Connect with us

Articles

ജനാധിപത്യഹത്യ; പിറകെ പെരുങ്കള്ളങ്ങള്‍

Published

|

Last Updated

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് നമ്മുടേത്. പക്ഷേ, സെപ്തംബര്‍ 15ന് ലോകം അന്താരാഷ്ട്ര ജനാധിപത്യ ദിനം ആചരിച്ചപ്പോള്‍, ഈ രാജ്യത്തിന്റെ പാര്‍ലിമെന്റ് ജനാധിപത്യത്തെ കശാപ്പു ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു. ജനാധിപത്യം എന്ന വാക്ക് പോലും ഉച്ചരിക്കപ്പെടേണ്ട ഇടമല്ല ഇന്ത്യയുടെ പരമോന്നത നിയമനിര്‍മാണ സഭയെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കപ്പെട്ടു. കര്‍ഷകരുടെയും തൊഴിലാളികളുടെയും നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്ന കാര്‍ഷിക ബില്ലുകള്‍ അധികാരത്തിന്റെ ബലപ്രയോഗത്തിലൂടെ നിയമമാക്കിയെടുത്ത കറുത്ത ദിനങ്ങളാണ് കടന്നുപോയത്. പക്ഷഭേദമില്ലാതെ അംഗങ്ങളെ ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയുന്ന നേതാവെന്ന് പ്രധാനമന്ത്രിയുടെ സ്തുതിയേറ്റുവാങ്ങി ചുമതലയേറ്റ ഉപാധ്യക്ഷനാണ് ഈ ജനാധിപത്യക്കുരുതിക്ക് മുന്‍കൈയെടുത്തത് എന്നത് ലജ്ജിപ്പിക്കുന്നതാണ്. സഭ ക്രമത്തിലാക്കാനോ, അംഗങ്ങളുടെ നിയമപരമായ അവകാശങ്ങള്‍ ചെവിക്കൊള്ളാനോ നില്‍ക്കാതെ നിശ്ചയിച്ചതിന് എട്ട് ദിവസം മുമ്പേ സെഷന്‍ അവസാനിപ്പിക്കേണ്ടിവന്നു. അവകാശ നിഷേധത്തിനെതിരെ സ്വാഭാവികമായി ഉയര്‍ന്ന പ്രതിഷേധത്തെ അധികാരം കൊണ്ട് അടിച്ചമര്‍ത്തി. സഭയിലുയര്‍ന്ന പ്രതിഷേധം കര്‍ഷകരും മഹാ ഭൂരിപക്ഷം ജനങ്ങളും ഏറ്റെടുത്തപ്പോള്‍, നില്‍ക്കക്കള്ളിയില്ലാതെ പുതിയ വിശദീകരണവും “തെളിവുകളു”മായി രംഗത്തെത്തിയിരിക്കുകയാണ് രാജ്യസഭാ ഉപാധ്യക്ഷന്‍.
തിരിഞ്ഞു കൊത്തുന്ന
‘തെളിവുകള്‍”
ചട്ടപ്രകാരം പ്രവര്‍ത്തിക്കേണ്ട ചെയര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചട്ടുകമായി മാറിയ കാഴ്ചയാണ് കാര്‍ഷിക ബില്‍ അവതരണ വേളയില്‍ രാജ്യസഭ കണ്ടത്. അതിനെ മറച്ചുവെക്കാന്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന ദൃശ്യങ്ങളും മറ്റു “തെളിവു”കളും അവരെത്തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതുമാണ്. വോട്ടെടുപ്പ് വേണമെന്ന് നിരന്തരം ആവശ്യപ്പെട്ടെന്നും, അവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ടപ്പോള്‍ ഗത്യന്തരമില്ലാതെയാണ് പ്രതിപക്ഷാംഗങ്ങള്‍ പ്രതികരിക്കാന്‍ മുതിര്‍ന്നതെന്നും വ്യക്തമാക്കുന്നതാണ് ഈ വിഡിയോ ദൃശ്യങ്ങള്‍.
സഭ ക്രമത്തിലല്ലായിരുന്നെന്നും, നിരാകരണ പ്രമേയം അവതരിപ്പിച്ച ഈ ലേഖകന്‍ വോട്ടിംഗ് ആവശ്യപ്പെടുമ്പോള്‍ സീറ്റില്‍ ഉണ്ടായിരുന്നില്ലെന്നുമുള്ള വാദമുയര്‍ത്തുന്നത് രാജ്യസഭാ ടി വിയുടെ ദൃശ്യങ്ങളുടെ ചുവടുപിടിച്ചാണ്.
ഈ ദൃശ്യങ്ങളിലേക്കു തന്നെ വരാം. ബില്ലിന്‍മേല്‍ മന്ത്രിയുടെ മറുപടിക്കിടെ ഉച്ചതിരിഞ്ഞ് 1.06ന് ഈ ലേഖകന്‍ നടുത്തളത്തിലിറങ്ങിയതായി സി സി ടി വി ദൃശ്യങ്ങളില്‍ ഉണ്ടെന്നാണ് ഡെപ്യൂട്ടി ചെയര്‍മാന്‍ മാധ്യമങ്ങള്‍ക്കായി നല്‍കിയ കുറിപ്പില്‍ പറയുന്നത്. എന്നാല്‍ ഇതോടൊപ്പം പുറത്തുവിട്ട 1.07 മുതലുള്ള രാജ്യസഭാ ടി വി ദൃശ്യങ്ങളില്‍ നടുത്തളത്തില്‍ ഈ ലേഖകനില്ല. നടുത്തളത്തില്‍നിന്ന് തിരക്കിട്ട് സ്വന്തം ഇരിപ്പിടത്തിലെത്തിയെങ്കിലും 1.08ന് പ്രമയേം ശബ്ദവോട്ടോടെ തള്ളിയതായി ചെയര്‍ പ്രഖ്യാപിച്ചു. ശബ്ദവോട്ടെടുപ്പ് കഴിഞ്ഞാണ് ഡിവിഷന്‍ (വോട്ടെടുപ്പ്) ആവശ്യപ്പെടേണ്ടത്. ഡിവിഷന്‍ ആവശ്യപ്പെടുന്ന ഈ ലേഖകന്റെ ശബ്ദം “ന്യായീകരണ” വീഡിയോയില്‍ കേള്‍ക്കാന്‍ കഴിയും. തുടര്‍ന്ന് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യത്തിന്മേല്‍ വോട്ടെടുപ്പ് നടന്നപ്പോഴും വോട്ടിംഗ് ആവശ്യപ്പെട്ടു. സംഭവങ്ങളെ ന്യായീകരിക്കാന്‍ വേണ്ടി പുറത്തുവിട്ട വീഡിയോയില്‍ തന്നെ വോട്ട് ആവശ്യപ്പെടുന്ന ഈ ലേഖകന്റെ ശബ്ദം മൂന്ന് തവണ 1.08ന് ശേഷം വ്യക്തമായി കേള്‍ക്കാം. ടി എം സി നേതാവ് ഡെറിക് ഒബ്രിയന്‍ ചേംബറില്‍ കയറി കടലാസുകള്‍ വലിച്ചെറിയുന്നതും തിരുച്ചി ശിവ വോട്ട് ആവശ്യപ്പെടുന്നതുമായ ദൃശ്യത്തിനു ശേഷം 1.11ന് ഭേദഗതി അവതരിപ്പിക്കുന്ന ഈ ലേഖകന്റെ ദൃശ്യം കാണാം. “ഡിവിഷന്‍” എന്ന് ശബ്ദമുയര്‍ത്തുന്നതും കേള്‍ക്കാം. 1.15ന് സഭയുടെ മേശപ്പുറത്തുള്ള മിനിറ്റ്‌സും മറ്റും നശിപ്പിച്ചതായി വീഡിയോക്കൊപ്പമുള്ള വിശദീകരണക്കുറിപ്പില്‍ പറയുന്നുണ്ട്. എന്നാല്‍ 1.07നും 1.15നുമിടയില്‍, വോട്ടെടുപ്പ് ആവശ്യപ്പെട്ടത് ഉള്‍പ്പെടെ, സഭയില്‍ നടന്നതെന്തെന്ന് കുറിപ്പ് മൗനം പാലിക്കുന്നു. പ്രമേയ ഭേദഗതി അവതരിപ്പിച്ചവര്‍ സീറ്റിലിരുന്ന് വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ലെന്ന നുണ ആവര്‍ത്തിക്കാനാണ് വീഡിയോയും അതിന്റെ വിവരണവും പുറത്തുവിട്ടത്. എന്നാല്‍ വീഡിയോ കാണുന്ന ഏതൊരാള്‍ക്കും ഇതിലെ കള്ളം ബോധ്യപ്പെടും.
കാറ്റില്‍ പറത്തിയ
ചട്ടങ്ങള്‍
നിരാകരണ പ്രമേയം അവതരിപ്പിക്കാന്‍ ഈ ലേഖകനെ ക്ഷണിച്ചുവെന്നും അപ്പോള്‍ നടുത്തളത്തിലായിരുന്നുവെന്നുമാണ് ഉപാധ്യക്ഷന്റെ വാദം. ബില്ലിനെതിരെ നിരാകരണ പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷത്തിന് ഭരണഘടന (അനുഛേദം 123 (2) എ)യാണ് അവകാശം നല്‍കുന്നത്. ബില്‍ അവതരിപ്പിക്കുന്നതിനു മുമ്പാണ് പ്രമേയം അവതരിപ്പിക്കേണ്ടത്. ബില്ലും പ്രമേയവും ചര്‍ച്ച ചെയ്യുകയും പ്രമേയാവതാരകന് മറുപടിക്ക് അവസരം നല്‍കുകയും ചെയ്യും. വാസ്തവത്തില്‍ ചര്‍ച്ചക്കുള്ള മറുപടി പറയുന്നതിനാണ് ചെയര്‍ എന്നോട് ആവശ്യപ്പെട്ടത്. എന്നാല്‍ നിമിഷങ്ങള്‍ക്കകം സ്വന്തം ഇരിപ്പിടത്തിലെത്തിയപ്പോഴേക്കും പ്രമേയം വോട്ടിനിടുന്ന നടപടികളിലേക്ക് ചെയര്‍ കടന്നിരുന്നു. ശബ്ദവോട്ടോടെ പ്രമേയം തള്ളിയതായി പ്രഖ്യാപിച്ചു. തുടര്‍ന്ന് വോട്ടെടുപ്പ് ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. ശബ്ദവോട്ടിനു ശേഷമാണ് ഡിവിഷന്‍ ആവശ്യപ്പെടേണ്ടതെന്നാണ് ചട്ടം. ഇത് ചെയറിന് അറിയാത്തതല്ല. ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന ആവശ്യത്തിലെ വോട്ടെടുപ്പും നിഷേധിച്ചു. ഈ ഘട്ടത്തില്‍ മൂന്ന് തവണ ഡിവിഷന്‍ ആവശ്യപ്പെടുന്നതിന്റെ ശബ്ദം വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാനാകും.
ഗൂഢാലോചന മറക്കാന്‍
വിചിത്ര വാദങ്ങള്‍
പ്രമേയം അവതരിപ്പിച്ചാല്‍ അത് സഭയുടെ സ്വത്താണ്. അതില്‍ സഭയില്‍ ആര്‍ക്കും വോട്ടെടുപ്പ് ആവശ്യപ്പെടാമെന്ന് രാജ്യസഭാ ചട്ടം 252 (3), 4 (എ) എന്നിവ അനുശാസിക്കുന്നുണ്ട്. തിരുച്ചി ശിവ ഉള്‍പ്പെടെ ഒട്ടേറെ അംഗങ്ങള്‍ സീറ്റിലിരുന്ന് വോട്ടെടുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍, സഭയിലെ ബഹളം കാരണം പരിഗണിക്കാന്‍ കഴിഞ്ഞില്ലെന്ന വിചിത്ര വാദമാണുയര്‍ത്തുന്നത്. സഭ ക്രമത്തിലാക്കേണ്ടത് ചട്ടപ്രകാരം ചെയറിന്റെ ബാധ്യതയാണ്. അല്‍പ്പ സമയം നിര്‍ത്തിവെക്കുകയോ കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തുകയോ ചെയ്യാമായിരുന്നു.
കൊവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കാനായി ലോക്‌സഭയിലും രാജ്യസഭയിലുമിരുന്നാണ് അംഗങ്ങള്‍ സെഷനില്‍ പങ്കെടുത്തത്. സീറ്റ് നമ്പര്‍ പോലുമുണ്ടായിരുന്നില്ല. പിന്നെങ്ങനെ സ്വന്തം സീറ്റിലിരുന്ന് വോട്ടിംഗ് ആവശ്യപ്പെടും?
സഭയിലെ ഭൂരിപക്ഷം ഉപയോഗിച്ചും അധികാര ദുര്‍വിനിയോഗത്തിലൂടെയും ഏത് ജനവിരുദ്ധ ബില്ലും നിയമമാക്കാം എന്ന ഹുങ്കാണ് സഭയില്‍ കണ്ടത്. കൊവിഡ് ബാധിച്ച ചില അംഗങ്ങളുടെ അസാന്നിധ്യവും ചില സഖ്യകക്ഷികളുടെ പിന്‍മാറ്റവും കൊണ്ട് ഒരു പക്ഷേ വോട്ടെടുപ്പില്‍ പരാജയപ്പെട്ടേക്കാം എന്ന ഭയവും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. കോര്‍പറേറ്റുകള്‍ക്ക് കൊടുത്ത വാക്ക് പാലിക്കാന്‍ രാജ്യത്തെ കര്‍ഷകരെ മാത്രമല്ല, ജനാധിപത്യത്തെക്കൂടിയാണ് അവര്‍ കുരുതി കൊടുത്തത്. അതിന് മാപ്പില്ല. രാജ്യമെങ്ങും ജനദ്രോഹനയങ്ങള്‍ക്കെതിരെ പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു.

കെ കെ രാഗേഷ് എം പി

Latest