Connect with us

Covid19

ഖബറടക്കം, വിവാഹം: യു എ ഇയിൽ പുതിയ മാനദണ്ഡങ്ങൾ

Published

|

Last Updated

ദുബൈ | കൊവിഡ് പശ്ചാത്തലത്തിൽ ഖബറടക്കം, വിവാഹം എന്നീ ചടങ്ങുകളിൽ പങ്കെടുക്കുന്നവർക്ക് യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം, നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്അതോറിറ്റി, എൻ സി ഇ എം എ എന്നിവ സംയുക്തമായി പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു.  ശ്മശാനങ്ങളിൽ തൊഴിലാളികൾ മുഖംമൂടി ധരിക്കുക, സംസ്‌കാര ചടങ്ങ് പൂർത്തിയാകുന്നതിന് മുമ്പും ശേഷവും ഉപകരണങ്ങൾ അണുമുക്തമാക്കുക, നിരന്തരം കൈകഴുകുക ഉൾപ്പെടെ നിരവധി നടപടികൾ പ്രോട്ടോകോളുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഖബർ കുഴിക്കുന്നതിന് ഉത്തരവാദികളായ ആളുകളുടെ എണ്ണം രണ്ടായി കുറക്കണം. സംസ്‌കാര ചടങ്ങുകളിൽ നാല് മുതൽ എട്ട് വരെ ആളുകൾ മതി. തിരക്ക് കൂടുന്നത് തടയുന്നതിനും പങ്കെടുക്കുന്നവരുടെ പരിധി ഉറപ്പു വരുത്തുന്നതിനും യോഗ്യതയുള്ള അധികാര കേന്ദ്രത്തിൽ നിന്നുള്ള സൂപ്പർവൈസർമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കണം. പ്രതിരോധത്തിന്റെ ഉയർന്ന മാനദണ്ഡങ്ങൾ ഉറപ്പുവരുത്തണം.

വിവാഹ സൽക്കാരങ്ങളും മറ്റ് കുടുംബ പരിപാടികളും നടത്തുമ്പോൾ നിരവധി നടപടികൾ പാലിക്കണം. വധൂവരന്മാരുടെ കുടുംബങ്ങളിലെ ആദ്യതലത്തിൽ വരുന്ന ബന്ധുക്കൾക്ക് മാത്രമായി ചടങ്ങ് പരിമിതപ്പെടുത്തണം. ആകെ പങ്കെടുക്കുന്നവരുടെ എണ്ണം പത്തിൽ കൂടരുത്.
പരിപാടി നടക്കുന്നതിന് 24 മണിക്കൂർ മുമ്പ് പങ്കെടുക്കുന്നവർ കൊവിഡ് പരിശോധനക്ക് വിധേയരാകണം. ഭക്ഷണം കഴിക്കുന്നതിനും പാനീയങ്ങൾക്കും ഒറ്റത്തവണ ഉപയോഗ പാത്രങ്ങൾ മാത്രമേ പാടുള്ളൂ.  പങ്കെടുക്കുന്നവർക്കിടയിൽ രണ്ട് മീറ്ററിൽ കുറയാത്ത ദൂരം നിർബന്ധം.  ശ്വാസകോശ രോഗ ലക്ഷണങ്ങളോ പനിയോ ഉള്ളവരെ ചടങ്ങിൽ ക്ഷണിക്കരുത്.

അധികാരികൾ കുടുംബ കൂട്ടായ്മകളും സൂക്ഷ്മമായി നിരീക്ഷിക്കും.  പ്രതിരോധ നടപടികൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ കനത്ത പിഴ ചുമത്തുമെന്നും കൂട്ടിച്ചേർത്തു.

Latest