Connect with us

Cover Story

പ്രക്ഷോഭത്തിന്റെ സന്യാസമുദ്രകൾ

Published

|

Last Updated

അവസാനമായി സ്വാമി അഗ്നിവേശിനൊപ്പം ഞാൻ വേദി പങ്കിട്ടത് കഴിഞ്ഞ വർഷം തിരുവനന്തപുരത്തെ പ്രശസ്തമായ മാനവീയം തെരുവിടത്തിലെ ശ്രദ്ധേയമായ സാംസ്കാരിക സമ്മേളനത്തിലാണ്. അതിനു മുന്പുള്ള വേദികളിൽ നിന്നും പലത് കൊണ്ടും ഏറെ വ്യത്യസ്തമായിരുന്നു തിരുവനന്തപുരം മാനവീയ തെരുവിടം വേദി. എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഏറെ അഭിമാനകരമായ ഒരു സന്ദർഭമായിരുന്നു അത്. അവിടെ വെച്ചാണ് സ്വാമി അഗ്നിവേശ് എന്റെ “സീത ജയ് ശ്രീറാം വിളിച്ചിട്ടില്ല” എന്ന ഫാസിസ്റ്റ് വിരുദ്ധ പുസ്തകത്തിന്റെ പ്രകാശനം നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി നിർവഹിച്ചത്. ജയ് ശ്രീറാം ഒരു അലർച്ചയായി മാറുകയും അനവധി പേർ ആൾക്കൂട്ട ആക്രമണത്തിന് വിധേയമാകുകയും ചെയ്ത ഒരു സന്ദർഭത്തോടുള്ള സാംസ്കാരിക പ്രതികരണമായിരുന്നു ആ പുസ്തകം. പുസ്തകം വെറുതെ ഉയർത്തിപ്പിടിച്ച് ഔപചാരികമായി പ്രകാശനം സ്വാമി നിർവഹിക്കുമെന്നായിരുന്നു ഞങ്ങളെല്ലാം പ്രതീക്ഷിച്ചിരുന്നത്. സാധാരണ പ്രകാശന വേളകളിൽ സംഭവിക്കാറുള്ളതുപോലെ അവസാന സമയത്താണ് പുസ്തകം എത്തിയത്. മലയാളത്തിലായതുകൊണ്ട് ഒന്നു മറിച്ചുനോക്കിയാൽ പോലും സ്വാമിക്ക് ഒന്നും മനസ്സിലാകുകയില്ല. എന്നിട്ടും എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് സീതയേയും രാമനേയും സ്പർശിച്ചുകൊണ്ട് അദ്ദേഹം സംസാരിക്കുകയും ആ പുസ്തകത്തെ ഹൃദ്യമായി പ്രകാശിപ്പിക്കുകയും ചെയ്തു.

പുസ്തകം വായിക്കാതെ, തലക്കെട്ടിനെ മാത്രം മുൻനിർത്തി ആ പുസ്തകത്തിന്റെ ഉള്ളടക്കത്തിൽ സ്പർശിക്കും വിധം അദ്ദേഹത്തിന് സംസാരിക്കാൻ കഴിഞ്ഞതിന്റെ ഗുട്ടൻസ് ഒരൽപ്പം ആലോചിച്ചപ്പോൾ എനിക്ക് എളുപ്പം പിടികിട്ടി.
പതിറ്റാണ്ടുകൾക്ക് മുന്പായിരുന്നല്ലോ മലയാളത്തിന്റെ അഭിമാനമായ കേശവദേവ് രാമായണം ചുട്ടുകരിക്കണമെന്ന ഒട്ടും നീതീകരിക്കാനാകാത്ത പ്രകോപന പ്രസ്താവന നടത്തിയിരുന്നത്. പലരുമത് കേശവദേവിന്റെ കമ്യൂണിസ്റ്റ് അവിവേകമായാണ് വിലയിരുത്തിയത്. സത്യത്തിലത് “ആര്യസമാജ”ത്തിന്റെ നിലപാടായിരുന്നു. കേശവദേവ് അപ്പോഴേക്കും ആര്യസമാജക്കാരനായിക്കഴിഞ്ഞിരുന്നു. അന്നത്തെ ആ കേശവദേവിനെയാണ് സ്വാമി അഗ്നിവേശ് പലപ്പോഴായി ഓർമിപ്പിച്ചത്. ആര്യസമാജം സ്ഥാപിച്ച മഹാ പണ്ഡിതനായ സ്വാമി ദയാനന്ദ സരസ്വതിയുടെ അതിപ്രശസ്തമായ “സത്യാർത്ഥപ്രകാശ്” അഗ്നിവേശിനെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ടാകും എന്നതിൽ തർക്കമില്ല. വേദങ്ങൾ അദ്ദേഹത്തെ വിസ്മയിപ്പിച്ചിട്ടുണ്ടാകും എന്നതും നിസ്സംശയം. എന്നാൽ, സത്യാർത്ഥപ്രകാശിൽ സ്വാമി ദയാനന്ദ സരസ്വതി പുലർത്തിയ അവിശ്വസനീയമാം വിധമുള്ള അപരമത വിദ്വേഷം അഗ്നിവേശ് സ്വീകരിച്ചിട്ടില്ലെന്നതിന്റെ തെളിവ് അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ജീവിതം തന്നെയാണ്. ദളിതരുടെ കാൽ കഴുകി അവരുടെ ദയനീയ ജീവിതാവസ്ഥ ഓർത്ത് അപ്പോൾ അഗ്നിവേശ് കരഞ്ഞത് ഒരു രാഷ്ട്രീയ അജൻഡയുടെയും ഭാഗമായിട്ടായിരുന്നില്ല. ഹരിയാനയിലെ മന്ത്രിസ്ഥാനം അദ്ദേഹം വലിച്ചെറിഞ്ഞതു തന്നെ ചെറിയ ചെറിയ സങ്കുചിത രാഷ്ട്രീയ അജൻഡകൾക്കകത്ത് അദ്ദേഹത്തിന് ചുരുങ്ങാനും സ്വയം ചതിക്കാനും കഴിയാത്തതുകൊണ്ടായിരുന്നല്ലോ.

സ്വാമി അഗ്നിവേശ് ആര്യസമാജക്കാരനാണ്. എന്നാൽ, പൂർണമായ അർഥത്തിൽ, അദ്ദേഹം അങ്ങനെയായിരുന്നോ? “വേദിക് സോഷ്യലിസമാണ്” അദ്ദേഹം ഉയർത്തിപ്പിടിച്ചത് എന്നത് ശരിയാണ്. ബ്രാഹ്മണ ജീവിതത്തിന്റെ ഭാഗമായ സസ്യഭോജന ശീലം പിന്തുടർന്നിരുന്നു എന്നുള്ളതും പരമാർഥമാണ്. അദ്ദേഹത്തിന് ഓരോരോ കാര്യങ്ങളെക്കുറിച്ച് സ്വന്തം അഭിപ്രായങ്ങൾ ഉണ്ടായിരുന്നുവെന്നതും ശരിയാണ്. എന്നാൽ, ജാതിമേൽക്കോയ്മക്കെതിരെ നിശിത വിമർശമാണ് ദയാരഹിതമായി അദ്ദേഹം നിരന്തരം നിർവഹിച്ചത്. എന്നാൽ, അത്തരം വിമർശനം മുന്പുന്നയിച്ചതിന്റെ പേരിലാണ്, അംബേദ്കറെ ആദ്യം സ്വന്തം സമ്മേളനത്തിൽ അധ്യക്ഷപ്രസംഗം നിർവഹിക്കാൻ ക്ഷണിച്ച ആര്യസമാജം പ്രവർത്തകർ, പിന്നീട് അദ്ദേഹത്തെ മാറ്റിനിർത്തിയത്. ആര്യസമാജിന്റെ നേതൃത്വത്തിൽ ജാതി നശീകരണ പ്രവർത്തനങ്ങൾക്കായി രൂപംകൊണ്ട “ജത് പത് തോടക് മണ്ഡൽ” എന്ന സംഘടനയുടെ, സമ്മേളനത്തിലേക്ക് ക്ഷണിച്ചതനുസരിച്ച് അംബേദ്കർ തയ്യാറാക്കിയതും അവിടെ അവതരിപ്പിക്കാൻ അനുവദിക്കപ്പെടാതെ പോയതുമായ ആ പ്രഭാഷണമാണ്, പിന്നീട് അതിപ്രശസ്തമായ “ജാതി നിർമൂലനം” എന്ന അംബേദ്കറുടെ ക്ലാസിക് കൃതിയായിത്തീർന്നത്. ഇത്രയും ഓർത്തത്, സ്വാമി അഗ്നിവേശ്, ആര്യസമാജാണ്, എന്നാൽ ആര്യ സമാജ് മാത്രമല്ല എന്ന് പല തവണ സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചതുകൊണ്ടാണ്. ഫലസ്തീൻ ഗവർമെന്റിന്റെ ക്ഷണമനുസരിച്ച് ജറൂസലമിൽ നടക്കുന്നൊരു സമ്മേളനത്തിൽ പങ്കെടുക്കാൻ സ്വാമി പോയപ്പോഴുണ്ടായ ഒരനുഭവം വായിച്ചതോർമയിലുണ്ട്. എല്ലാ രേഖകളുണ്ടായിട്ടും ഇസ്റാഈൽ പട്ടാളക്കാർ അഗ്നിവേശ് ഉൾപ്പെടെയുള്ളവരെ അകാരണമായി മണിക്കൂറുകളോളം ഒരു ഹാളിൽ തടഞ്ഞുവെച്ചു. കുറച്ച് കഴിഞ്ഞപ്പോൾ ഇസ്റാഈലി പട്ടാളക്കാരെ ഞെട്ടിച്ചുകൊണ്ടൊരു മുദ്രാവാക്യമുയർന്നു. അഗ്നിവേശ് പെട്ടെന്ന് ഒരൊറ്റയാൾ സമരമായി. ഒരിന്ത്യൻ സന്യാസിയുടെ അപ്രതീക്ഷിതമായ ഏകാംഗ സമരത്തിനു മുന്പിൽ പകച്ചുപോയ ഇസ്റാഈൽ അധികാരികൾ, അകാരണമായി തടഞ്ഞുവെക്കൽ അതോടെ അവസാനിപ്പിച്ചു.

പ്രക്ഷോഭത്തിന്റെ തീപ്പന്തമായിരുന്നു അഗ്നിവേശ്. വാജ്പയിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയപ്പോഴും അദ്ദേഹം ആക്രമിക്കപ്പെട്ടു. എന്തിന് മരണാനന്തരവും അദ്ദേഹത്തിനെതിരെയുള്ള സങ്കുചിത മനസ്കരുടെ ആക്രമണം തുടരുകയാണ്. ഇതൊക്കെ എന്തിന്? സർവരും സൗഹൃദത്തോടെ ജീവിക്കണമെന്ന് പറഞ്ഞതിനോ? ആജീവനാന്തം അതിനു വേണ്ടി പ്രവർത്തിച്ചതിനോ? പീഡിതരും മർദിതരുമായ ദളിത്, മുസ്്ലിം, ക്രൈസ്തവാദി ന്യൂനപക്ഷങ്ങൾക്കൊപ്പം നീതിക്കു വേണ്ടി നിർഭയം നിവർന്നു നിന്നതിനോ?

കനലിൽ എത്ര ചവിട്ടി നടന്നിട്ടും വേപശ്യാം റാവു എന്ന ബ്രാഹ്മണ യുവാവിന്റെ കാലുകൾ പൊള്ളിയില്ല. കാരണം, അദ്ദേഹം പരന്പരാഗത ബ്രാഹ്മണ ജീവിതത്തോട് വിട ചോദിച്ച് , വേപശ്യാം റാവു എന്ന സ്വന്തം പേരും പൂർവാശ്രമത്തിലെ വിദൂരസ്മരണകളും പരിത്യജിച്ച് അപ്പോഴേക്കും വേറൊരു ലോകത്തിലെ അഗ്നിവേശായിക്കഴിഞ്ഞിരുന്നു. ആത്മബോധമുള്ള ഒരിന്ത്യക്കാരനും ആവേശത്തോടെയല്ലാതെ നമ്മളിന്നറിയുന്ന സ്വാമി അഗ്നിവേശിനെ സ്മരിക്കാനാകില്ല. വിവേകാനന്ദനെ ഓർമിപ്പിക്കുംവിധമുള്ള തലക്കെട്ടും കാഷായ വസ്ത്രവും ധരിച്ച് അഗ്നിവേശ് ലോകത്തെ ധീരമായി അഭിമുഖീകരിച്ചു. പ്രതിസന്ധികൾക്കു മുന്പിൽ പതറിയില്ല. വിരട്ടലുകൾക്കു മുന്പിൽ വിറച്ചില്ല. അടിയേറ്റ് വീണിട്ടും നിവർന്ന് നിന്ന് സ്വന്തം ബോധ്യങ്ങൾ ധീരമായി ആവിഷ്കരിച്ചു. അടിമത്തത്തിനെതിരെ, അയിത്തത്തിനെതിരെ , അന്ധവിശ്വാസങ്ങൾക്കെതിരെ, വർഗീയതക്കും ഫാസിസത്തിനുമെതിരെ സ്വസ്ഥമാകാനറിയാത്തൊരു കൊടുങ്കാറ്റു പോലെ ആഞ്ഞടിച്ചു. ഇന്ത്യ സാക്ഷ്യം വഹിച്ച സമാനതകളില്ലാത്ത ഗുജറാത്ത് വംശഹത്യാനന്തരം, അനാഥത്വത്തിലേക്കും അരക്ഷിതത്വത്തിലേക്കും വലിച്ചെറിയപ്പെട്ട മുസ്്ലിം അശരണർക്ക് ആശ്വാസമായി എന്നും എപ്പോഴും എവിടെയും സ്വാമി അഗ്നിവേശുണ്ടായിരുന്നു.

വർഗീയ കലാപങ്ങൾ കൊളുത്തിയ തീ കെടുത്താൻ അദ്ദേഹം ഓടിനടന്നു. മീററ്റിൽ, മനോഹർപുരിൽ, ഗുജറാത്തിൽ… അതുകൊണ്ടു തന്നെ സംഘ്പരിവാറിന്റെ ഹിറ്റ്്ലിസ്റ്റിൽ ഇടംപിടിച്ചു. അഖില ഭാരതീയ ഹിന്ദുമഹാസഭ ആ തലക്ക് 20 ലക്ഷം വിലയിട്ടു. ആര്യസമാജത്തിൽ നിന്ന് പോലും എതിർപ്പുകൾ നേരിട്ടു. പല തവണ ആക്രമിക്കപ്പെട്ടു. വ്യാജസ്വാമി, പാക്കിസ്ഥാൻ ഏജന്റ്, വട്ടൻ എന്നീ അലങ്കാര മുദ്രകൾ ധൂർത്തായി ചാർത്തിക്കിട്ടി. 2018 ജൂലൈ 18ന് തനിക്കെതിരെ ഝാർഖണ്ഡിൽ വെച്ച് പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചവരെ, നമുക്ക് ഒരു മേശക്ക് ചുറ്റുമിരുന്ന് ചായ കുടിച്ച് സൗഹൃദപൂർവം എന്തു കാര്യത്തെക്കുറിച്ചും സംസാരിക്കാമല്ലോ എന്ന് പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

പക്ഷേ, അവർ അദ്ദേഹത്തിന്റെ കാഷായ വസ്ത്രം വലിച്ചുകീറുകയും പൊതിരെ തല്ലുകയും ചെയ്തു. കീറിയ കാഷായ വസ്ത്രത്തിൽ കൈവെച്ചുകൊണ്ട് അന്നദ്ദേഹം പറഞ്ഞു. “ഇവർ ഭയപ്പെടുന്നത് എന്റെ ഈ കാഷായ വസ്ത്രത്തെയാണ്”. അദ്ദേഹത്തോടൊപ്പം സാംസ്കാരിക വേദികളിൽ പങ്കെടുത്തപ്പോഴൊക്കെ അദ്ദേഹം പലവിധത്തിൽ ആവർത്തിച്ചുകൊണ്ടിരുന്നത് “സാമൂഹിക നീതിയാണ് ദൈവം” എന്നൊരാശയമാണ്. ചിലർ ഒരുപടി കടന്ന് സ്വാമിയെ “ആക്ഷേപിക്കാൻ വേണ്ടി” കമ്യൂണിസ്റ്റ് എന്ന് വരെ അദ്ദേഹത്തെ വിളിച്ചു. മുന്പൊരു മഹാനായ സന്യാസി പറഞ്ഞത് ഓർമിക്കുന്നു. “When I give food to the poor, they Call me a saint, when I was ask why the poor have no food, they call me communist” അങ്ങനെയെങ്കിൽ അഗ്നിവേശും ഒരു കമ്യൂണിസ്റ്റ്!

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിൽ, അദ്ദേഹം ഫാസിസത്തിനെതിരെ ജനപക്ഷത്ത് ഉറച്ചുനിന്നു. മുസ്്ലിംകളുടെ മാത്രമല്ല, ഇന്ത്യയിലെ മുഴുവൻ അധഃസ്ഥിത ജനങ്ങളുടെയും പൗരത്വമാണ് ചോദ്യം ചെയ്യപ്പെടാൻ പോകുന്നതെന്ന് ശരിയായി തിരിച്ചറിഞ്ഞു. കിട്ടിയ വേദികളിലൊക്കെ അക്കാര്യം വിട്ടുവീഴ്ചയില്ലാതെ വിളിച്ചുപറഞ്ഞു.

ഭക്തിയുടെ നെറ്റിയിൽ ത്രിശൂലങ്ങളല്ല പൂക്കളാണ് വിരിയേണ്ടതെന്ന്, ബജ്റംഗ്്ദളിന്റെ ത്രിശൂല വിതരണക്കാരെ നിരന്തരം ഓർമിപ്പിച്ചു. മതങ്ങൾ പരസ്പരം മസിലു പിടിച്ച് ഗുസ്തിനടത്തുകയല്ല സ്നേഹസംവാദങ്ങൾ നിർവഹിക്കുകയാണ് വേണ്ടതെന്ന് സദാസമയവും പറഞ്ഞുകൊണ്ടിരുന്നു. സ്വന്തം കാഴ്ചപ്പാടുകൾ നിലനിർത്തിക്കൊണ്ടുതന്നെ, വ്യത്യസ്ത കാഴ്ചപ്പാടുള്ളവരുമായി കൂട്ടുകൂടി. ഇന്ത്യൻ ഫാസിസത്തിന്റെ അലർച്ചകൾ കേട്ട് വാർധക്യത്തിലും കുലുങ്ങിയില്ല. സ്വാമി അഗ്നിവേശ് തടവിൽ കിടന്നത് വ്യാജ സ്വാമിമാരെപ്പോലെ തട്ടിപ്പ് നടത്തിയതിനല്ല. അനീതിക്കെതിരെ പൊരുതിയതുകൊണ്ടാണ്. അദ്ദേഹത്തിന് തെറി കേൾക്കേണ്ടി വന്നതും വധശ്രമങ്ങളെ നേരിടേണ്ടിവന്നതും നീതിക്കുവേണ്ടി നിവർന്ന് നിന്നതുകൊണ്ടാണ്. സമരശക്തിയെന്നപോലെ സ്വാമിയൊരു സാന്ത്വന സാന്നിധ്യവുമായിരുന്നു. കുഷ്ഠരോഗികൾക്കിടയിൽ ജീവിതം സമർപ്പിച്ച ഗ്രഹാംസ്റ്റെയിൻസിനെയും ഫിലിപ്പ്, തിമോത്തി എന്ന അേദ്ദഹത്തിന്റെ രണ്ട് കുട്ടികളേയും 1999ൽ ഒറീസ്സയിലെ മനോഹർപുരിൽ തീയിട്ടു കൊന്ന, നീതി താത്കാലികമായെങ്കിലും കത്തിപ്പോയ, സർവരും പകച്ചുപോയ, ഒരു ഭീകര ദാരാസിംഗ് നിഷ്ഠൂര സന്ദർഭത്തിനു മുന്പിൽ, നിസ്സഹായയായി നിന്ന ഗ്രഹാം െസ്റ്റെൻസിന്റെ പ്രിയ പത്നി ഗ്ലാഡിസ് സ്റ്റൈൻസിന് സാന്ത്വനമാകാൻ സ്വാമി അഗ്നിവേശ് മുന്പിലുണ്ടായിരുന്നു.

തിരുവനന്തപുരത്തെ ഗാന്ധി മൈതാനത്ത് കഴിഞ്ഞ വർഷംനടന്ന മതനിരപേക്ഷ സംഗമം ഉദ്ഘാടനം ചെയ്തത് അഗ്നിവേഷായിരുന്നു. എല്ലാ വിഭാഗത്തിലുംപെട്ട സാംസ്കാരിക പ്രവർത്തകരുടെ വേദിയായിരുന്നു അത്. മുഖ്യ പ്രഭാഷണം നടത്താനുള്ള അവസരം എനിക്കായിരുന്നു. എന്റെ പ്രസംഗം കഴിഞ്ഞശേഷമാണ്, സദസ്സിന് നേരെ കൈവീശി, വേദിയിലിരിക്കുന്നവർക്ക് മുന്പിൽ കൈകൂപ്പി അഗ്നിവേശ് പോയത്. പോകുന്നതിനിടയിൽ വേദിയുടെ ഒരറ്റത്ത് ഇരിക്കുകയായിരുന്ന എന്റെ മുന്പിൽ നിന്ന് അദ്ദേഹം എന്റെ കൈകൾ സ്നേഹപൂർവം ചേർത്തു പിടിച്ചത് ഞാനോർക്കുന്നു. സ്വാമി അഗ്നിവേശ് മറ്റു പലതിനുമൊപ്പം എനിക്ക് ആ സ്നേഹ സ്പർശം കൂടിയാണ്.
സ്വാമി അഗ്നിവേശിനോട് ആശയപരമായി യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. ആർക്കും ആരോടും ആ വിധം യോജിക്കുകയോ വിയോജിക്കുകയോ ആകാം. ശത്രുത പാടില്ല. സംവാദം സ്വപ്നം കാണുന്നത് വിയോജിപ്പിലും സൗഹൃദമാണ്. വിരോധങ്ങളെ പ്രതിരോധിക്കാൻ മനുഷ്യ സംസ്കാരം സൃഷ്ടിച്ച സിദ്ധൗഷധമാണ് സംവാദം. ജീവിതത്തിലുടനീളം സംവാദ സാധ്യത നിലനിർത്തിയ സ്വാമി അഗ്നിവേശ് മരണാനന്തരവും സ്മരണകളിൽ തളിർക്കും.
.

Latest