അക്കിത്തം: കവിയും കാവിയും

Posted on: October 17, 2020 5:00 am | Last updated: October 18, 2020 at 8:03 am

‘അരിവെപ്പോന്റെ തീയില്‍ച്ചെ-
ന്നീയാംപാറ്റ പതിക്കയാല്‍
പിറ്റേന്നിടവഴിക്കുണ്ടില്‍ –
കാണ്മൂ ശിശുശവങ്ങളെ.
കരഞ്ഞു ചൊന്നേന്‍ ഞാനന്ന്
ഭാവി പൗരനോടിങ്ങനെ;
“വെളിച്ചം ദുഃഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം’
എന്ന് അര നൂറ്റാണ്ട് മുമ്പ് എഴുതിയ, മലയാള കവിതയില്‍ ആധുനികതക്ക് അടിത്തറ പാകിയ കവികളിലൊരാളാണ് അക്കിത്തം അച്യുതന്‍ നമ്പൂതിരി. ആത്മസ്പര്‍ശിയായ അനുഭവങ്ങളാണ് എക്കാലത്തുമദ്ദേഹം കവിതയിലൂടെ ആവിഷ്‌കരിച്ചത്. ആദ്യ കാല കവിതകളില്‍ മാനവികതയുടെ മഹത്വം കാത്തുസൂക്ഷിക്കാനുള്ള വെമ്പല്‍ ഉയര്‍ന്ന അളവില്‍ കാണാം. ഭൗതികവും ആത്മീയവുമായ സകല ചൂഷണങ്ങളെയും നഖശിഖാന്തം എതിര്‍ക്കുന്ന ഒട്ടേറെ കവിതകള്‍ ആദ്യ കാലത്തദ്ദേഹം രചിച്ചിട്ടുണ്ട്. മാനവികതയിലൂന്നി നിന്നുള്ള ആത്മീയതയും ആഴത്തിലുള്ള ദാര്‍ശനികതയും ആദ്യ കാല അക്കിത്തം കവിതകളുടെ മുഖമുദ്രയാണ്. സ്‌നേഹത്താല്‍ നിര്‍മിക്കപ്പെടേണ്ടതാണ് ജീവിതം എന്ന മഹനീയ ദര്‍ശനം അദ്ദേഹം ഓരോ കവിതയിലൂടെയും ഓര്‍മിപ്പിച്ചു. എന്നാല്‍ കവി സച്ചിദാനന്ദന്‍ സൂചിപ്പിച്ചതു പോലെ, അക്കിത്തത്തിന്റെ വ്യക്തി രാഷ്ട്രീയവും അയാളുടെ കവിതയും പ്രത്യയശാസ്ത്രപരമായി പൊരുത്തപ്പെടുന്നതായിരുന്നില്ല. കവിതയിലെ അക്കിത്തം ഒരു ലിബറല്‍ ഹ്യൂമനിസ്റ്റ് ആയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ അത്യന്തം പ്രതിലോമപരവും.

ആദ്യ കാലത്ത് ഇ എം എസ്, വി ടി ഭട്ടതിരിപ്പാട്, പ്രേംജി തുടങ്ങിയ നമ്പൂതിരി സമുദായ പരിഷ്‌കര്‍ത്താക്കളോടൊപ്പം നവോത്ഥാന സംരംഭങ്ങളില്‍ പങ്കാളിയായിരുന്നു അക്കിത്തം. 1946 മുതല്‍ മൂന്ന് കൊല്ലം നമ്പൂതിരി നവോത്ഥാന ജിഹ്വയായ ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായിട്ടുണ്ട്. ഉണ്ണിനമ്പൂതിരിയിലൂടെ സമുദായ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയ അദ്ദേഹം മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. യോഗക്ഷേമ സഭ എന്ന നമ്പൂതിരി പരിഷ്‌കരണ പ്രസ്ഥാനത്തില്‍ യൗവന കാലത്ത് അദ്ദേഹം സജീവ അംഗമായിരുന്നു.

നമ്പൂതിരി പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ വി ടി ഭട്ടതിരിപ്പാടായിരുന്നു അക്കിത്തത്തിന്റെ ഗുരുനാഥന്‍. ആഢ്യത്വവും ജന്മിത്തവും സംബന്ധം എന്ന അസംബന്ധ വ്യവസ്ഥയും തൊട്ട് സവര്‍ണ ബ്രാഹ്മണ മേല്‍ക്കോയ്മാ വ്യവസ്ഥ സൃഷ്ടിച്ച സകലവിധ അത്യാചാരങ്ങളെയും കടപുഴക്കിയെറിഞ്ഞ് കൊടുങ്കാറ്റു പോലെ കടന്നുപോയവരുടെ കൂടെ അക്കിത്തം എന്ന ഉണ്ണിനമ്പൂതിരിയുമുണ്ടായിരുന്നു.

ആദ്യ കാലത്ത് കമ്മ്യൂണിസ്റ്റുകാരുമായി അടുത്ത സഹവര്‍ത്തിത്വമുണ്ടായിരുന്നു അക്കിത്തത്തിന്. എന്നാല്‍ കല്‍ക്കത്താ തീസിസിലെ “ഹിംസാ സിദ്ധാന്ത’ത്തോടുള്ള എതിര്‍പ്പ് കാരണമാണ് താന്‍ കമ്മ്യൂണിസത്തില്‍ നിന്നകന്നത് എന്നദ്ദേഹം ഒരഭിമുഖത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഗുജറാത്തിലടക്കം സംഘ്പരിവാരം നടത്തിയ വന്‍ നരഹത്യകളില്‍ അദ്ദേഹം നിശ്ശബ്ദനായിരുന്നു.

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേരോട്ടമുണ്ടാക്കിയ ജന്മിത്ത വിരുദ്ധ കാര്‍ഷിക കലാപങ്ങളോടുള്ള വിയോജിപ്പ് അക്കിത്തം “സായുധ വിപ്ലവത്തിന്റെ ദുരിതപര്‍വം’ എന്ന ലേഖനത്തില്‍ വളച്ചുകെട്ടില്ലാതെ പറയുന്നുണ്ട്:

“ബി ടി രണദിവെയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സായുധ വിപ്ലവം തുടങ്ങിയ ആ കാലം. കേരളത്തിന്റെ വടക്കേത്തലക്കല്‍ കാവുമ്പായി, കരിവെള്ളൂര്‍, മുനയങ്കുന്ന് മുതലായ പ്രദേശങ്ങളിലാണ് പാവപ്പെട്ട അമ്മമാരെയും കുട്ടികളെയും സായുധ വിപ്ലവകാരികള്‍ ശാരീരികമായ അക്രമണങ്ങള്‍ക്ക് വിധേയമാക്കിയത്. ഒന്നോ രണ്ടോ ആഴ്ചകളല്ല ആ അക്രമം തുടര്‍ന്നത്.. വേദനാ ജനകമായിരുന്ന ഈ സംഭവത്തെ ആസ്പദമാക്കി അക്കിത്തം ഇതൊരു കവിതയാക്കണമെന്ന് ശാസ്ത്ര ശര്‍മന്‍ കരിക്കാട് പലകുറി അന്ന് മുതല്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു. അപ്പോഴൊന്നും ഞാന്‍ കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. പക്ഷേ, ആ സംഭവ പരമ്പരകള്‍ എന്നിലേല്‍പ്പിച്ച ആഘാതം “ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്ന പേരില്‍ 1951ല്‍ എഴുതിയ കവിതയില്‍ പുറത്തുവരിക തന്നെ ചെയ്തു. (ഭാഷാ പോഷിണി, 2010 മെയ് ലക്കം) “ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്ന കവിത പ്രസിദ്ധീകരിച്ചതോടെ ഇ എം എസ് മുതല്‍ തായാട്ട് ശങ്കരന്‍ അടക്കമുള്ളവര്‍ അക്കിത്തത്തിന്റെ നിലപാടു മാറ്റത്തെ തുറന്നു കാട്ടി.

വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്ന വരികള്‍ എഴുതിയ കാലത്ത് നമ്മുടെ സാമൂഹിക- രാഷ്ട്രീയ- സാംസ്‌കാരിക മണ്ഡലങ്ങള്‍ അത്രമേല്‍ ഇരുള്‍ മൂടിയിരുന്നില്ല. സ്ഥിതി സമത്വാധിഷ്ഠിതമായ ഒരു പുതു ലോകം കിനാവ് കാണുന്നവര്‍ അന്നേറെയായിരുന്നു. സോഷ്യലിസ്റ്റ് ആശയങ്ങള്‍ ഉദയം ചെയ്യുന്ന ഒരു പുത്തന്‍ പ്രഭാതത്തിനായി അനേക ലക്ഷം മനുഷ്യര്‍ കാത്തിരുന്ന കാലമായിരുന്നു അത്. അതിനാല്‍ പുരോഗമന പക്ഷത്ത് നിലയുറപ്പിച്ചവര്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നതായിരുന്നില്ല അക്കിത്തത്തിന്റെ നിലപാട്. കൃത്യമായി പറഞ്ഞാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തോടെയാണ് അക്കിത്തത്തില്‍ ദിശാമാറ്റം പ്രകടമാകുന്നത്. കവിയിലെ പുരോഗമനക്കാരന്‍ അതോടെ തമസ്സിന്റെ ശക്തികളുടെ പ്രിയപ്പെട്ട കവിയായി മാറിത്തുടങ്ങി. അക്കിത്തത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക നിലപാടുകള്‍ അറു പിന്തിരിപ്പനായി മാറുന്നതാണ് പിന്നീട് സാംസ്‌കാരിക ലോകം കണ്ടത്.

നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന നമ്പൂതിരി നവോത്ഥാനാശയത്തിന്റെ വക്താവായിരുന്ന അക്കിത്തം പിന്നീട് സവര്‍ണ ജീര്‍ണതകളെ താലോലിക്കുന്നവരോടൊപ്പം അണിചേര്‍ന്നു. അതിരാത്രം മുതലുള്ള പല ജീര്‍ണതകളുടെയും അനുകൂലിയായി. ഇടക്കാലത്തദ്ദേഹം ഗാന്ധിയനായി വേഷമിടുകയും ഗാന്ധിയെപ്പറ്റി കവിതയെഴുതുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പിന്നീട് ഗാന്ധിയില്‍ നിന്ന് ഗാന്ധി ഘാതകരുടെ സാംസ്‌കാരിക സംഘടനയുടെ നേതൃനിരയിലേക്ക് ഒരു മനഃസ്താപവുമില്ലാതെ പോകുന്ന കാഴ്ചയാണ് സാംസ്‌കാരിക ലോകം കണ്ടത്.

സംഘ്പരിവാറിന്റെ സാംസ്‌കാരിക സംഘടനയായ തപസ്യയുമായി തനിക്ക് 1984 മുതല്‍ തന്നെ ബന്ധമുണ്ട് എന്നദ്ദേഹം ഒരഭിമുഖത്തില്‍ വ്യക്തമാക്കുകയുണ്ടായി. മൂന്നര പതിറ്റാണ്ടുകാലം തപസ്യയുടെ ജീവാത്മാവും പരമാത്മാവുമായിരുന്നു അക്കിത്തം എന്ന് തപസ്യയുടെ അനുശോചനക്കുറിപ്പില്‍ ഇന്നലെ സൂചിപ്പിക്കുകയുണ്ടായി.

തീര്‍ച്ചയായും അക്കിത്തത്തിന്റെ ഭൂതകാലത്തെ റദ്ദ് ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ അവസാനകാല നിലപാടുകള്‍. “ആര്‍ എസ് എസ് എന്ന ആദര്‍ശ സംഘടനയെ തള്ളിപ്പറഞ്ഞു കൊണ്ട് ഇന്ത്യയില്‍ നില്‍ക്കുക എളുപ്പമല്ല’ എന്നാണദ്ദേഹത്തിന്റെ ഒരഭിപ്രായം.

ഭഗവദ്ഗീത വായിച്ച് ഉള്‍ക്കൊണ്ടവരായിരിക്കണം പ്രധാനമന്ത്രിമാരാകേണ്ടത് എന്ന ആഗ്രഹം അക്കിത്തം പങ്കുവെക്കുന്നുണ്ട് പ്രധാനമന്ത്രി എന്ന കവിതയില്‍.

അക്കിത്തത്തെ പറ്റിയും അദ്ദേഹത്തിന്റെ ഹിന്ദുത്വ ബന്ധത്തെക്കുറിച്ചും ജന്മഭൂമി ഈയിടെ എഴുതിയത് ഇങ്ങനെ: “എഴുത്തുകാരന്റെ ചേരി സര്‍ഗാത്മകതയുടേതാണെന്ന് ഉറക്കെ പ്രഖ്യാപിച്ച് കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ അക്കിത്തത്തിന്റെ നേതൃത്വത്തില്‍ തപസ്യ നടത്തിയ സാംസ്‌കാരിക തീര്‍ഥയാത്ര മഹാകവിയിലെ സാമൂഹിക, സാംസ്‌കാരിക നായകന്റെ തിരനോട്ടമായിരുന്നു. പക്ഷമില്ലാത്തവന്റെ പക്ഷം ഉയര്‍ത്തിപ്പിടിച്ച രചനകളും നിലപാടുകളും കാരണം പലപ്പോഴും പലരും അവഗണിക്കാന്‍ പരിശ്രമിച്ചിട്ടും അക്കിത്തം പ്രതിഭ കൊണ്ട് പ്രശസ്തിയുടെ ഹിമാലയം താണ്ടി. പത്മശ്രീ, മൂര്‍ത്തീദേവി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, സഞ്ജയന്‍ പുരസ്‌കാരം, വയലാര്‍, വള്ളത്തോള്‍, ആശാന്‍ അവാര്‍ഡുകള്‍, ഓടക്കുഴല്‍ പുരസ്‌കാരം, ആര്‍ഷദര്‍ശന പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ മഹാകവിയെ തേടിയെത്തിയിട്ടുണ്ട്. ജന്മഭൂമിയുടെ ലെജന്‍ഡ്സ് കേരള പുരസ്‌കാരമായിരുന്നു അവസാനമായി മഹാകവി അക്കിത്തം സ്വീകരിച്ചത്. ഇപ്പോള്‍ ജ്ഞാനപീഠവും. എന്നും സത്യത്തിന്റെയും ധര്‍മത്തിന്റെയും പക്ഷത്ത് നിന്ന കവിയാണ് അക്കിത്തം. താന്‍ അന്നും ഇന്നും കമ്മ്യൂണിസ്റ്റാണെന്ന് വിമര്‍ശകരുടെ മുഖത്തു നോക്കി അദ്ദേഹം മറുപടി നല്‍കി. കമ്മ്യൂണിസ്റ്റായതു കൊണ്ടാണ് തനിക്ക് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം രചിക്കാനായത്. പക്ഷേ, താന്‍ പഠിച്ച കമ്മ്യൂണിസം വിദേശികളില്‍ നിന്നായിരുന്നില്ല. ഭാരതത്തില്‍ നിന്ന് തന്നെയായിരുന്നു. വേദത്തില്‍ നിന്നാണ് താന്‍ കമ്മ്യൂണിസം പഠിച്ചത്. മറ്റുള്ള ജീവി വംശങ്ങളെയും അവശരെയും വിശക്കുന്നവരെയും സ്നേഹിക്കാനും അവരുടെ കണ്ണീരൊപ്പാനും പഠിപ്പിച്ചത് വേദമാണ്. ഭാരതീയ സംസ്‌കാരത്തിലധിഷ്ഠിതമാണ് തന്റെ കമ്മ്യൂണിസം. ഭാരതത്തില്‍ നിന്ന് വേറിട്ട ഒന്നിനെയും താന്‍ സ്നേഹിക്കുന്നില്ല. നമ്മുടേതായ സംസ്‌കാരവും വേദങ്ങളും പറയുന്നതില്‍ നിന്ന് വലുതായി മറ്റൊന്നുമില്ല. ഭാരതീയ സാംസ്‌കാരിക മൂല്യങ്ങളെയും ഭാരതീയ പാരമ്പര്യത്തെയും കുറിച്ചാണ് അക്കിത്തം എപ്പോഴും സംസാരിക്കുന്നത് എന്നതും കവിയുടെ ന്യൂനതയായി. അദ്ദേഹം ഇടതോ വലതോ കക്ഷിചേര്‍ന്ന് നടന്നിരുന്നെങ്കില്‍ പുരസ്‌കാരങ്ങള്‍ കൊണ്ട് കുമരനല്ലൂരിലെ ദേവായനം നിറയുമായിരുന്നു.’ ഹിറ്റ്‌ലറുടെ കാലത്ത് ഫാസിസ്റ്റ് അനുകൂലിയായ എഴുത്തുകാരനായിരുന്നു എസ്രാപൗണ്ട്. എഴുത്തുകാരന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സ്ഥാനത്തെ ആരും ചോദ്യം ചെയ്യാറില്ല. എന്നാല്‍ രാഷ്ട്രീയ നിലപാടുകള്‍ അങ്ങേയറ്റം പിന്തിരിപ്പനായിരുന്നു. ഈയൊരു അര്‍ഥത്തില്‍ മലയാളത്തിന്റെ എസ്രാപൗണ്ടായിരുന്നു മഹാകവി അക്കിത്തം.