Connect with us

Covid19

ജാഗ്രതൈ! കറന്‍സിയിലും ഫോണിലും കൊറോണവൈറസ് 28 ദിവസം വരെ നിലനില്‍ക്കുമെന്ന് പഠനം

Published

|

Last Updated

ലണ്ടന്‍ | ആഗോളവ്യാപകമായി ലക്ഷക്കണക്കിന് പേരുടെ മരണത്തിനിടയാക്കിയ കൊവിഡ് 19 മഹാമാരി കൂടുതല്‍ അപകടകാരിയെന്ന് വ്യക്തമാക്കുന്ന ഗവേഷണ ഫലങ്ങള്‍ പുറത്ത്. ഫോണിലും, കറന്‍സിയിലും, സ്‌റ്റെയിന്‍ലസ് സ്റ്റീലിലും കൊറോണ വൈറസ് 28 ദിവസം വരെ സജീവമായി നിലനില്‍ക്കുമെന്ന് ആസ്ത്രേലിയന്‍ നാഷണല്‍ സയന്‍സ് ഏജന്‍സിയുടെ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇരുട്ടില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. 20 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലാണ് വൈറസ് ഇത്രയും ദിവസം സജീവമായി നിലകൊണ്ടത്.

ഉപരിതലങ്ങളിലൂടെ കൊവിഡ് 19 വ്യാപനം നടക്കുന്നുവെന്ന സംശയം ബലപ്പെടുത്തുന്നതാണ് പുതിയ കണ്ടെത്തല്‍. നേരത്തെ നടത്തിയ പരീക്ഷണങ്ങളില്‍ കറന്‍സിയിലും ഗ്ലാസിലും മൂന്ന് ദിവസം വരെയും പ്ലാസ്റ്റിക്, സ്റ്റീല്‍ പ്രതലങ്ങളില്‍ ആറ് ദിവസം വരേയും മാത്രമേ വൈറസ് നിലനില്‍ക്കൂ എന്നാണ് കണ്ടെത്തിയിരുന്നത്. എന്നാല്‍ പുതിയ പഠനം വ്യക്തമാക്കുന്നത് വൈറസ് പ്രതീക്ഷതിലഉം ശക്തമാണ് എന്നാണ്. കൊറോണ വൈറസിന് ഒരേ സാഹചര്യത്തില്‍ 17 ദിവസം വരെ നിലനില്‍ക്കാനാകുമെന്നും പഠനങ്ങളില്‍ വ്യക്തമാകുന്നുണ്ട്. ഉപരിതലങ്ങളില്‍ വൈറസ് എത്രകാലം നിലനില്‍ക്കുന്നു എന്ന് സ്ഥാപിക്കപ്പെടുന്നതിലൂടെ വൈറസിന്റെ വ്യാപനശേഷി സംബന്ധച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

കൂടുതല്‍ താപനിലയില്‍ വൈറസിന് അതിജീവിക്കാന്‍ സാധിക്കില്ലെന്ന് പഠനത്തില്‍ പറയുന്നു. 40 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ള പ്രതലത്തില്‍ 24 മണിക്കൂറിനുള്ളില്‍ വൈറസ് നിര്‍ജീവമായതായി ഗവേഷകര്‍ വ്യക്തമാക്കി. തണുത്ത താപനിലയില്‍ സ്റ്റെയിന്‍ലെസ് സ്റ്റീലില്‍ നിലനില്‍ക്കാനുള്ള വൈറസിന്റെ ശേഷി, ഇറച്ചി സംസ്‌കരണത്തിലും കോള്‍ഡ് സ്റ്റോറേജ് ഫെസിലിറ്റിയിലും കോവിഡ്-19 പൊട്ടിപ്പുറപ്പെടുന്നതിന് കാരണമായി ഗവേഷകര്‍ പറയുന്നു. ലോകമെമ്പാടുമുള്ള ഇറച്ചി സംസ്‌കരണ ഫാക്ടറികളിലും അറവുശാലകളിലും ആയിരക്കണക്കിന് തൊഴിലാളികള്‍ കൊവിഡ് പോസിറ്റീവായത് ഇതിന് ബലം നല്‍കുന്നുണ്ട്.

അതേസമയം, ആസ്‌ത്രേലിയന്‍ ഗവേഷകരുടെ പഠനത്തെ തളളി കാര്‍ഡിഫ് യൂനിവേഴസിറ്റിയിലെ വിദഗ്ധര്‍ രംഗത്ത് വന്നു. 28 ദിവസം വൈറസ് ഉപരിതലങ്ങളില്‍ നിലനില്‍ക്കുമെന്ന് പറയുന്നത് പൊതുജനങ്ങളില്‍ ഭയം ഉണ്ടാക്കുകയേ ഉള്ളൂവെന്ന് കാര്‍ഡിഫ് യൂണിവേഴ്‌സിറ്റി മുന്‍ ഡയറക്ടര്‍ കോമണ്‍ കോള്‍ഡ് സെന്റര്‍ പ്രൊഫസര്‍ റോണ്‍ എക്കിള്‍സ് പറഞ്ഞു. മനുഷ്യരുടെ ശ്ലേഷ്മത്തെ വൈറസിന്റെ വാഹകരായി ഈ പഠനത്തില്‍ വിലയിരുത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Latest