Connect with us

Local News

'കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല': പാതയോരങ്ങളില്‍ പ്രതിഷേധ ജ്വാല ഉയര്‍ത്തി എസ് വൈ എസ് സമരം

Published

|

Last Updated

കരിപ്പൂരിന്റെ ചിറകരിയാന്‍ അ‌നുവദിക്കില്ല എന്ന ശീര്‍ഷകത്തില്‍ മലപ്പുറം മുതല്‍ കോഴിക്കോട് മുതലക്കുളം വരെ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പാതയോര സമരം മലപ്പുറത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് തുറാബ് അസ്സഖാഫി ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം | കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി മലപ്പുറം മുതല്‍ കോഴിക്കോട് മുതലക്കുളം വരെ 74 കിലോമീറ്ററില്‍ പാതയോര സമരം സംഘടിപ്പിച്ചു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് മലപ്പുറം ഈസ്റ്റ് ജില്ലയിലെ  36 കേന്ദ്രങ്ങളില്‍ 20 പേര്‍ വീതം അണിനിരന്നായിരുന്നു സമര പരിപാടികള്‍. വൈകീട്ട് അഞ്ചിന് ആരംഭിച്ച പരിപാടിയില്‍ കോഴിക്കോട് മുതലക്കുളത്ത് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫിയും മലപ്പുറത്ത്  സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫിയും ആദ്യ കണ്ണിയായി.

കോഴിക്കോട് വിമാനത്താവളം തകര്‍ക്കാനുള്ള ഗൂഢശ്രമങ്ങള്‍ക്കെതിരെ എസ് വൈ എസ്  സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരപരിപാടികളുടെ ഭാഗമായാണ് പാതയോര സമരം സംഘടിപ്പിച്ചത്. മലപ്പുറം – കോഴിക്കോട് ദേശീയ പാതയില്‍ മലപ്പുറം കുന്നുമ്മല്‍ മുതല്‍ പുളിക്കല്‍ പതിനൊന്നാം മൈല്‍ വരെയുള്ള കേന്ദ്രങ്ങളിലാണ് മലപ്പുറം ഈസ്റ്റ് ജില്ലയില്‍ പാതയോര സമരം നടന്നത്.

മലപ്പുറം കുന്നുമ്മലില്‍ എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി ഉദ്ഘാടനം ചെയ്തു. മലബാറിന്റെ വികസന മുഖമായ കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ തകര്‍ക്കാനുള്ള ശ്രമത്തില്‍ നിന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ പിന്മാറണമെന്നും നിസാര കാര്യങ്ങള്‍ ഊതിവീര്‍പ്പിച്ച് എയര്‍പോര്‍ട്ടിനെ ഇല്ലായ്മ ചെയ്യുന്നതിന് പകരം എയര്‍പോര്‍ട്ട് വികസനത്തിനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് തന്നെ വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്തുത എയര്‍പോര്‍ട്ട് തകര്‍ക്കാനുള്ള ഹിഡന്‍ അജണ്ടകളെ തിരിച്ചറിഞ്ഞ് ചെറുത്ത് തോല്‍പ്പിക്കാന്‍ മത-രാഷ്ട്രീയ-സംഘടനാ ഭേദമന്യേ എല്ലാവരും കൈക്കോര്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ഇ കെ മുഹമ്മദ് കോയ സഖാഫി അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം അബൂബക്കര്‍ പടിക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍മാരായ സിദ്ധീഖ് സഖാഫി പാലക്കാട്, എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി മുസ്തഫ കോഡൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി കെ പി ജമാല്‍ കരുളായി, എ പി ബഷീര്‍ ചെല്ലക്കൊടി, സിദ്ധീഖ് സഖാഫി എന്നിവര്‍ പ്രസംഗിച്ചു.

മലപ്പുറം ഈസ്റ്റ് ജില്ലയില്‍ മലപ്പുറം, മഞ്ചേരി സോണുകളുടെ നേതൃത്വത്തില്‍ കോട്ടപ്പടി, കിഴക്കേതല, വാറങ്ങോട്, കോണോമ്പാറ, ആലത്തൂര്‍പടി, മേല്‍മുറി 27, പൂക്കോട്ടൂര്‍, അറവങ്കര, അത്താണിക്കല്‍, വെള്ളുവമ്പ്രം, മോങ്ങം എന്നിവിടങ്ങളിലും കൊണ്ടോട്ടി, എടവണ്ണപ്പാറ, അരീക്കോട് സോണുകളുടെ നേതൃത്വത്തില്‍ വാലഞ്ചേരി, മൊറയൂര്‍, പോത്തുവെട്ടിപ്പാറ, മുസ്ലിയാരങ്ങാടി, കോളനിറോഡ് , കൊട്ടുക്കര, കോടങ്ങാട്, കുറുപ്പത്ത്, കൊണ്ടോട്ടി ഫതഹ്, കൊണ്ടോട്ടി സ്റ്റാര്‍ ജംഗ്ഷന്‍, കൊണ്ടോട്ടി ബസ് സ്റ്റാന്റ്, കൊണ്ടോട്ടി 17, തുറക്കല്‍, കൊളത്തൂര്‍, നീറ്റാണിമ്മല്‍, തലേക്കര, എന്നിവിടങ്ങളിലും പുളിക്കല്‍ സോണ്‍ നേതൃത്വത്തില്‍ കൊട്ടപ്പുറം, ആലുങ്ങല്‍, പുളിക്കല്‍, പെരിയമ്പലം, കുറിയേടം, ഐക്കരപ്പടി, കൈതക്കുണ്ട,  പതിനൊന്നാം മൈല്‍ എന്നിവിടങ്ങളിലും പാതയോര സമരങ്ങള്‍ നടന്നു.

Latest