Connect with us

Editorial

ഐ എം എ: വിമര്‍ശത്തിലും കരുതലാകാം

Published

|

Last Updated

കേരളത്തിലെ ആരോഗ്യ മേഖലയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐ എം എ) പ്രസ്താവനക്കെതിരെ സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എയും രംഗത്തു വന്നിരിക്കുന്നു. സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് പുഴുവരിച്ചുവെന്ന ഐ എം എ പരാമര്‍ശം കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരെ വല്ലാതെ വേദനിപ്പിച്ചതായി കെ ജി എം ഒ എ ഭാരവാഹികള്‍ പറഞ്ഞു. വ്യക്തി, കുടുംബ പ്രശ്‌നങ്ങളെല്ലാം മാറ്റി വെച്ചും പരിമിതികളില്‍ തളരാതെയും കൊവിഡ് പ്രതിരോധ രംഗത്ത് അഹോരാത്രം സേവനം ചെയ്യുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യുന്നതും മനോവീര്യം കെടുത്തുന്നതുമാണ് ഈ പരാമര്‍ശമെന്ന് കെ ജി എം ഒ എ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ചാക്കോ ചൂണ്ടിക്കാട്ടി. പുറത്തുനിന്ന് കാഴ്ച കാണുന്നവര്‍ക്ക് വിമര്‍ശിക്കാനെളുപ്പമാണ്. കേരളത്തിലെ ആരോഗ്യ മേഖലയെയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും അടുത്തറിഞ്ഞും വസ്തുനിഷ്ഠമായി മനസ്സിലാക്കിയും വേണമായിരുന്നു ഉത്തരവാദപ്പെട്ട ഒരു സംഘടന അഭിപ്രായ പ്രകടനം നടത്താന്‍. ആശുപത്രികളിലും എഫ് എല്‍ ടി സികളിലും മാത്രമല്ല, വീട്ടില്‍ കഴിയുന്ന രോഗികള്‍ക്കും സേവനവുമായി ഓടിയെത്തുന്നുണ്ട് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. ദിനംപ്രതി നൂറോളം ആരോഗ്യ പ്രവര്‍ത്തകരാണിപ്പോള്‍ കൊവിഡ് ബാധക്ക് ഇരയാകുന്നത്. എന്നിട്ടും തങ്ങള്‍ സേവനത്തില്‍ ഒരു വീഴ്ചയും വരുത്തുന്നില്ലെന്നും കെ ജി എം ഒ എ വ്യക്തമാക്കി.

അതിരൂക്ഷമായ വിമര്‍ശമാണ് സംസ്ഥാന ആരോഗ്യ വകുപ്പിനെതിരെ കഴിഞ്ഞ ദിവസം ഐ എം എ നടത്തിയത്. രാഷ്ട്രീയ നേട്ടം ലക്ഷ്യമാക്കി, ആരോഗ്യ വിദഗ്ധരെ മൂലക്കിരുത്തി ഉദ്യോഗസ്ഥ മേധാവികളാണ് സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സര്‍ക്കാറിന്റെ പല നടപടികളും ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നു. ഊണും ഉറക്കവും വീടും കുടുംബവും ഉപേക്ഷിച്ച് ജോലി നിര്‍വഹിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ സാലറി ചലഞ്ചില്‍ പെടുത്തിയും നിരീക്ഷണ അവധി റദ്ദാക്കിയും അധിക ജോലി അടിച്ചേല്‍പ്പിച്ചും കണ്ണീര്‍ കുടിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാറിന്റെ കെടുകാര്യസ്ഥതക്കും നിരുത്തരവാദിത്വത്തിനും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകര്‍ ബലിയാടാകുകയാണ്. കൊവിഡ് ഇതര രോഗികളെ സര്‍ക്കാര്‍ കൈയൊഴിയുന്നു… എന്നിങ്ങനെ നീളുന്നു ഐ എം എയുടെ കുറ്റപ്പെടുത്തലുകള്‍. ആരോഗ്യ വകുപ്പില്‍ പുഴുവരിച്ചതായും, തിരുവനന്തപുരത്ത് കൊവിഡ് രോഗിയെ പുഴുവരിച്ചതിനെ തുടര്‍ന്ന് മൂന്ന് ആരോഗ്യ പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തിന്റെ കൂടി പശ്ചാത്തലത്തില്‍ നടത്തിയ പ്രസ്താവനയില്‍ ഐ എം എ കുറ്റപ്പെടുത്തി.

കുറ്റമറ്റതല്ല കേരളത്തിലെ ആരോഗ്യ മേഖലയും സര്‍ക്കാര്‍ ചികിത്സാ സംവിധാനങ്ങളും. വീഴ്ചകളും പോരായ്മകളും പരിമിതികളും ഈ രംഗത്ത് ധാരാളമുണ്ട്. എങ്കിലും ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് എത്രയോ ഭേദമാണ് ആരോഗ്യ രംഗത്ത് കേരളമെന്നത് പൊതുവെ അംഗീകരിക്കപ്പെട്ടതാണ്. സാമൂഹിക വ്യാപനത്തിലേക്ക് കടന്നതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായിട്ടുണ്ടെങ്കിലും കൊവിഡ് പ്രതിരോധത്തില്‍ മികച്ച പ്രവര്‍ത്തനമാണ് കേരളം ഇതുവരെ നടത്തി വന്നത്. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ കേരളത്തിന്റെ ഈ രംഗത്തെ നേട്ടം പ്രശംസിക്കപ്പെടുകയുണ്ടായി. ആരോഗ്യ വിദഗ്ധരെ മാറ്റി നിര്‍ത്തി ഉദ്യോഗസ്ഥ മേധാവികളാണ് കൊവിഡ് പ്രതിരോധ മേഖല നിയന്ത്രിക്കുന്നതെന്ന ആരോപണം ബാലിശമാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാര്‍ച്ചിലും സെപ്തംബറിലും സര്‍ക്കാര്‍ ആരോഗ്യ വിദഗ്ധരുടെ യോഗം വിളിക്കുകയും അവരുടെ നിര്‍ദേശങ്ങളും ഉപദേശങ്ങളും തേടുകയും ചെയ്തിരുന്നു. ഐ എം എയുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു ഈ യോഗങ്ങളില്‍. ഐ എം എ ഇടക്കിടെ സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങള്‍ വിദഗ്ധ സമിതി പരിഗണിക്കാറുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തുകയും ചെയ്തു. കൂട്ടായ പ്രവര്‍ത്തനമാണ് ഈ രംഗത്ത് സംസ്ഥാനത്ത് നടന്നു വരുന്നത്. കൊവിഡ് രോഗികളുടെ മരണ നിരക്ക് കുറക്കാനായതും രോഗം സുഖപ്പെടുന്നവരുടെ എണ്ണം ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നതുമെല്ലാം ഇതിന്റെ ഫലമാണ്. ഈയൊരു സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടതു പോലെ വസ്തുതാപരവും അര്‍ഹിക്കുന്നതുമായ വിമര്‍ശങ്ങള്‍ തന്നെയാണോ കേരളത്തിനെതിരെ തങ്ങളുന്നയിച്ചതെന്ന് ഐ എം എ ആത്മപരിശോധന നടത്തേണ്ടതാണ്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഐ എം എ ഇതാദ്യമല്ല കേരള സര്‍ക്കാറിനും ആരോഗ്യ വകുപ്പിനുമെതിരെ രംഗത്തു വരുന്നത്. നേരത്തേ കൊവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്നുകള്‍ വിതരണം നടത്തുന്ന സര്‍ക്കാര്‍ നടപടി സംഘടനയുടെ വിമര്‍ശത്തിനു വിധേയമായിരുന്നു. ഇതുപക്ഷേ ഹോമിയോ, ആയുര്‍വേദം പോലുള്ള ആയുഷ് ചികിത്സാ രീതികളോടുള്ള അലോപ്പതി വിഭാഗത്തിന്റെ വിരോധത്തിന്റെ ഭാഗമാണ്. മറ്റു ചികിത്സാ വിഭാഗങ്ങളെ ഈ രംഗത്തേക്ക് അടുപ്പിക്കരുതെന്ന നിലപാടാണ് ഐ എം എക്ക്. എന്നാല്‍ കൊവിഡ് പ്രതിരോധത്തിന് ആയുഷ് ചികിത്സാ വിഭാഗങ്ങളെയും പങ്കാളികളാക്കണമെന്നത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമാണ്. കേരളത്തിന്റെ സ്വയം തീരുമാനമല്ല. കൊവിഡിനെതിരെ സാധ്യമായതെല്ലാം ചെയ്യാന്‍ പ്രധാനമന്ത്രി ആയുഷ് മന്ത്രാലയത്തോട് ആവശ്യപ്പെടുകയും ചികിത്സാ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മാര്‍ച്ച് 31ന് ആയുഷ് മന്ത്രാലയം ആയുര്‍വേദം, ഹോമിയോ, യുനാനി, പ്രകൃതി വിഭാഗങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതടിസ്ഥാനത്തില്‍ പരീക്ഷിക്കപ്പെട്ട് വിജയകരമെന്നു കണ്ടതിന്റെ അടിസ്ഥാനത്തിലാണ് കേരള സര്‍ക്കാര്‍ പ്രതിരോധത്തിന് ഹോമിയോ മരുന്നുകള്‍ നല്‍കാന്‍ അനുമതി നല്‍കിയത്.

ആരോഗ്യ പരിപാലന രംഗത്ത് വീഴ്ചകളുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടേണ്ട ബാധ്യത ഐ എം എക്കുണ്ടെങ്കിലും അതിന് മാന്യമായ വഴികളുണ്ട്. ആദ്യം ഇക്കാര്യങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തണം. സര്‍ക്കാര്‍ ഭാഗത്തു നിന്ന് അത് പരിഹരിക്കാനുള്ള നടപടികളുണ്ടാകുന്നില്ലെങ്കിലാണ് പരസ്യ വിമര്‍ശവുമായി രംഗത്തു വരേണ്ടത്. ഇതിന് പകരം ആദ്യമേ തന്നെ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതും ദേശീയതലത്തില്‍ കേരളത്തിന് അപകീര്‍ത്തി സൃഷ്ടിക്കുന്നതുമായ തരത്തിലുള്ള വിമര്‍ശവുമായി രംഗത്തു വന്നത് ഐ എം എ പോലുള്ള സംഘടനക്ക് യോജിച്ചതായില്ല. ഇത് രണ്ടാം തരം രാഷ്ട്രീയക്കാരുടെ ശൈലിയും ഏര്‍പ്പാടുമാണ്.