Connect with us

National

എംഎല്‍എ മകളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചു; ഹേബിയസ് കോര്‍പ്പസുമായി പിതാവ് കോടതിയില്‍

Published

|

Last Updated

ചെന്നൈ | എഐഎഡിഎംകെ കലൂര്‍ച്ചി മണ്ഡലം എംഎല്‍എ പ്രഭു തന്റെ മകളെ തട്ടിക്കൊണ്ടുപോയി ബലമായി വിവാഹം കഴിച്ചുവെന്ന ആരോപണവുമായി തമിഴ്‌നാട്ടിലെ ക്ഷേത്ര പൂജാരി രംഗത്ത്. തമിഴ്നാട്ടിലെ കല്ലകുരിചിയിലെ പൂജാരിയാണ് പ്രഭുവിനെതിരെ കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തത്. തന്റെ 19കാരിയായ മകള്‍ സൗന്ദര്യയെ അന്യജാതിക്കാരനായ പ്രഭു തട്ടിക്കൊണ്ടുപോകുകയും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ വിവാഹം കഴിക്കുകയും ചെയ്തിരുന്നതായാണ് പരാതി. കേസ് മദ്രാസ് ഹൈക്കോടതി നാളെ പരിഗണിക്കും.

അതേസമയം, സൗന്ദര്യയും താനും പരസ്പര സമ്മതത്തോടെയാണ് വിവാഹിതരായതെന്നും ബലപ്രയോഗമോ തട്ടിക്കൊണ്ടുപോകലോ ഉണ്ടായിട്ടില്ലെന്നും പ്രഭു പ്രതികരിച്ചു. തങ്ങള്‍ കഴിഞ്ഞ നാല് മാസമായി പ്രണയത്തിലായിരന്നുവെന്നും വിവാഹശേഷം പോസ്റ്റ് ചെയ്ത വീഡിയോയില്‍ അദ്ദേഹം വ്യക്തമാക്കി.

തന്റെ കുടുംബവും താനും സൗന്ദര്യയുടെ കുടുംബത്തെ വിവാഹത്തിനായി സമീപിച്ചിരുന്നുവെങ്കിലും അവളുടെ കുടുംബം അനുഗ്രഹം നല്‍കാന്‍ വിസമ്മതിച്ചു. ഇതേ തുടര്‍ന്ന് തന്റെ മാതാപിതാക്കളുടെ അനുഗ്രഹത്തോടെ അവരുടെ സാന്നിധ്യത്തിലാണ് വിവാഹം നടന്നതെന്നും പ്രഭു പറയുന്നു.

കഴിഞ്ഞ നാലഞ്ച് മാസമായി താനും ഭര്‍ത്താവും പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ അദ്ദേഹം നിര്‍ബന്ധിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തില്ലെന്ന് സൗന്ദര്യയും വ്യക്തമാക്കി.

മിശ്ര ജാതി വിവാഹത്തില്‍ അതൃപ്തിയുള്ളതിനാലാണ് സൗന്ദര്യയുടെ കുടുംബം വിവാഹത്തെ എതിര്‍ത്തത്. വിവാഹം നടന്നതിനെ തുടര്‍ന്ന് സൗന്ദര്യയുടെ പിതാവ് പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും ദമ്പതികളുടെ വസതിയില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Latest