കനത്ത മഴ; ഒരു മരണം, വീടുകള്‍ തകര്‍ന്നു

Posted on: September 21, 2020 9:54 am | Last updated: September 21, 2020 at 4:17 pm

തിരുവനന്തപുരം | സംസ്ഥാനത്ത് ശക്തമായ മഴക്കിടെ ഒരു മരണവും നിരവധി നാശനഷ്ടങ്ങളും. കാസര്‍കോട്ടാണ് മരണം സംഭവിച്ചത്. മധൂര്‍ പരപ്പാടി സ്വദേശി ചന്ദ്രശേഖരനാണ് (30) വയലിലെ വെള്ളം നിറഞ്ഞ കുഴിയില്‍ വീണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. മധൂര്‍ വില്ലേജിലെ മൊഗറില്‍ ഏഴു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പട്‌ളയില്‍ മൂന്ന് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. മധുവാഹിനി പുഴ കരകവിഞ്ഞൊഴുകുകയാണ്. 10 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്.
അടുത്ത മൂന്ന് മണിക്കൂറിനിടെ സംസ്ഥാനത്ത് ചിലയിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശയടിക്കുന്ന കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മലപ്പുറം ജില്ലയിലെ പോത്തുകല്ല് പഞ്ചായത്തിലെ 12 കുടുംബങ്ങളെ ഭൂതാനം എല്‍ പി സ്‌കൂളിലെ ക്യാമ്പില്‍ സജ്ജീകരിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
കണ്ണൂരില്‍ കുപ്പം, കക്കാട് പുഴകള്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. വളപട്ടണം, ബാവലി പുഴകളില്‍ ജലനിരപ്പ് കൂടിയിട്ടുണ്ട്. ജില്ലയില്‍ ആകെ 23 കുടുംബങ്ങളില്‍ നിന്നായി 137 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 23 വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റിയതായി റിപ്പോര്‍ട്ടുണ്ട്.

വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടര്‍ ഇന്ന് രാവിലെ 11ന് ഉയര്‍ത്തും. 15 സെന്റീമീറ്ററാണ് ഷട്ടര്‍ ഉയര്‍ത്തുക. രണ്ട് ഷട്ടറുകള്‍ ഇന്നലെ 15 സെന്റീമീറ്റര്‍ ഉയര്‍ത്തിയിരുന്നു. കടമാന്‍തോട്, പനമരം പുഴയോരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖലകളില്‍ രാത്രി യാത്രാ നിരോധനം ഏര്‍പ്പെടുത്തി. തിരുവനന്തപുരത്ത് അരുവിക്കര ഡാമിന്റെ ഷട്ടര്‍ 175 സെന്റി മീറ്ററും, നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകളും 10 സെന്റി മീറ്റര്‍ വീതവും ഉയര്‍ത്തിയിട്ടുണ്ട്. രാവിലെ പത്തോടെ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ അഞ്ചു സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കരമനയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശമുണ്ട്.

തൃശൂരില്‍ പീച്ചി, ചിമ്മിനി ഡാമുകള്‍ ഇന്ന് തുറക്കും.
കോട്ടയത്ത് ചങ്ങനാശ്ശേരിയില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മണിമലയാറിലും മീനച്ചിലാറിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.