ശിവശങ്കറിന്റെ അറസ്റ്റ് 23 വരെ തടഞ്ഞ് ഹൈക്കോടതി

Posted on: October 19, 2020 2:44 pm | Last updated: October 19, 2020 at 8:05 pm

കൊച്ചി | മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം
ശിവശങ്കറിനെ ഈമാസം 23 വരെ അറസ്റ്റ് ചെയ്യുന്നത് വിലക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവ്. ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹരജിയിലാണ് നടപടി. തുടര്‍ച്ചയായ ചോദ്യം ചെയ്യലും യാത്രയും ആരോഗ്യത്തെ ബാധിച്ചുവെന്നും കഴിഞ്ഞ വെള്ളിയാഴ്ച കസ്റ്റംസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെന്നും ശിവശങ്കര്‍ ജാമ്യ ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

താന്‍ രാഷ്ട്രീയക്കളിയുടെ ഇരയാണെന്നും തന്നെ ആശുപത്രിയില്‍ നിന്നിറക്കാനും നിയമ വ്യവസ്ഥയെ അട്ടിമറിക്കാനും കസ്റ്റംസ് ശ്രമിക്കുകയാണെന്നും ശിവശങ്കര്‍ ആരോപിച്ചു. എന്നാല്‍, ശിവശങ്കര്‍ രാഷ്ട്രീയം കളിക്കുകയാണെന്നാണ് കസ്റ്റംസ് ആരോപിക്കുന്നത്. അദ്ദേഹം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് അധികൃതര്‍ പറയുന്നു. അതിനിടെ, ശിവശങ്കറിന്റെ ആരോഗ്യനില സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായുള്ള മെഡിക്കല്‍ ബോര്‍ഡ് യോഗം പുരോഗമിക്കുകയാണ്.