സാഹോദര്യ പരസ്യത്തിനെതിരെ സംഘ്പരിവാർ ആക്രമണവും ബഹിഷ്‌കരണാഹ്വാനവും; പരസ്യം പിന്‍വലിച്ച് തനിഷ്ഖ്

Posted on: October 13, 2020 2:08 pm | Last updated: October 13, 2020 at 3:36 pm

മുംബൈ | തനിഷ്ഖ് ജ്വല്ലറി പുറത്തിറക്കിയ പരസ്യത്തിനെതിരെ വ്യാപക വിദ്വേഷ പ്രചാരണവും ബഹിഷ്‌കരണാഹ്വാനവും. ഇതിനെ തുടര്‍ന്ന് പരസ്യം ജ്വല്ലറി പിന്‍വലിച്ചു. വിദ്വേഷ പ്രചാരണത്തിനെതിരെ രാഷ്ട്രീയ നേതാക്കളായ ശശി തരൂര്‍, അഭിഷേക് സിംഗ്‌വി അടക്കമുള്ളവര്‍ രംഗത്തുവന്നു.

ബൊയ്‌കോട്ട് തനിഷ്ഖ് എന്ന ഹാഷ്ടാഗ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ട്രന്‍ഡിംഗായിരുന്നു. മിശ്രവിവാഹിതരായ ഒരു കുടുംബത്തിന്റെ ബേബി ഷവറാണ് പരസ്യത്തിന്റെ ഉള്ളടക്കം. ഏകത്വം എന്നതായിരുന്നു പ്രമേയം. എന്നാല്‍, പരസ്യം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന പറഞ്ഞാണ് വിദ്വേഷ പ്രചാരണം കൊടുമ്പിരി കൊണ്ടത്.

ഈ പരസ്യത്തിന് തനിഷ്ഖിനെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനത്തിനെതിരെ കോണ്‍ഗ്രസ് എം പി ശശി തരൂര്‍ രൂക്ഷമായി വിമര്‍ശിച്ചു. സുന്ദരമായ പരസ്യത്തിലൂടെ ഹിന്ദു- മുസ്ലിം മൈത്രിയെ ഉയര്‍ത്തിക്കാണിക്കുന്ന തനിഷ്ഖ് ജ്വല്ലറിയെ ബഹിഷ്‌കരിക്കാന്‍ ഹിന്ദുത്വ ഭ്രാന്തന്മാര്‍ ആഹ്വാനം ചെയ്തിരിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഹിന്ദു- മുസ്ലിം ഏകത്വം അവരെ അത്ര അലോസരപ്പെടുത്തുന്നുണ്ടെങ്കില്‍, ഹിന്ദു- മുസ്ലിം ഐക്യത്തിന്റെ ലോകത്തെ തന്നെ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന മുദ്രയായ ഇന്ത്യയെ എന്തുകൊണ്ട് അവര്‍ ബഹിഷ്‌കരിക്കുന്നില്ല?- തരൂര്‍ ചോദിച്ചു.

അഭിഷേക് സിംഗ്‌വി, ദേശീയ വനിതാ കമ്മീഷന്‍ മുന്‍ അംഗം ഷമീന ശഫീഖ് അടക്കമുള്ളവരും വിദ്വേഷ പ്രചാരണത്തിനെതിരെ രംഗത്തുവന്നു.

ALSO READ  സ്വന്തം ഭാര്യയോട് ഈ ക്രൂരത പാടില്ലായിരുന്നു; കോലിയോട് ഡോ. സുൽഫി നൂഹു