Connect with us

Editorial

രാജ്യസുരക്ഷക്ക് ഭീഷണിയായി സൈബര്‍ ആക്രമണങ്ങള്‍

Published

|

Last Updated

ആധുനിക ലോകത്തിന്റെ വളര്‍ച്ചയില്‍ വലിയൊരു കാല്‍വെപ്പാണ് ഇന്റര്‍നെറ്റിന്റെ പിറവി. വിവര ശേഖരണം, രേഖകളുടെ സൂക്ഷിപ്പ്, ബേങ്ക്- വ്യാപാര ഇടപാടുകൾ എന്നിവയടക്കം മനുഷ്യജീവിതവുമായി ബന്ധപ്പെട്ട മിക്ക കാര്യങ്ങളും ഇന്റര്‍നെറ്റ് വഴിയാണ് ഇപ്പോള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ലോകത്തെ കൈവെള്ളയിലൊതുക്കിത്തരുന്ന ഈ സംവിധാനം ഇന്ന് കടുത്ത സുരക്ഷാ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. കേരള പോലീസിന്റെ കൊക്കൂണ്‍ വെര്‍ച്വല്‍ കോൺഫറന്‍സിന്റെ ഭാഗമായി വെള്ളിയാഴ്ച സംഘടിപ്പിച്ച “കൊവിഡാനന്തര കാലഘട്ടത്തിലെ സൈബര്‍ സുരക്ഷ”യെക്കുറിച്ചുള്ള പ്രഭാഷണത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഉണര്‍ത്തിയത് പോലെ, ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഏത് ഭാഗത്ത് നിന്നും എപ്പോഴും ഏത് വിധേനയുമുള്ള ആക്രമണത്തിന് ഇരയായേക്കാം. ഓരോ ഇന്റര്‍നെറ്റ് ഉപഭോക്താവിന്റെയും സ്വകാര്യ വിവരങ്ങള്‍ അവര്‍ അറിയാതെ തന്നെ നഷ്ടപ്പെട്ടേക്കാം.

രണ്ട് ദിവസം മുമ്പാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റാ ഏജന്‍സിയായ നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന് (എൻ ‍ഐ സി) നേരെ സൈബര്‍ ആക്രമണം നടന്ന വിവരം പുറത്തുവന്നത്. പ്രധാനമന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടേതടക്കം നിരവധി ഇന്ത്യന്‍ പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിച്ചു വെച്ച കമ്പ്യൂട്ടറുകള്‍ ആക്രമണത്തിന് വിധേയമായതായും നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയെന്നുമാണ് വിവരം. ഈ മാസം ആദ്യമാണ് സംഭവം. എന്‍ ഐ സിയിലെ ജീവനക്കാര്‍ക്ക് ലഭിച്ച ഇ- മെയിലില്‍ നിന്നാണ് ആക്രമണത്തിന്റെ തുടക്കം. ഇതിലുണ്ടായിരുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ പ്രസ്തുത കന്പ്യൂട്ടറിലുള്ള വിവരങ്ങള്‍ അപ്പാടെ ചോര്‍ന്നു. പിന്നീട്, കന്പ്യൂട്ടര്‍ സംവിധാനത്തെത്തന്നെ ആക്രമണം ബാധിച്ചു. ഇ- മെയിലുകള്‍ വന്നത് ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനിയില്‍ നിന്നാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഈ കമ്പനിയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.

പലപ്പോഴും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ചോര്‍ത്തപ്പെടാറുള്ളത്. ഇന്ത്യ, പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളുടെ സൈനിക, നയതന്ത്ര, ഇന്റലിജന്‍സ് രഹസ്യങ്ങള്‍ അമേരിക്കന്‍ ചാരസംഘടനയായ സി ഐ എ പതിറ്റാണ്ടുകളോളം ചോര്‍ത്തിയതായി വാഷിംഗ്ടണ്‍ പോസ്റ്റ് പത്രം റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. കമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റിയില്‍ വിദഗ്ധരായ ക്രിപ്‌റ്റോ എ ജി എന്ന സ്വിസ് കമ്പനി വഴിയാണ് സി ഐ എയുടെ ചോരണം. നാൽപ്പതുകളില്‍ സ്ഥാപിതമായ ഈ കമ്പനിയായിരുന്നു ഇന്ത്യ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ക്ക് രഹസ്യ സന്ദേശങ്ങള്‍ കോഡ് ഭാഷയിലാക്കുന്ന ക്രിപ്‌റ്റോഗ്രാഫി ഉപകരണങ്ങള്‍ നിർമിച്ചുനല്‍കിയിരുന്നത്.
1951ല്‍ ഈ കമ്പനിയുമായി രഹസ്യധാരണയുണ്ടാക്കിയ സി ഐ എ 1970കളില്‍ പശ്ചിമ ജർമന്‍ ഇന്റലിജന്‍സുമായി ചേര്‍ന്ന് കമ്പനിയുടെ ഉടമസ്ഥാവകാശവും രഹസ്യമായി സ്വന്തമാക്കി. അന്ന് മുതല്‍ ലോകരാജ്യങ്ങള്‍ക്ക് ഉപകരണങ്ങള്‍ വില്‍ക്കുന്നതിന്റെ പണം വാങ്ങുന്നതിനൊപ്പം സി ഐ എ അവരുടെ രഹസ്യങ്ങള്‍ മോഷ്ടിക്കുകയായിരുന്നുവെന്നും സഖ്യകക്ഷികളുടെ രഹസ്യ
ങ്ങള്‍ പോലും അമേരിക്ക അരനൂറ്റാണ്ടിലേറെ കാലം ചോര്‍ത്തിയതായും വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നു. കമ്പനിയുടെ ഉപകരണങ്ങളില്‍ തിരിമറി നടത്തി മറ്റു രാജ്യങ്ങള്‍ അയക്കുന്ന കോഡുകള്‍ കണ്ടെത്തിയാണ് സന്ദേശങ്ങള്‍ ചോര്‍ത്തിയത്.

2010ല്‍ ചൈനീസ് സൈബര്‍ ചാരന്മാര്‍ ഇന്ത്യയുടെ അതീവരഹസ്യ സ്വഭാവമുള്ള സൈനിക പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തിയിരുന്നു. വ്യോമപ്രതിരോധം, ഭൂതലവ്യോമ മിസൈല്‍ പദ്ധതിയായ “പെച്ചോറ”, അയേണ്‍ ഡോം മിസൈല്‍ പദ്ധതി, ശക്തി പദ്ധതി തുടങ്ങിയവയെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങളും പുറംരാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ നിന്നടക്കമുള്ള വിവരങ്ങളും ലോകത്തെ ഏറ്റവും വലിയ സൈബര്‍ ചാരശൃംഖലയായ “ഷാഡോ നെറ്റ്‌വര്‍ക്ക്” വഴി ചോര്‍ത്തിയ വിവരം ടൊറന്റോ സര്‍വകലാശാലയിലെ ഐ ടി വിദഗ്ധരാണ്് കണ്ടെത്തിയത്. ഇന്ത്യന്‍ സര്‍ക്കാറിന്റെയും വിദേശത്തുള്ള എംബസികളുടെയും സെര്‍വറുകളില്‍ ചൈന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന “ഗോസ്റ്റ്‌നെറ്റ്” നുഴഞ്ഞുകയറ്റം നടത്തിയ വിവരവും അക്കാലത്ത് പുറത്തുവന്നിരുന്നു. നൂറോളം രാജ്യങ്ങളിലെ 1,300ഓളം കമ്പ്യൂട്ടറിലാണ് “ഗോസ്റ്റ്‌നെറ്റ്” നുഴഞ്ഞുകയറിയത്.

അമേരിക്ക, റഷ്യ, ബ്രിട്ടന്‍, സ്‌പെയിന്‍, അര്‍ജന്റീന, ഉക്രെയിന്‍, തായ്‌വാന്‍ തുടങ്ങിയ നൂറോളം രാജ്യങ്ങളിലെ 45,000 കന്പ്യൂട്ടറുകളെ പ്രവര്‍ത്തന രഹിതമാക്കിയ 2017ലെ റാന്‍സംവയര്‍ ആക്രമണം, ഇറാന്റെ ആണവ പരിപാടി തകര്‍ക്കാന്‍ അമേരിക്കയും ഇസ്‌റാഈലും ചേര്‍ന്ന് വര്‍ഷങ്ങളെടുത്ത് തയ്യാറാക്കിയ 2010ലെ സ്റ്റക്‌സ്‌നെറ്റ് ആക്രമണം തുടങ്ങി നിരവധി മാരക വൈറസ് ആക്രമണങ്ങള്‍ പലപ്പോഴായി ലോകത്ത് അരങ്ങേറിയിട്ടുണ്ട്.
പണ്ടുകാലങ്ങളില്‍ ശത്രുരാജ്യത്തെ തന്ത്രപ്രധാന മേഖലകളിലെ ഉദ്യോഗസ്ഥരെ വന്‍തുക പാരിതോഷികം നല്‍കിയും ചാരസുന്ദരിമാര്‍ മുഖേന സ്വാധീനിച്ചുമായിരുന്നു രഹസ്യങ്ങള്‍ ചോര്‍ത്തിയിരുന്നതും അവരുടെ പദ്ധതികൾക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഇടങ്കോലിട്ടിരുന്നതും. ഭരണ- രാജ്യസുരക്ഷാ മേഖലകളിലേതുള്‍പ്പെടെയുള്ള വിവരങ്ങളെല്ലാം വിരൽ തുന്പിലാകാന്‍ തുടങ്ങിയതോടെ ചോര്‍ത്തല്‍ പണി സൈബര്‍ മുഖേനെയായി. ഹാക്കിംഗ് സാങ്കേതിക വിദ്യകളിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. ഉടമസ്ഥന്റെ അനുവാദമില്ലാതെ വെബ്‌സൈറ്റുകള്‍, ഇ- മെയിലുകള്‍, കന്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകള്‍ തുടങ്ങിയവയില്‍ നുഴഞ്ഞു കയറി അതിലെ വിവരങ്ങള്‍ ചോര്‍ത്താനും ഡാറ്റ നശിപ്പിക്കാനും ഹാക്കര്‍മാര്‍ക്ക് സാധിക്കും.

ഒരു രാജ്യത്തിന്റെ അധികാര പരിധിയിലുള്ളതും രാജ്യസുരക്ഷയെ ബാധിക്കുന്നതുമായ മേഖലയിലേക്കുളള പ്രത്യക്ഷ നുഴഞ്ഞുകയറ്റം തടയാന്‍ രാജ്യങ്ങള്‍ തമ്മില്‍ ധാരണയും കരാറുകളും നിലവിലുണ്ടെങ്കിലും സൈബര്‍ ആക്രമണങ്ങള്‍ക്ക് തടയിടാന്‍ ഫലപ്രദമായ സംവിധാനങ്ങളിതുവരെ ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ സമഗ്ര നയങ്ങളോ കരാറുകളോ ഉരുത്തിരിയേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

Latest