Connect with us

Book Review

വായനാനുഭൂതിയുടെ വിസ്മയ വാക്യങ്ങൾ

Published

|

Last Updated

സൂസന്നയുടെ ഗ്രന്ഥപ്പുര – അജയ് പി മങ്ങാട്ട്

നിങ്ങൾ പുസ്തകങ്ങളെയും എഴുത്തുകാരെയും അതിയായി സ്നേഹിക്കുന്നവരാണോ? ആണെന്നാണ് ഉത്തരമെങ്കിൽ അജയ് പി മങ്ങാട്ടിന്റെ സൂസന്നയുടെ ഗ്രന്ഥപ്പുര നിങ്ങളെ വായനയുടെയും പുസ്തക പരിചയങ്ങളുടെയും വലിയൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകും. താനറിഞ്ഞ എഴുത്തുകാർക്കും വായിച്ച പുസ്തകങ്ങൾക്കുമുള്ള ആദരമായി, അവയെ ചുറ്റിപ്പറ്റി വായനയെ സ്നേഹിക്കുന്ന നിസ്വാർഥരായ കുറെ മനുഷ്യരുടെ കഥ പറയുന്ന നോവലാണിത്. മലയാള സാഹിത്യ ചരിത്രത്തിൽ അത്രത്തോളം ഉപയോഗിക്കാത്ത പുതുമയുള്ള ആഖ്യാനമാണ് നോവലിന്റെ ഹൈലൈറ്റ്. പി രാജശേഖരന്റെ ബുക്ക്സ്റ്റാൾജിയ ഈയൊരാഖ്യാനത്തിൽ എഴുതപ്പെട്ട നോൺ ഫിക്്ഷനാണ്. നോവലിസ്റ്റിന്റെ വായനാ പരിസരത്തേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നതിനൊപ്പം വായനയെ സ്നേഹിക്കുന്ന ഓരോരുത്തരിലേക്കുമുള്ള യാത്രയാണ് സൂസന്നയുടെ ഗ്രന്ഥപ്പുര.

എഴുപതോളം പുസ്തകളെയും അവയെഴുതിയ പ്രഗത്ഭരായ സാഹിത്യകാരന്മാരെയും നദിയൊഴുകും പോലെ നോവലിനുള്ളിലൊതുക്കി മാനുഷിക ബന്ധങ്ങളിലെ സങ്കീർണതയിലേക്കുള്ള സഞ്ചാരം കൂടിയാണിത്. കാഫ്ക, കാമു, ദസ്തവേയ്സ്കി, നെരൂദ, ഡിക്കൻസ്, ചെഖോവ്, ചെസ്റ്റർട്ടൻ, ഫ്ലോബർ തുടങ്ങി ലോക ക്ലാസിക്കിലെ ഏറെ പേരെയും നോവലിലൂടെ കൊണ്ടുവരുന്നുണ്ട്. അക്ഷരങ്ങളെ സ്നേഹിക്കുന്ന, പുസ്തക കൈമാറ്റങ്ങളിലൂടെ സ്നേഹം പകരുന്ന ആത്മാന്വേഷികളായ ഒരു കൂട്ടം ആളുകളുടെ ജീവിതത്തിലൂടെയാണ് ഓരോ പുസ്തകത്തെയും പരിചയപ്പെടുത്തുന്നത്.

അലി, അമുദ, അഭി, വെള്ളത്തൂവൽ ചന്ദ്രൻ, ഇഖ്ബാൽ, പരമാര, തണ്ടിയേക്കൻ എന്നിങ്ങനെയുള്ള മാനുഷിക ബന്ധങ്ങളുടെ സങ്കീർണതയിലേക്ക് നമ്മെ വലിച്ചുകൊണ്ടുപോകുന്ന ഒട്ടേറെ കഥാപാത്രങ്ങളെ നോവലിലുടനീളം കാണാനാകും. കണ്ണു തുറന്ന് നമുക്ക് ചുറ്റുമുള്ളവരിലേക്ക് നോക്കുന്പോൾ അലിയും ചന്ദ്രനുമെല്ലാം വീണ്ടും തികട്ടി വരും.

വ്യത്യസ്ത പ്ലോട്ടുകളിലൂടെയാണ് നോവൽ മുന്നോട്ട് പോകുന്നത്. ആദ്യ ഭാഗത്ത് അലി, അഭി എന്ന രണ്ട് ചെറുപ്പക്കാരുടെ ജീവിതവും അവരിലെ വായനാത്വരയും നീലകണ്ഠൻ പരമാര എന്ന എഴുത്തുകാരന്റെ അപൂർവമായ നോവൽ തേടിയുള്ള യാത്രയും അത് സൂസന്നയിലേക്കും ചെന്നെത്തുന്നു. ചന്ദ്രൻ, കാർമേഘം, തണ്ടിയേക്കൻ, അലി ഇവരെയെല്ലാം ഒരുമിച്ച് കൂട്ടുന്ന ചരടാണ് സൂസന്ന. മൂന്നാറിലെ സൂസന്ന വഴിയാണ് അലി ചന്ദ്രനിലെത്തുന്നത്.

ചന്ദ്രൻ വലിയൊരു ലോകമാണ്. ഒരു കൂരക്ക് താഴെയും സ്ഥിരമായി താമസിക്കാത്ത നാടോടിയായ ചന്ദ്രൻ അക്ഷരങ്ങളെയും പുസ്തകങ്ങളെയും പകുത്ത് നൽകി സ്നേഹം പകരുന്ന ആത്മാന്വേഷിയാണ്. മറ്റൊരു പ്ലോട്ട് ഇഖ്ബാലും അലിയും അമുദയും കൃഷ്ണനും ഫാത്വിമയുമടങ്ങുന്നതാണ്. മഹാരാജാസിൽ പഠിക്കുന്ന സമയത്ത് അമുദയുമായി പ്രണയത്തിലാകുന്ന അലി അവളിലൂടെയാണ് മറ്റുള്ളവരിലേക്കെത്തുന്നത്.
ഇഖ്ബാലൊരു പ്രതീകമാണ്, നോവലെഴുതി പരാജയപ്പെട്ട ഇക്ബാൽ ഗുസ്താവ് ഫ്ലോബറുടെ മദാം ബോവെറിയിൽ നിന്ന് സമാധാനം കണ്ടെത്തുന്നുണ്ട്. സെന്റ് അന്ത്വാ എഴുതി പരാജയപ്പെട്ട ഫ്ലോബർ മദാം ബോവെറി എഴുതി വേൾഡ് ക്ലാസിക്കിന്റെ മുൻനിരയിലെത്തിയത് പരാജയത്തിന്റെ രുചിയറിയാതായിരുന്നു. എഴുത്തിലെ പരാജയത്തെക്കുറിച്ച് ഇഖ്ബാൽ പറയുന്നതിപ്രകാരമാണ്. “നിങ്ങൾ ഒരു പരാജയമാണെന്ന് നിങ്ങൾക്കുള്ളിൽ ആരോ ഓർമിപ്പിച്ച് കൊണ്ടിരിക്കും”.

ആദ്യ പരാജയത്തിന് ശേഷം സാഹിത്യമെഴുതാൻ പിന്നീടൊരിക്കലും ഇഖ്ബാൽ പേനയെടുത്തില്ല. നോവലിന്റെ എല്ലാ തലങ്ങളിലും കാണുന്ന പൊതു ഘടകം വിഷാദമാണ്. റോബർട്ട് ബർട്ടന്റെ “ദ അൽക്കമി ഓഫ് മെലങ്കളി” എന്ന പുസ്തകത്തെ ചുറ്റിപ്പറ്റിയാണ് പരമാരയും തണ്ടിയേക്കനും അലിയുമെല്ലാം സഞ്ചരിക്കുന്നത്. ഏറ്റവും അവസാന പ്ലോട്ട് ബോഡി നായ്ക്കനൂരിലെ അലിയുടെ ഏകാന്ത ജീവിതമാണ്. അലിയെന്ന വായനക്കാരനിൽ നിന്ന് അലിയെന്ന എഴുത്തുകാരനിലേക്കുള്ള ദൂരം അവിടെയവസാനിക്കുകയാണ്.

നോവൽ പ്രമേയമാക്കുന്ന മറ്റൊരു കാര്യം എഴുത്തുകാരുടെ ജീവിതങ്ങളെയാണ്. ദസ്തവേയ്സ്കി, നെരൂദ, കാഫ്ക ഇവരുടെയൊക്കെ ജീവിതത്തിലെ പ്രണയവും നൈരാശ്യവും ദാരിദ്ര്യവും ഏകാന്തതയുമെല്ലാം നോവലിൽ സംസാരിക്കുന്നുണ്ട്. ഭൂതം, ഭാവി, വർത്തമാനം എന്ന രേഖീയമായ ഒരു രീതിയിലൂടെയല്ല നോവൽ മുന്നോട്ട് പോകുന്നത്. നോൺ ലീനിയറായി സന്ദർഭങ്ങൾക്കനുസരിച്ച് പുസ്തകങ്ങളെയും എഴുത്തുകാരെയും ആനയിച്ച് കൊണ്ടുവരികയാണ് നോവലിസ്റ്റ്. മലയാള സാഹിത്യത്തിൽ ആനന്ദിന്റെ ആൾക്കൂട്ടത്തെക്കുറിച്ച് മാത്രമാണ് വിശദീകരിച്ച് സംസാരിച്ചിട്ടുള്ളത്. ഇടയിൽ ബഷീറിനെയും ചങ്ങമ്പുഴയെയും കോട്ടയം പുഷ്പനാഥിനെയുമെല്ലാം പരാമർശിച്ച് പോകുന്നുണ്ട്. നല്ലൊരു വായനക്കാരന്റെ വായനാനുഭൂതിയുടെ പ്രസരണമാണ് നോവലിന്റെ സത്ത.
ആദ്യ പേജുകളിൽ പരാമർശിക്കുന്നത് ചിലിയൻ കവിയായ റോബർട്ടോ ബെലാനോയെയാണ്. അവസാനിക്കുന്നത് റൂമിയുടെ മസ്നവിയിലുമാണ്. ബെലാനോയിൽ നിന്നാരംഭിച്ച് ചെഖോവും കാഫ്കയും കാമുവും നെരൂദയും ദസ്തവേസ്കിയും കടന്ന് റൂമിയിൽ അഭയം പ്രാപിക്കുകയാണ് വെള്ളത്തൂവൽ ചന്ദ്രന്റെ ആത്മാവ്.

നോവലിന്റെ അവസാന ഭാഗത്ത് ശംസ് തബ്രീസും റൂമിയും കണ്ട് മുട്ടുന്നതും അവർക്കിടയിലെ ആത്മീയ ബന്ധത്തെ പരാമർശിക്കുന്നുമുണ്ട്. ഫെഡറിക് നീഷെയുടെ “Burn your self ” എന്ന ഫിലോസഫിക്കൽ തിയറിയെ പുസ്തകത്തിലൊരിടത്ത് പറയുന്നുണ്ട്. സൂസന്ന ഗ്രന്ഥപ്പുര കത്തിക്കുന്നതും റൂമിയുടെ ഗ്രന്ഥശേഖരം ശംസ് തബ്രീസിയുടെ ആഗമനത്തിൽ കത്തുന്നതുമെല്ലാം ആ ഒരു ദാർശനിക തലത്തിൽ വായിക്കപ്പെടേണ്ടതാണ്. വായനയെയും പുസ്തകങ്ങളെയും സ്നേഹിക്കുന്നവർക്ക് തികച്ചും വ്യത്യസ്തമായൊരു വായനാനുഭവം സൂസന്നയുടെ ഗ്രന്ഥപ്പുര നൽകുമെന്ന് ഉറപ്പിച്ച് പറയാൻ കഴിയും. പ്രസാധകർ മാതൃഭൂമി ബുക്സ്. വില 275 രൂപ.

ടി കെ ഷഫീഖ് കുമ്പിടി
shafeekkumbiditk@gmail.com