്ട്ര സഭക്ക് കത്ത് നല്‍കിയിരുന്നു. അയല്‍ രാജ്യങ്ങള്‍ക്കെതിരെ ഇറാന്‍ പലവിധേനയും അക്രമങ്ങള്‍ തുടര്‍ന്നു വരികയാണ്. വിവിധ ഗ്രൂപ്പുകള്‍ വഴിയും നേരിട്ടുമെല്ലാം അക്രമം നടത്തുന്നു. മേഖലയിലെ സമാധാനത്തിന് കടുത്ത ഭീഷണിയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. തീവ്രവാദ, വര്‍ഗീയ സംഘടനകള്‍ക്ക് ആയുധ, സാമ്പത്തിക സഹായം നല്‍കുന്നത് ഇറാന്‍ അവസാനിപ്പിക്കുന്നതു വരെ ഉപരോധം തുടരണമെന്നും അതിനു മുമ്പേ വിലക്ക് നീക്കിയാല്‍ മേഖലയില്‍ സംഘര്‍ഷം വര്‍ധിക്കാന്‍ ഇടയാക്കുമെന്നും സഊദി അറേബ്യ, യു എ ഇ, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്വര്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നു നല്‍കിയ കത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. യമനിലെ ഹൂത്തികളെ ഉപയോഗിച്ച് സഊദിക്കു നേരേ ഇറാന്‍ നടത്തുന്ന മിസൈലാക്രമണം ചൂണ്ടിക്കാട്ടി ഉപരോധം നീട്ടണമെന്ന് സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സഊദി മന്ത്രിസഭയും ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

ഉപരോധം അനിശ്ചിതമായി നീട്ടണമെന്ന നിലപാടിലായിരുന്നു അമേരിക്കയും. ഈ ആവശ്യമുന്നയിച്ച് ആഗസ്റ്റില്‍ യു എന്നില്‍ പ്രമേയം അവതരിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ, പ്രമേയം പരാജയപ്പെട്ടു. 15 അംഗ യു എന്‍ സമിതിയില്‍ ഒമ്പത് വോട്ട് വേണം പ്രമേയം പാസ്സാകാന്‍. എന്നാല്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക് മാത്രമാണ് പ്രമേയത്തെ അനുകൂലിച്ചത്. റഷ്യയും ചൈനയും എതിര്‍ത്തു. ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മന്‍ ഉള്‍പ്പെടെ 11 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. 2015ല്‍ ഒപ്പ് വെച്ച ആണവ കരാറില്‍, അണുവായുധങ്ങള്‍ നിര്‍മിക്കില്ലെന്ന് ഇറാന്‍ ഉറപ്പ് നല്‍കിയിരിക്കെ ഇനിയും ഉപരോധം തുടരുന്നത് ന്യായമല്ലെന്ന പക്ഷക്കാരാണ് ഈ രാജ്യങ്ങള്‍. അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുമായാണ് അന്ന് ഇറാന്‍ കരാറിലെത്തിയത്. എന്നാല്‍ 2018ല്‍ അമേരിക്ക കരാറില്‍ നിന്ന് പിന്‍വാങ്ങി. ഐക്യരാഷ്ട്ര സഭയുടെ 75 വര്‍ഷത്തെ ചരിത്രത്തില്‍ അമേരിക്കക്ക് സംഭവിച്ച ഏറ്റവും വലിയ നാണക്കേടായിരുന്നു ഇറാനെതിരായ പ്രമേയത്തിന്റെ ദയനീയ പരാജയം. ഇറാന്റെ ആണവ പദ്ധതി, ബാലിസ്റ്റിക് മിസൈലുകള്‍, മധ്യപൂര്‍വേഷ്യയിലെ ഇറാന്റെ സ്വാധീനം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് ഉപരോധം നീട്ടാന്‍ ആവശ്യപ്പെട്ടിരുന്നത്. സമാധാനപരമായ കാര്യങ്ങള്‍ക്കു വേണ്ടിയാണ് തങ്ങളുടെ ആണവ പദ്ധതിയെന്നും ആണവായുധ നിര്‍മാണം അജന്‍ഡയിലില്ലെന്നുമാണ് ഇറാന്റെ നിലപാട്.

ഉപരോധ കാലത്ത് ഇറാന് ഇതര രാഷ്ട്രങ്ങളില്‍ നിന്ന്‌ ആയുധങ്ങള്‍ വാങ്ങാനോ ശേഖരിക്കാനോ സാധിക്കുമായിരുന്നില്ല. ഉപരോധം നീങ്ങിയതോടെ കൂടുതല്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടാനാകും. ഇത് പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ധിക്കാനിടയാക്കുമോ എന്ന് ഗള്‍ഫ് രാഷ്ട്രങ്ങള്‍ ആശങ്കിക്കുന്നു. അതേസമയം, ഇറാന്റെ ഇന്നത്തെ സാമ്പത്തിക സ്ഥിതിയില്‍, പെട്ടെന്ന് ആയുധ ഇറക്കുമതിക്ക് തുനിയില്ലെന്നാണ് വാഷിംഗ്ടണിലെ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷനല്‍ സ്റ്റഡീസ് വിലയിരുത്തല്‍. വര്‍ഷങ്ങളായുള്ള ഉപരോധത്തെ തുടര്‍ന്ന് ഇറാന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമാണ്. കൊവിഡ് വ്യാപനവും രാജ്യത്തെ സമ്പദ്ഘടനയെ തളര്‍ത്തിയിട്ടുണ്ട്. പശ്ചിമേഷ്യയില്‍ കൊവിഡ് ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച രാജ്യമാണ് ഇറാന്‍. ഈ പ്രതികൂല സാഹചര്യങ്ങള്‍ ഇറാന്റെ വരുമാനത്തില്‍ 20 ശതമാനത്തിന്റെ ഇടിവിന് ഇടയാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം.

ഇത് പ്രതിരോധ രംഗത്ത് ചെലവ് ഗണ്യമായി ചുരുക്കാന്‍ നിര്‍ബന്ധിതമാക്കും. തത്കാലം പ്രതിരോധ ബജറ്റ് ബാലിസ്റ്റിക് മിസൈല്‍, ആണവ പദ്ധതികള്‍, ഹിസ്ബുല്ല, ഹൂത്തികള്‍ തുടങ്ങിയ സഖ്യകക്ഷികള്‍ക്കുള്ള വിഹിതം എന്നിവയില്‍ ഒതുക്കാനാണ് സാധ്യത. മാത്രമല്ല, അമേരിക്കയുടെ ഇറാന്‍ വിരുദ്ധ നീക്കം പൂര്‍വോപരി ശക്തമായിരിക്കെ, വന്‍ ശക്തികള്‍ ഉടനൊന്നും ഇറാന് ആയുധം നല്‍കാനുള്ള സാധ്യതയും കുറവാണ്.
അതേസമയം, ഈ പരിതാവസ്ഥയിലും അറബ് മേഖലയില്‍ സ്വാധീനം ശക്തിപ്പെടുത്താന്‍ ഇറാന്‍ നടത്തുന്ന ശ്രമങ്ങള്‍ തുടരാനാണ് സാധ്യത. മക്കയും മദീനയും ഉള്‍ക്കൊള്ളുന്ന പ്രദേശമെന്ന നിലയില്‍ ഇസ്‌ലാമിക ലോകത്ത് സഊദി അറേബ്യക്കുള്ള സ്വാധീനം ഇല്ലാതാക്കി മേഖലയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ഇറാന്റെ കരുനീക്കങ്ങള്‍ 1979ലെ “ഇസ്‌ലാമിക വിപ്ലവ”ത്തോടെ ഊര്‍ജിതമാണ്. ഇറാഖ് അധിനിവേശത്തെ തുടര്‍ന്ന് സദ്ദാം ഹുസൈന്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടത് ഇക്കാര്യത്തില്‍ അവര്‍ക്ക് ഏറെ സഹായകവുമായി. മേഖലയില്‍ ഇറാന്റെ കടുത്ത എതിരാളിയും പേടിസ്വപ്‌നവുമായിരുന്നു സദ്ദാം ഹുസൈന്‍. യമനിലെ ഹൂത്തികളെ ഉപയോഗിച്ച് സഊദിക്കെതിരെ ഇറാന്‍ നടത്തുന്ന ഒളിയുദ്ധം മേഖലയില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ഒളിയജന്‍ഡയുടെ ഭാഗമാണ്.

സഊദിയിലെ എണ്ണ സംഭരണ കേന്ദ്രങ്ങള്‍ക്കും അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്കും നേരേ ഹൂത്തികള്‍ തുടരെ തുടരെ തൊടുത്തുവിടുന്ന മിസൈലുകള്‍ ഇറാന്‍ നിര്‍മിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സിറിയ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളിലും വിമതരെ ഉപയോഗിച്ച് സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമമുണ്ട്. ഇറാന്റെ ദീര്‍ഘദൂര മിസൈലുകള്‍ ലോകത്തെ മികച്ച മിസൈലുകളുടെ ഗണത്തില്‍ പെട്ടതാണ്. ചാവേര്‍ ഡ്രോണുകള്‍ അടക്കമുള്ള ആളില്ലാ വിമാനങ്ങളും ഇറാന്റെ വശമുണ്ട്. ഇതോടൊപ്പം കൂടുതല്‍ ആയുധ ശേഖരണത്തിനു കൂടി ഇറാന് അവസരമൊത്താല്‍ അയല്‍ രാഷ്ട്രങ്ങള്‍ കൂടുതല്‍ പ്രതിരോധത്തിലാകും.

Latest