Connect with us

Editorial

ചാരവൃത്തി: സമഗ്ര അന്വേഷണം വേണം

Published

|

Last Updated

രാജ്യത്തെ സംബന്ധിച്ചിടത്തോളം അതീവ ഗുരുതരമാണ് ചാരപ്രവര്‍ത്തനത്തിന് മാധ്യമ പ്രവര്‍ത്തകന്‍ രാജീവ് ശര്‍മയെയും രണ്ട് കൂട്ടാളികളെയും അറസ്റ്റ് ചെയ്ത സംഭവം. ലഡാക്കില്‍ ചൈന നടത്തിയ കൈയേറ്റത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കെയാണ് രാജീവ് ശര്‍മ രാജ്യത്തിന്റെ വിലപ്പെട്ട പല വിവരങ്ങളും ചോര്‍ത്തിക്കൊടുത്ത വിവരം പറുത്തു വന്നത്. അതിര്‍ത്തിയിലെ ഇന്ത്യയുടെ തന്ത്രങ്ങള്‍, ഡോക്‌ലോം ഉള്‍പ്പെടെയുള്ള ഇന്ത്യ- ചൈന- ഭൂട്ടാന്‍ അതിര്‍ത്തി പ്രദേശങ്ങളിലെ ഇന്ത്യന്‍ സേനാ വിന്യാസം, ആയുധ സംഭരണം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി രാജ്യസുരക്ഷയെ ബാധിക്കുന്ന സുപ്രധാന വിവരങ്ങളാണ് ഇയാള്‍ ചൈനീസ് ഇന്റലിജന്‍സിന് കൈമാറിയത്. ശര്‍മയുടെ ഫ്ലാറ്റില്‍ നടത്തിയ റെയ്ഡില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അതീവ രഹസ്യ രേഖകള്‍ കണ്ടെടുത്തതായും പോലീസ്‌വൃത്തങ്ങള്‍ അറിയിച്ചു. ചൈനീസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ മൈക്കലിന് 2016-2018 കാലഘട്ടത്തിലും മറ്റൊരു ചൈനീസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ ജോര്‍ജിന് 2019ലും രാജീവ് ശര്‍മ തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചതായും അന്വേഷണ സംഘം കണ്ടെത്തി. 2010നും 2014നും ഇടയില്‍ ചൈനീസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ കാണാന്‍ ശര്‍മ തായ്‌ലന്‍ഡും നേപ്പാളും സന്ദര്‍ശിച്ച വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

ചൈനീസ് യുവതി ക്വിംഗ് ഷി, നേപ്പാൾ സ്വദേശി ഷേര്‍സിംഗ് (രാജ് ബൊഹ്‌റ) എന്നിവരാണ് രാജീവ് ശര്‍മയോടൊപ്പം പിടിയിലായ മറ്റു രണ്ട് പേര്‍. സംഘത്തില്‍ ഒറ്റ മുസ്‌ലിം നാമധാരിയുമില്ലാത്തതു കൊണ്ടായിരിക്കാം രാജ്യസുരക്ഷക്ക് വന്‍ ഭീഷണി ഉയര്‍ത്തുന്ന ഈ സംഭവം സര്‍ക്കാറിനോ മുഖ്യധാരാ മാധ്യമങ്ങള്‍ക്കോ അത്ര വലിയ വാര്‍ത്തയാകാതിരുന്നത്. മാത്രമല്ല, അറസ്റ്റിലായ രാജീവ് ശര്‍മ ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഫൗണ്ടേഷന്‍ സഹകാരിയാണെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. ദ ഹിന്ദുവാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. ഫൗണ്ടേഷന്‍ എഡിറ്ററും സീനിയര്‍ ഫെലോയുമായിരുന്നു ശര്‍മ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ഫൗണ്ടേഷന്റെ സ്ഥാപക ഡയറക്ടര്‍. ഫൗണ്ടേഷന്‍ അംഗങ്ങളില്‍ പലരും മോദി സര്‍ക്കാറില്‍ സുപ്രധാന പദവിയിലിരിക്കുന്നവരാണ്. ഇവര്‍ വഴിയായിരിക്കാം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രാജീവ് ശര്‍മ കൈക്കലാക്കിയതെന്ന് സംശയിക്കപ്പെടുന്നു. ചാരപ്പണിക്ക് അറസ്റ്റിലായതിനു പിന്നാലെ അയാള്‍ വിവേകാനന്ദ ഫൗണ്ടേഷനു വേണ്ടി ചെയ്ത പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വെബ് പേജ് ഫൗണ്ടേഷന്‍ നീക്കം ചെയ്തിട്ടുണ്ട്.
അതിര്‍ത്തിയില്‍ ഇന്ത്യന്‍ പ്രദേശങ്ങള്‍ ചൈന അധീനപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ രാജീവ് ശര്‍മ ചൈനക്ക് ചോര്‍ത്തി നല്‍കിയത് നമ്മുടെ രാജ്യത്തെ അപകടപ്പെടുത്തുന്ന തരത്തിലുള്ള വിവരങ്ങളാണ്. എന്നിട്ടും സര്‍ക്കാര്‍ വൃത്തങ്ങളും മാധ്യമങ്ങളും എന്തേ ഈ സംഭവത്തിന് അത്ര പ്രാധാന്യം നല്‍കുന്നില്ല? രാജീവ് ശര്‍മയുടെ സംഘ്പരിവാര്‍ ബന്ധം മാനിച്ചാണോ? ഒരു സംഘ്പരിവാര്‍ വിരുദ്ധനായിരുന്നു ചാരപ്രവര്‍ത്തനത്തിന് പിടിയിലായിരുന്നതെങ്കില്‍ എന്താകുമായിരുന്നു “ആഘോഷം”? ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി യു എ ഇ നല്‍കിയ വിശുദ്ധ ഖുര്‍ആനും കാരക്കയും സ്വീകരിച്ചതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശം നടത്തുന്ന ബി ജെ പി നേതാക്കള്‍ രാജീവ് ശര്‍മയുടെ ചാരപ്പണി അറിയാത്ത മട്ടിലാണ്.
ചാരപ്രവര്‍ത്തനത്തിന് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റിലാകുന്നത് ഇതാദ്യമല്ല. 2017ല്‍ ഇന്ത്യന്‍ പ്രതിരോധ രഹസ്യങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തിക്കൊടുത്തതിന് മധ്യപ്രദേശ് പോലീസിന്റെ ഭീകര വിരുദ്ധ സേന (എ ടി എസ്) പിടികൂടിയ പതിനൊന്ന് പേരില്‍ അഞ്ച് പേരും ആര്‍ എസ് എസ്, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരായിരുന്നു. ബി ജെ പി. ഐ ടി സെല്‍ മേധാവി ധ്രുവ് സക്‌സേനയുമുണ്ടായിരുന്നു പിടിയിലായവരില്‍. പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐ എസ് ഐക്ക് രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കുക, പാക്കിസ്ഥാനില്‍ നിന്നുള്ള പണവും ആയുധങ്ങളും ലശ്കറെ ത്വയ്ബ പോലുള്ള ഭീകര സംഘടനകള്‍ക്ക് കൈമാറുക തുടങ്ങിയവയായിരുന്നു ഇവര്‍ക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍. സത്‌നയിലെ ബജ്‌റംഗ്്ദള്‍ പ്രവര്‍ത്തകന്‍ ബല്‍റാം സിംഗ് ആയിരുന്നു ഈ ചാര, ഭീകര സംഘങ്ങളുടെ മുഖ്യ കണ്ണി. സാങ്കേതികവിദ്യയില്‍ നിപുണരായ ഹൈന്ദവ യുവാക്കളെ മാത്രമാണ് ബല്‍റാം ചാര ഏജന്റുമാരായി തിരഞ്ഞെടുത്തത്. ഹിന്ദു യുവാക്കളെ റിക്രൂട്ട് ചെയ്താല്‍ അവരുടെ പ്രവര്‍ത്തനം സംശയത്തിനിടയാക്കില്ലെന്നതു കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് ഇയാള്‍ എ ടി എസിനോട് വെളിപ്പെടുത്തുകയുണ്ടായി. ബല്‍റാം സിംഗും ധ്രുവ് സക്‌സേനയും നേതൃത്വം നല്‍കുന്ന പാക് ചാരന്‍മാരില്‍ നിന്ന് ചോര്‍ത്തിക്കിട്ടിയ വിവരങ്ങള്‍, പത്താന്‍കോട്ടിലെയും ഉറിയിലെയും സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണങ്ങള്‍ക്ക് സഹായകരമായിട്ടുണ്ടാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

പാക് ചാരന്മാര്‍ എന്ന് കേള്‍ക്കുമ്പോള്‍ മുസ്‌ലിംകളിലേക്കായിരുന്നു ഒരു കാലത്ത് സംശയത്തിന്റെ മുനകള്‍ നീണ്ടിരുന്നത്. മുസ്‌ലിംകളെല്ലാം ഭീകരര്‍ അല്ലെങ്കിലും ഭീകരരെല്ലാം മുസ്‌ലിംകളാണെന്ന ഒരു ധാരണ ഇസ്‌ലാമോഫോബിയക്കാര്‍ സൃഷ്ടിച്ചത് പോലെ, ഇന്ത്യയിലെ മുസ്‌ലിം വിരുദ്ധര്‍ സൃഷ്ടിച്ചെടുത്ത ഒരു ധാരണയായിരുന്നു ഇന്ത്യന്‍ മുസ്‌ലിംകള്‍ പാക് പക്ഷപാതികളെന്നത്. എന്നാല്‍ ചാരക്കേസുകളില്‍ പിടിയിലാകുന്നവരില്‍ ബഹുഭൂരിഭാഗവും ഇസ്‌ലാമേതരര്‍ ആണെന്നു മാത്രമല്ല, നല്ലൊരു ഭാഗം സംഘ്പരിവാര്‍ പ്രവര്‍ത്തകരാണെന്നതാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അടുത്ത കാലത്ത് പിടികൂടിയ കേസുകളില്‍ പ്രത്യേകിച്ചും. ഇതോടെ സംഘ്പരിവാര്‍ നേതാക്കളും സ്വരം മാറ്റിത്തുടങ്ങിയിട്ടുണ്ട്. മധ്യപ്രദേശില്‍ ബി ജെ പിക്കാരെ കൂട്ടത്തോടെ ചാരപ്രവര്‍ത്തനത്തിന് പിടികൂടിയപ്പോള്‍ അന്നത്തെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ നന്ദ്കുമാര്‍ സിംഗ് ചൗഹാന്‍ പ്രതികരിച്ചത്, “നക്‌സലുകള്‍ക്കും ദേശവിരുദ്ധര്‍ക്കും ഭീകരര്‍ക്കും മതവും ജാതിയുമില്ലെ”ന്നായിരുന്നു.

രാജീവ് ശര്‍മയുടെ ചാരപ്രവര്‍ത്തനത്തെക്കുറിച്ച് സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണങ്ങള്‍ നടക്കേണ്ടതുണ്ട്. ശര്‍മക്ക് ആരില്‍ നിന്നെല്ലാമാണ് പ്രതിരോധ രഹസ്യങ്ങള്‍ ലഭിച്ചത്, വിവേകാനന്ദ ഫൗണ്ടേഷന്‍ അധികാരികളില്‍ നിന്ന് ലഭിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. മധ്യപ്രദേശിലെ സംഘ്പരിവാറുകാര്‍ ഉള്‍പ്പെട്ട ചാരക്കേസില്‍ സംഭവിച്ചതു പോലെ അപ്രധാന വകുപ്പുകള്‍ ചുമത്തി പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കരുത്.

Latest