Connect with us

Kerala

സി എഫ് തോമസ് എം എല്‍ എ അന്തരിച്ചു

Published

|

Last Updated

കോട്ടയം | കേരള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും ചങ്ങനാശ്ശേരി എം എല്‍ എയുമായ സി എഫ് തോമസ് അന്തരിച്ചു. ഇന്ന് രാവിലെ 10ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. ദീര്‍ഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ഒമ്പത് തവണയാണ് ചങ്ങനാശ്ശേരിയില്‍ നിന്ന് സി എഫ് തോമസ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ അദ്ദേഹം 1980 മുതല്‍ എം എല്‍ എയാണ്. 2001 – 2006 കാലഘട്ടത്തില്‍ ഗ്രാമവികസന-രജിസ്‌ട്രേഷന്‍-ഖാദി വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചെയര്‍മാനാണ്. ഭാര്യ: കുഞ്ഞമ്മ. രണ്ട് മക്കളുണ്ട്.

കേരള കോണ്‍ഗ്രസിലെ വേറിട്ട വ്യക്തിത്വമായ തോമസ് വിവാദങ്ങളില്‍ കക്ഷി ചേരാത്ത ജന പ്രതിനിധിയായാണ് അറിയപ്പെടുന്നത്. കറകളഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഉടമയായിരുന്നു അദ്ദേഹം. ചങ്ങനാശ്ശേരിയില്‍ ജനിച്ച സി എഫ് തോമസ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് എത്തിയത്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ പ്രശസ്തനായി. സ്‌കൂള്‍ അധ്യാപക ജോലി അപേക്ഷിച്ചാണ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ആദ്യകാലത്ത് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം പിന്നീട് കേരള കോണ്‍ഗ്രസ് രൂപവത്ക്കരിച്ചപ്പോള്‍ പാര്‍ട്ടിയുടെ ചങ്ങനാശ്ശേരി മണ്ഡലം അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് പാര്‍ട്ടിയുടെ കോട്ടയം ജില്ലാ സെക്രട്ടറിയും സംസ്ഥാന ഭാരവാഹിയുമായി. കേരള കോണ്‍ഗ്രസ് എമ്മിന്റെ ജനറല്‍ സെക്രട്ടറിയായും ഇടക്കാലത്ത് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി അനുശോചിച്ചു
സി എഫ് തോമസിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിച്ച നേതാവായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Latest