യു ഡി എഫ് ആള്‍കൂട്ട സമരങ്ങള്‍ നിര്‍ത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Posted on: September 28, 2020 12:24 pm | Last updated: September 28, 2020 at 4:28 pm

തിരുവനന്തപുരം | കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഇനി പ്രത്യക്ഷ സമരം യു ഡി എഫ് നിര്‍ത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക ബില്ലിനെതിരായി നടന്ന കോണ്‍ഗ്രസിന്റ രാജ്ഭവന്‍ മാര്‍ച്ചില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് രാജ്ഭവന് മുമ്പില്‍ നടക്കുന്നത് അവസാന പ്രത്യക്ഷ സമരമാണ്. ഇനി ആള്‍ക്കൂട്ടത്തെ പങ്കെടുപ്പിച്ച് പ്രത്യക്ഷ സമരം യു ഡി എഫ് നടത്തില്ല. ഘടകക്ഷികളുമായി ആലോചിച്ചാണ് തീരുമാനമെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന് സമരങ്ങള്‍ ഇടയാക്കുന്നുവന്ന എല്‍ ഡി എഫ് പ്രചാരണം ശക്തമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്റെ പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തില്‍ സമരങ്ങള്‍ക്ക് പങ്കുണ്ടെന്ന തരത്തില്‍ തെറ്റായ പ്രചാരണം നടക്കുകയാണ്. സര്‍ക്കാറിന്റെ വീഴ്ച മറച്ചുവെക്കാനാണ് ഇത്തരം പ്രചാരണങ്ങളെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി കെ പി സി സി പ്രസിഡന്‍ര് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ആരോഗ്യ നിയമങ്ങള്‍ പാലിച്ചുള്ള സമരങ്ങളാണ് ഇനി വേണ്ടത്. സമരങ്ങളുടെ കാര്യത്തില്‍ പനുര്‍ വിചിന്തനം നടത്തണം. യു ഡി എഫ് ഘടകക്ഷികളുമായെല്ലാം ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.