Connect with us

Kerala

ശമ്പളം പിടിക്കുന്ന നടപടിയുമായി മുന്നോട്ടുപോകും; ജീവനക്കാര്‍ക്കു മുമ്പില്‍ ഉപാധികള്‍ മുന്നോട്ടുവച്ച് ധനമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സര്‍ക്കാര്‍ ജീവനക്കാരുടെ വേതനം ആറുമാസത്തേക്കു കൂടി പിടിക്കുന്നത് സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക് സര്‍വീസ് സംഘടനകളുമായി ചര്‍ച്ച നടത്തി. ഇനിയും വേതനം പിടിക്കുന്നതില്‍ പല സംഘടനകളും വിയോജിപ്പ് രേഖപ്പെടുത്തി. നിലപാട് ആലോചിച്ച് അറിയിക്കാമെന്ന് സി പി എം അനുകൂല സംഘടനയായ എന്‍ ജി ഒ യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.
ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്നും പിടിച്ചെടുത്ത ശമ്പളം സര്‍ക്കാര്‍ വായ്പയെടുത്ത് ഉടന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

വേതനം പിടിക്കുന്ന കാര്യത്തില്‍ മൂന്ന് ഉപാധികള്‍ ഐസക് മുന്നോട്ടുവച്ചു. ശമ്പളം ആറു മാസത്തേക്കു കൂടി മാറ്റിവക്കാനുള്ള തീരുമാനത്തെ അനുകൂലിച്ചാല്‍ നേരത്തെ പിടിച്ച ശമ്പളം മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ വഴി തിരിച്ചുനല്‍കാം, ഓണം അഡ്വാന്‍സ്, പി എഫ് വായ്പ തുടങ്ങിയവയുടെ തിരിച്ചടവിന് സാവകാശം അനുവദിക്കും, ഒരു മാസം മൂന്ന് ദിവസത്തെ ശമ്പളം എന്ന നിലയ്ക്ക് പത്ത് മാസം കൊണ്ട് ഒരു മാസത്തെ ശമ്പളം എന്ന രീതിയില്‍ പിടിക്കാന്‍ തീരുമാനിച്ച് ജീവനക്കാരുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാം തുടങ്ങിയ ഉപാധികളാണ് മുന്നോട്ടുവച്ചത്.

ഇങ്ങനെ ഉപാധികള്‍ വക്കുന്നത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നത് വ്യക്തമാക്കുന്നതാണെന്നും സര്‍ക്കാര്‍ നിലപാടിനെതിരെ പണിമുടക്കുമായി മുന്നോട്ട് പോകുമെന്നും എന്‍ ജി ഒ അസോസിയേഷന്‍ പ്രസിഡന്റ് ചവറ ജയകുമാര്‍ പറഞ്ഞു. ഇടതു സര്‍ക്കാര്‍ ജീവനക്കാരെ വേട്ടയാടുന്നതില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ 24 ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്ന് എന്‍ ജി ഒ സംഘ് നേതാവ് ടി എന്‍ രമേശ് പറഞ്ഞു. 24 മുതല്‍ 30 വരെ പ്രതിഷേധവാരം ആചരിക്കും. സംസ്ഥാന വ്യാപകമായി വിപുലമായ ഓഫീസ് കാമ്പയിനുകളും സംഘടിപ്പിക്കും.

Latest