Connect with us

Editorial

നൊബേല്‍ സമ്മാനം ലോകത്തിന്റെ വിശപ്പടക്കുമോ?

Published

|

Last Updated

മനുഷ്യനടക്കമുള്ള എല്ലാ ജന്തുജാലങ്ങളും അനുഭവിക്കുന്ന ഏറ്റവും കഠിനമായ യാഥാര്‍ഥ്യത്തെ ചര്‍ച്ചയുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നുവെന്നതാണ് ഇത്തവണത്തെ സമാധാന നൊബേല്‍ പുരസ്‌കാരത്തെ പ്രസക്തമാക്കുന്നത്. ലോക ഭക്ഷ്യ പരിപാടി (വേള്‍ഡ് ഫുഡ് പ്രോഗ്രാം)യെ തിരഞ്ഞെടുത്തത് വഴി, ഒരിക്കല്‍ കൂടി കുടുസ്സായ രാഷ്ട്രീയത്തില്‍ കുടുങ്ങിപ്പോകുമായിരുന്ന പുരസ്‌കാരത്തെ തത്കാലം രക്ഷിച്ചിരിക്കുന്നു. രോഗഭീതിയുടെ ഈ കടും കാലത്തും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെപ്പോലെ ഒരാളെയാണ് ആഘോഷിക്കുന്നതെങ്കില്‍ നൊബേല്‍ പുരസ്‌കാര സമിതി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിശ്വാസ്യതാ നഷ്ടം അനുഭവിക്കേണ്ടി വരുമായിരുന്നു. വിശപ്പാണ് ഇത്തവണ പ്രമേയവത്കരിച്ചിരിക്കുന്നത്. കൊവിഡ് മഹാമാരിയുടെ താണ്ഡവത്തില്‍ സ്വന്തം ജീവിതോപാധികളില്‍ നിന്ന് എടുത്തെറിയപ്പെട്ട കോടിക്കണക്കായ മനുഷ്യരെക്കുറിച്ച് സംസാരിക്കാന്‍ ഈ പുരസ്‌കാരം അവസരം നല്‍കുന്നു. കൊവിഡ് മഹാമാരി മിക്ക രാജ്യങ്ങളിലെയും സാമ്പത്തിക സ്ഥിതിയില്‍ കനത്ത ആഘാതമുണ്ടാക്കുമെന്ന് യു എന്‍ വികസന പദ്ധതിയും (യു എന്‍ ഡി പി) ഓക്‌സ്ഫഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇനിഷ്യേറ്റീവും (ഒ പി എച്ച് ഐ) ചേര്‍ന്ന് 75 രാജ്യങ്ങളില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നുണ്ട്. 70 വികസ്വര രാജ്യങ്ങളില്‍ ഇപ്പോഴത്തെ സാഹചര്യം വലിയ തോതില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും പോഷകാഹാര ലഭ്യതയില്‍ 36 വര്‍ഷം കൊണ്ടുണ്ടാക്കിയ നേട്ടങ്ങള്‍ ഇല്ലാതാകാനിടയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

ആ അര്‍ഥത്തില്‍ മനുഷ്യരാശി ഇപ്പോള്‍ രോഗത്തിനെതിരെ മാത്രമല്ല പോരാടുന്നത്, പട്ടിണിക്കെതിരെ കൂടിയാണ്. ഈ പോരാട്ടത്തില്‍ മനുഷ്യരുടെ വലിയ ഐക്യനിര ഉയര്‍ന്നു വരേണ്ടതാണ്. ഇത്തരമൊരു ചിന്തക്ക് പ്രചോദനമേകാന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് ലഭിക്കുന്ന ആദരം ഉപകരിക്കും. യു എന്നിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ പ്രമുഖ ജീവകാരുണ്യ സംഘടനയാണ് ഡബ്ല്യു എഫ് പി. 1961 ഡിസംബര്‍ 19ന് സ്ഥാപിതമായ സംഘടന 83 രാജ്യങ്ങളിലായി ഓരോ വര്‍ഷവും നൂറ് കോടിയോളം ജനങ്ങളിലേക്ക് സഹായം എത്തിക്കുന്നുണ്ട്. റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനക്ക് നിലവില്‍ എണ്‍പതോളം രാജ്യങ്ങളില്‍ ഓഫീസുണ്ട്. കൊവിഡിന് മെഡിക്കല്‍ വാക്‌സിന്‍ കണ്ടെത്തും വരെ, ഭക്ഷണമാണ് ഏറ്റവും നല്ല വാക്‌സിന്‍ എന്നാണ്, ലോക ഭക്ഷ്യ പദ്ധതിയെ പ്രകീര്‍ത്തിച്ച് നൊബേല്‍ സമിതി വിലയിരുത്തിയത്. 2030 ആകുമ്പോഴേക്ക് ലോകത്തു നിന്ന് പട്ടിണി പൂര്‍ണമായി തുടച്ചുനീക്കാന്‍ 2012ല്‍ അന്നത്തെ യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ സീറോ ഹംഗര്‍ ചലഞ്ച് എന്ന പദ്ധതി ആവിഷ്‌കരിച്ചിരുന്നു. 2020 ആയിട്ടും അത് എങ്ങുമെത്തിയിട്ടില്ല. ഈ ദിശയില്‍ ശക്തമായ ചുവടുകള്‍ വെക്കാന്‍ ലോക രാജ്യങ്ങള്‍ക്ക് സാധിക്കേണ്ടതാണ്.

ഇവിടെ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ക്രൂരമായ വിവേചനത്തിന്റെയും വിഭവ വിതരണത്തിലെ അസന്തുലിതാവസ്ഥയുടെയും ഉത്പന്നമാണ് പട്ടിണി. ഒരു വശത്ത് അമിത ഭക്ഷണം മൂലം മനുഷ്യര്‍ രോഗികളായിക്കൊണ്ടിരിക്കുന്നു. അവിടെ ഭക്ഷണം പാഴ് വസ്തുവായി നശിപ്പിക്കുന്നു. മറുവശത്ത് “ഉപ്പു കല്ലിനായ് ഉരിയരിച്ചോറി”നായി മനുഷ്യര്‍ കേഴുന്നു. വിശാലമായ കൃഷിയിടങ്ങളുള്ള ഏഷ്യാ പെസഫിക് മേഖലയിലാണ് ലോകത്തെ പട്ടിണിക്കാരുടെ മൂന്നില്‍ രണ്ടും അധിവസിക്കുന്നത്. ഇവിടെ അഞ്ച് വയസ്സിന് താഴെയുള്ള നാലില്‍ ഒരു കുട്ടി പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. ഭക്ഷണ പദാര്‍ഥങ്ങള്‍ ഉത്പാദിപ്പിക്കാത്തതല്ല പ്രശ്‌നം. അത് വാങ്ങാന്‍ പട്ടിണിക്കാര്‍ക്ക് ശേഷി ഇല്ലാതെ പോകുന്നുവെന്നതാണ് സത്യം. ബ്രിട്ടീഷ് ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ക്ഷാമമായ ബംഗാള്‍ ക്ഷാമത്തെ കുറിച്ച് പഠിച്ച് അമര്‍ത്യാ സെന്‍ നടത്തിയ ഒരു നിരീക്ഷണമുണ്ട്. ടണ്‍ കണക്കിന് ഭക്ഷണം കൂട്ടിവെച്ച ഗോഡൗണുകള്‍ക്ക് മുമ്പില്‍ മനുഷ്യര്‍ പട്ടിണികിടന്ന് മരിച്ചു വീഴുകയായിരുന്നുവെന്നാണ് സെന്‍ പറയുന്നത്. മുഴുവന്‍ മനുഷ്യരുടെയും ആവശ്യത്തിനുള്ളത് ഭൂമിയിലുണ്ട്. ആര്‍ത്തിക്കുള്ളതില്ല എന്നാണല്ലോ ഗാന്ധിജിയുടെ വാക്കുകള്‍.

ലോകത്തെ തീറ്റിപ്പോറ്റുകയെന്നത് കൂറ്റന്‍ ബിസിനസായി മാറിയിരിക്കുന്നു. ബഹുരാഷ്ട്ര കമ്പനികളാണ് ലോകം എന്ത് തിന്നണമെന്ന് തീരുമാനിക്കുന്നത്. ക്രാഫ്റ്റ്, കോണ്‍ആഗ്ര, കാര്‍ഗില്‍, പെപ്‌സികോ തുടങ്ങിയ കമ്പനികള്‍ ലോകത്തെവിടെ വിളയുന്ന ധാന്യത്തിന്റെയും ഉടമകളായി മാറുന്നു. വലിയ സംഭരണ ശേഷിയുണ്ടവര്‍ക്ക്. കര്‍ഷകര്‍ക്ക് അതില്ല. ദരിദ്ര, അവികസിത രാഷ്ട്രങ്ങളിലെ സര്‍ക്കാറുകള്‍ക്കാകട്ടെ അത്തരം സംവിധാനങ്ങള്‍ രൂപപ്പെടുത്താന്‍ താത്പര്യവുമില്ല.

വിളവെടുപ്പിന്റെ ഘട്ടത്തില്‍ മൊത്തമായി, തുച്ഛ വിലക്ക് ഇത്തരം കമ്പനികള്‍ വാങ്ങിക്കൂട്ടുന്നു. മണ്ണില്‍ പണിയെടുത്തവന്‍ നിസ്സഹായനാണ്. കാത്തിരിക്കാന്‍ അവന് സാധ്യമല്ല. വിലപേശാനുള്ള ശക്തിയില്ല. ഇങ്ങനെ കുത്തകകള്‍ വാങ്ങിക്കൂട്ടുന്ന ധാന്യങ്ങള്‍ ക്ഷാമ കാലത്ത് കഴുത്തറപ്പന്‍ വിലക്ക് തിരിച്ച് കമ്പോളത്തില്‍ എത്തുന്നു. ഒരു വശത്ത് കൃഷിക്കാരന്റെ അധ്വാനം മൂല്യരഹിതമാകുന്നു. മറുവശത്ത് അവന്‍ ഉണ്ടാക്കുന്ന ഉത്പന്നങ്ങള്‍ പോലും വാങ്ങാന്‍ സാധിക്കാത്ത വിധം വിപണി അവന് അപ്രാപ്യമായിത്തീരുന്നു.

ഇത്തരം ചൂഷണാത്മക വ്യവസ്ഥിതികളെ മുഴുവന്‍ ചോദ്യം ചെയ്തുകൊണ്ട് മാത്രമേ പട്ടിണിക്കെതിരായ പോരാട്ടം മുന്നോട്ട് കൊണ്ടുപോകാനാകുകയുള്ളൂ. അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ സ്വന്തം വീട്ടില്‍ ഉണ്ണാന്‍ മനസ്സുവരാത്ത മനുഷ്യരുണ്ടാകണം. സമ്പന്നന്‍ വീണ്ടും സമ്പന്നനായിക്കൊണ്ടിരിക്കുകയും ദരിദ്രന്‍ പിന്നെയും പിന്നെയും ദരിദ്രനാകുകയും ചെയ്യുന്ന സാമ്പത്തിക വ്യവസ്ഥ നിലനില്‍ക്കുമ്പോള്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിനെപ്പോലുള്ളവര്‍ക്ക് ജോലി കൂടും. പുരസ്‌കാര ദാനം തുടരേണ്ടി വരും. അതല്ല വേണ്ടത്. പട്ടിണിയില്ലാത്ത ഒരു ലോകത്തിലേക്കുള്ള പ്രത്യാശയാകട്ടെ ഈ നൊബേല്‍.

Latest