Connect with us

National

ഡല്‍ഹി വംശഹത്യ: ഫേസ്ബുക്ക് ഇന്ത്യ മേധാവിക്കെതിരായ നടപടി നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി ഉത്തരവ്

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി വംശഹത്യയില്‍ ഫേസ്ബുക്കിന് പങ്കുണ്ടെന്ന് ആരോപിച്ച് ഡല്‍ഹി നിയമസഭാ സമിതി ഫേസ്ബുക്ക് ഇന്ത്യ വൈസ് ചെയര്‍പേഴ്‌സണും എംഡിയുമായ അജിത് മോഹന് എതിരെ സ്വീകരിച്ച നടപടികള്‍ക്ക് താത്കാലിക സ്‌റ്റേ. ഒക്‌ടോബര്‍ 15 വരെ തനിക്കെതിരായ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് അജിത് മോഹന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചു. ഹര്‍ജിയില്‍ ഡല്‍ഹി നിയമസഭാ സെക്രട്ടറിക്കും രാജ്യസഭാ, ലോക്‌സഭാ സെക്രട്ടറി ജനറലിനും ഡല്‍ഹി പോലീസിനും സുപ്രിം കോടതി നോട്ടീസ് നല്‍കുകയും ചെയ്തു. കേസ് വീണ്ടും ഒക്‌ടോബര്‍ 15ന് പരിഗണിക്കും.

അതേസമയം, അജിത് മോഹന് എതിരെ തിരുത്തല്‍ നടപടിള്‍ ഒന്നും സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് നിയമസഭാ സമിതി സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ഫേസ്ബുക്കിനെ പ്രതിയായി കാണുന്നില്ലെന്നും മറിച്ച് ദുരുപയോഗം ചെയ്യപ്പെട്ടുവെന്നാണ് വാദമെന്നും സമിതിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്‌വി വ്യക്തമാക്കി. സമിതി ഇന്ന് യോഗം ചേരാനിരിക്കെയാണ് സുപ്രിം കോടതി ഇടപെടലുണ്ടായത്. ഇതേ തുടര്‍ന്ന് യോഗം മാറ്റിവെച്ചതായും സമിതി അറിയിച്ചു.

മൗലികാവകാശങ്ങളുടെ ലംഘനമാണ് തനിക്ക് എതിരായ സമന്‍സ് എന്നും താന്‍ പൊതുസേവകന്‍ അല്ലെന്നും തന്റെത് അമേരിക്കന്‍ കമ്പനിയാണെന്നും അഭിഭാഷകനായ ഹരീഷ് സാല്‍വേ മുഖാന്തിരം നല്‍കിയ ഹര്‍ജിയില്‍ അജിത് മോഹന്‍ വ്യക്തമാക്കി.

ഡല്‍ഹി വംശഹത്യക്ക് കാരണമായ വിദ്വേഷ പ്രസംഗങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടതില്‍ ഫേസ്ബുക്കിന് പങ്കുണ്ടെന്ന് ആരോപിച്ച്, ഡല്‍ഹി നിയമസഭാ സമിതിക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് അജിത് മോഹന് രണ്ട് തവണ നോട്ടീസ് നല്‍കിയിരുന്നു. സെപ്തംബര്‍ പത്തിനും 18നും ഹാജരാകാന്‍ ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. ഇതിനെതിരായ അജിത് സുപ്രിം കോടതിയെ സമീപിച്ചത്. ബിജെപി നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങള്‍ തടയാന്‍ ശ്രമിച്ചില്ലെന്നും ഇതിന് നേരെ നേരെ ഫേസ്ബുക്ക് കണ്ണടച്ചുവെന്നുമാണ് നിമയസഭാ സമിതിയുടെ വിലയിരുത്തല്‍.

Latest