Connect with us

International

നാളികേര ക്ഷാമം: ജനങ്ങളെ  ബോധവത്കരിക്കാൻ തെങ്ങിൽ കയറി ശ്രീലങ്കൻ മന്ത്രി

Published

|

Last Updated

കൊളംബോ| രാജ്യത്തെ നാളികേര ക്ഷാമത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ വേറിട്ട വാർത്താസമ്മേളനവുമായി ശ്രീലങ്കയിലെ നാളികേര വകുപ്പ് മന്ത്രി. നാളികേര ഉത്പാദനം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടിയായിരുന്നു മന്ത്രിഅരുന്ധിക ഫെർണാണ്ടോ ഈ സാഹസികതക്ക് മുതിർന്നത്.

ദൻകോട്ടുവയിലെ തെങ്ങിൻ തോപ്പിലായിരുന്നു മന്ത്രിയുടെ വാർത്താസമ്മേളനം. രാജ്യം വലിയ രീതിയിൽ നാളികേര ക്ഷാമം അനുഭവിക്കുകയാണ്. പ്രാദേശിക വ്യവസായങ്ങൾക്കും ഗാർഹിക ആവശ്യങ്ങൾക്കും തേങ്ങ ഉപയോഗിക്കുന്നത് മൂലം രാജ്യം നിലവിൽ 700 ദശലക്ഷം നാളികേരത്തിന്റെ ദൗർലഭ്യം നേരിടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. അതിനാൽ ലഭ്യമായ എല്ലാ സ്ഥലങ്ങളിലും തെങ്ങുകൾ വെച്ചുപിടിച്ച് നാളികേര കൃഷിക്കായി വിനിയോഗിക്കണം. അതുവഴി രാജ്യത്തിന് നാളികേര കയറ്റുമതിയിലൂടെ വിദേശനാണ്യം നേടിക്കൊടുക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്താകമാനം നാളികേര ഉത്പന്നങ്ങൾക്ക് ആവശ്യകത കൂടിയതോടെ നാളികേരത്തിന്റെ വില ഉയർന്നുവെന്ന് മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. തെങ്ങുകയറ്റ തൊഴിലാളികൾക്ക് തെങ്ങ് ഒന്നിന് 100 രൂപ വെച്ച് നൽകണം. തേങ്ങയിടുന്നതിന് ആളെ കിട്ടാത്ത സ്ഥിതിയാണെന്നും തേങ്ങയുടെ വില വർധിച്ചതുകൊണ്ട് അവ ഇറക്കുമതി ചെയ്യുന്നത് പരിഗണനയിലില്ലെന്നും മന്ത്രി വ്യക്തമാക്കി.

പിന്നീട് തെങ്ങ് കയറ്റ യന്ത്രം ഉപയോഗിച്ച് തെങ്ങിൽ കയറിയ മന്ത്രി കൈയിൽ നാളികേരം പിടിച്ച് മാധ്യമപ്രവർത്തകർക്കായി ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു

Latest