Connect with us

Organisation

കാർഷിക ബില്ലുകൾ രാജ്യത്തെ പട്ടിണിയിലേക്ക് നയിക്കും: എസ് വൈ എസ്

Published

|

Last Updated

കോഴിക്കാട് | രാജ്യത്തെ കർഷക സമൂഹത്തിനെതിരായ യുദ്ധപ്രഖ്യാപനമാണ് കേന്ദ്ര സർക്കാർ പാസ്സാക്കിയ കാർഷിക ബില്ലുകളെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. രാജ്യത്തെ പട്ടിണിയിലേക്ക് തള്ളിവിടാനും കൃഷിക്കാരെ വൻകിട കോർപറേറ്റുകളുടെ അടിമകളാക്കാനും മാത്രമാണ് ഈ ബില്ലുകൾ നിമിത്തമാകുക. രാജ്യം ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതിഷേധിക്കണം.

പുതിയ കാർഷിക ബില്ലുകളിലൂടെ കർഷകർക്ക് താങ്ങുവില ലഭിക്കില്ലെന്ന് മാത്രമല്ല, കാർഷിക മേഖലയുടെ നിയന്ത്രണം കുത്തകകളിലേക്ക് നീങ്ങുകയും ചെയ്യും. വൻകിട കോർപറേറ്റുകളുമായി വിലപേശാൻ സാധാരണക്കാരായ കർഷകർക്ക് ഒരുനിലക്കും സാധിക്കില്ല. രാജ്യത്തെ കാർഷിക മേഖലയൊന്നാകെ കോർപറേറ്റുകൾക്ക് വിൽക്കാനാണോ കേന്ദ്രം ലക്ഷ്യം വെക്കുന്നതെന്ന് ആശങ്കയുണ്ട്.

ജനാധിപത്യപരമായ സംവാദങ്ങൾക്ക് പോലും തയ്യാറാകാതെ ധൃതിപിടിച്ച് കാർഷിക ബിൽ പാസ്സാക്കിയത് അത്ഭുതപ്പെടുത്തുന്നു. സർക്കാർ ഫുഡ് കോർപറേഷൻ വഴിയുള്ള വിള സംഭരണം അവസാനിച്ചാൽ കർഷകർ വൻ പ്രതിസന്ധിയിലേക്കായിരിക്കും എത്തുക. ഒരു രാജ്യം, ഒരു കാർഷിക വിപണി എന്ന മുദ്രാവാക്യം ഉൾവഹിക്കുന്ന ജനാധിപത്യ വിരുദ്ധത ചർച്ച ചെയ്യപ്പെടണം. ഓരോ സംസ്ഥാനത്തെയും കാർഷിക വിളകൾക്ക് തനത് സ്വഭാവങ്ങളുണ്ടാകും. പ്രാദേശികമായുള്ള കമ്പോള നിയന്ത്രണങ്ങൾ എടുത്തുകളയുന്നതോടെ കോർപറേറ്റുകൾ വിപണന ശൃംഖല കൈയേറും. ഇതുവഴി സാധാരണക്കാരായ കർഷകന് തുച്ഛമായ വില പോലും ലഭിക്കാതെ വരും. രാജ്യത്തെ കോടിക്കണക്കിന് കർഷകരുടെ നട്ടെല്ലൊടിക്കുന്ന കാർഷിക ബില്ലിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ ഉണ്ടാകണമെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി അധ്യക്ഷത വഹിച്ചു. മജീദ് കക്കാട്, മുഹമ്മദ് പറവൂർ, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, റഹ്‌മത്തുല്ല സഖാഫി, അബൂബക്കർ പടിക്കൽ, എസ് ശറഫുദ്ദീൻ, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി സംബന്ധിച്ചു.

Latest