Connect with us

Editorial

കുത്തകവത്കരണം കാര്‍ഷിക മേഖലയിലും

Published

|

Last Updated

കര്‍ഷക പ്രതിഷേധം വകവെക്കാതെ വിവാദ കാര്‍ഷിക ബില്ലുകള്‍ക്ക് പാര്‍ലിമെന്റ് അംഗീകാരം നല്‍കിയിരിക്കെ ബില്ലിനെതിരായ പ്രക്ഷോഭം ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും തീരുമാനം. നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ തള്ളിയാണ് വ്യാഴാഴ്ച രാത്രി ലോക്‌സഭയില്‍ മോദി സര്‍ക്കാര്‍ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കിയത്. കോണ്‍ഗ്രസ്, ഡി എം കെ, ആംആദ്മി, ഇടത് പാര്‍ട്ടികള്‍, എന്‍ ഡി എ ഘടക കക്ഷിയായ ശിരോമണി അകാലി ദള്‍, പാര്‍ലിമെന്റില്‍ പല വിഷയങ്ങളിലും മോദി സര്‍ക്കാറിനെ പിന്തുണക്കാറുള്ള ബിജു ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികള്‍ക്കെല്ലാം ബില്ലിനോട് കടുത്ത വിയോജിപ്പാണ്. ബില്ല് നിയമമാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും ഡി എം കെയും വ്യാഴാഴ്ച ലോക്‌സഭയില്‍ നിന്നിറങ്ങിപ്പോയി. കാര്‍ഷിക പ്രാധാന്യമായ പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിര പ്രക്ഷോഭം ആളിക്കത്തുകയാണ്. 200ഓളം കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയും പ്രക്ഷോഭവുമായി രംഗത്തുണ്ട്.

തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ച കാര്‍ഷിക ബില്ലുകള്‍ മരവിപ്പിക്കണമെന്ന് ശിരോമണി അകാലി ദള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി നേതാവും മോദി മന്ത്രിസഭയിലെ ഭക്ഷ്യ സംസ്‌കരണ വകുപ്പ് മന്ത്രിയുമായിരുന്ന ഹൗര്‍സിമ്രത് കൗര്‍ ബാദല്‍ മന്ത്രിസ്ഥാനം രാജി വെച്ചു. തുടക്കത്തില്‍ ശിരോമണി അകാലി ദള്‍ ബില്ലിനെ അനുകൂലിക്കുകയും ബില്ലിന് അംഗീകാരം നല്‍കിയ കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ ഹര്‍സിമ്രത് കൗര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ കര്‍ഷക പ്രതിഷേധം രൂക്ഷമായതോടെയാണ് പാര്‍ട്ടി നിലപാട് മാറ്റിയത്. കര്‍ഷക സംഘടനയുടെ ശക്തമായ എതിര്‍പ്പ് നേരിടുന്ന വിവാദ ബില്ലുകളെ പിന്തുണച്ചാല്‍ പഞ്ചാബില്‍ 2022ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകുമെന്ന ഭയമാണ് നയംമാറ്റത്തിന് പ്രേരകം. ഹരിയാന എന്‍ ഡി എയിലെ ഘടകകക്ഷിയായ ദുഷ്യന്ത് ചൗട്ടാല നേതൃത്വം നല്‍കുന്ന ജെ ജെ പാര്‍ട്ടിയും എന്‍ ഡി എ വിട്ടേക്കുമെന്ന അഭ്യൂഹമൂണ്ട്. പാര്‍ട്ടിയിലെ രണ്ട് എം എല്‍ എമാര്‍ ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

കാര്‍ഷിക ഉത്പാദന- വ്യാപാര- വാണിജ്യ (പ്രോത്സാഹന) ബില്‍, പാട്ട കൃഷിക്ക് പ്രോത്സാഹനം നല്‍കുന്ന കര്‍ഷക വില സ്ഥിരതാ- കാര്‍ഷിക സേവന കരാര്‍ ബില്‍, അവശ്യ സേവന നിയമ (ഭേദഗതി) ബില്‍ എന്നിവയാണ് വിവാദ ബില്ലുകള്‍. രാജ്യത്തെ കര്‍ഷകര്‍ക്ക് ബില്‍ ഗുണം ചെയ്യുമെന്നും ഉത്പന്നങ്ങള്‍ വിറ്റഴിക്കാനും ന്യായവില ലഭ്യമാക്കാനും കര്‍ഷകരെ ഇവ സഹായിക്കുമെന്നുമാണ് സര്‍ക്കാര്‍ വാദം. അതേസമയം, കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്കായി കഴിഞ്ഞ 50 വര്‍ഷത്തിനിടെ വിവിധ സര്‍ക്കാറുകള്‍ നടപ്പാക്കിയ പദ്ധതികളുടെ ഗുണങ്ങള്‍ ഈ ബില്ലുകള്‍ ഇല്ലാതാക്കുമെന്ന് കര്‍ഷക- രാഷ്ട്രീയ പ്രമുഖർ ആശങ്കപ്പെടുന്നു.

സര്‍ക്കാറിന് വില നിയന്ത്രിക്കാനും പൂഴ്ത്തിവെപ്പ് തടയാനും അധികാരം നല്‍കുന്നതാണ് അവശ്യവസ്തു നിയമം. അവശ്യവസ്തുക്കള്‍ സ്വകാര്യ വ്യക്തികള്‍ പരിധിയില്‍ കൂടുതല്‍ സംഭരിക്കുന്നതും വിതരണം ചെയ്യുന്നതും നിയന്ത്രിക്കാനായി 1955ല്‍ കൊണ്ടുവന്ന ഈ നിയമം കാലാഹരണപ്പെട്ടതായി കഴിഞ്ഞ സാമ്പത്തിക സര്‍വേ അഭിപ്രായപ്പെടുകയും നിയമം ഭേദഗതി ചെയ്യുമെന്ന് കൊറോണ പ്രതിരോധ സാമ്പത്തിക പാക്കേജില്‍ ധനമന്ത്രി നിർമലാ സീതാരാമന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നിയമ ഭേദഗതിയോടെ വിളകള്‍ എത്രയും സംഭരിക്കാനും രജിസ്ട്രേഡ് അല്ലാത്ത വ്യാപാരികള്‍ക്ക് നല്‍കാനും സാധിക്കും. വിതക്കുന്ന സമയത്ത് തന്നെ വില നിശ്ചയിച്ച് ഉത്പന്നങ്ങള്‍ വാങ്ങാനും സംഭരിക്കാനും കഴിയും. ഏത് ഭാഗത്ത് നിന്നും എവിടേക്ക് വേണമെങ്കിലും ഉത്പന്നങ്ങള്‍ കടത്താം. ഇ- വ്യാപാരത്തിനും അനുമതി നല്‍കും. ഭക്ഷ്യധാന്യങ്ങള്‍, ഉള്ളി, ഉരുളക്കിഴങ്ങ്, ഭക്ഷ്യ എണ്ണകള്‍, എണ്ണ വിത്തുകള്‍ എന്നിവയെയാണ് ഭേദഗതിയില്‍ അവശ്യവസ്തു നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയത്.

പ്രത്യക്ഷത്തില്‍ കര്‍ഷകര്‍ക്ക് ഗുണകരമാണെന്ന് തോന്നുമെങ്കിലും വന്‍കിടക്കാര്‍ക്ക് മേഖല കൈയടക്കി വില നിയന്ത്രണം കൈപ്പിടിയൊലൊതുക്കാനുള്ള സാധ്യത ബില്ലില്‍ ഒളിഞ്ഞുകിടപ്പുണ്ടെന്നും ഇത് മേഖലയെ കുത്തകവത്കരണത്തിലേക്ക് നയിക്കുമെന്നുമാണ് കര്‍ഷക നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. മൊത്തക്കച്ചവടക്കാര്‍, കയറ്റുമതിക്കാര്‍, സംസ്‌കരണ രംഗത്തുള്ളവര്‍ എന്നിവര്‍ക്ക് തങ്ങളുടെ വ്യാപാരത്തിനനുസരിച്ച് കാര്‍ഷികോത്പന്നങ്ങള്‍ സൂക്ഷിക്കാനുള്ള അവസരമൊരുക്കിക്കൊണ്ടാണ് നിയമം ഭേദഗതി ചെയ്തത്. വിളവിറക്കുമ്പോള്‍ തന്നെ വില നിശ്ചയിച്ച് കര്‍ഷകരിൽ ‍നിന്ന് ഉത്പന്നങ്ങള്‍ മൊത്തമായി വാങ്ങാനുള്ള സാഹചര്യവും അന്തര്‍സംസ്ഥാന കടത്തിനുള്ള നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റുന്നതും കോര്‍പറേറ്റുകള്‍ക്കാണ് ഗുണം ചെയ്യുക. വിളകള്‍ സംഭരിച്ച ശേഷം പിന്നീട് വില യഥേഷ്ടം കൂട്ടി വില്‍ക്കുകയായിരിക്കും കോര്‍പറേറ്റുകള്‍ ചെയ്യുക. ഇത് വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്ന ജനതയെ കൂടുതല്‍ ദുരിതത്തിലാക്കും. മാത്രമല്ല, രജിസ്‌ട്രേഡ് വ്യാപാരികളല്ലാത്തവര്‍ക്കും നേരിട്ട് വില്‍ക്കാന്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കൽ വഴി വിപണി വാടകയുള്‍പ്പെടെ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട വരുമാനത്തില്‍ ഗണ്യമായ കുറവ് വരികയും ചെയ്യും. പഞ്ചാബ്, ഹരിയാന തുടങ്ങിയ കാര്‍ഷിക പ്രാധാന്യമായ സംസ്ഥാനങ്ങളുടെ ഖജനാവ് നിറക്കുന്നതില്‍ നിര്‍ണായക പങ്കുണ്ട് വിപണിയില്‍ നിന്നുള്ള വരുമാനത്തിന്. ജി എസ് ടി നഷ്ടപരിഹാരത്തുക സംബന്ധിച്ച ബാധ്യതയില്‍ നിന്നുള്ള കേന്ദ്രത്തിന്റെ ഒഴിഞ്ഞുമാറ്റവും കൊവിഡും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ കിടന്നുഴലുന്ന സംസ്ഥാനങ്ങളില്‍ ഇത് പ്രതിസന്ധി പിന്നെയും രൂക്ഷമാക്കും.

രാജ്യത്തെ ചെറുകിട, ഇടത്തരം കര്‍ഷകര്‍ കാര്‍ഷിക വൃത്തിയുമായി വിടപറയേണ്ട സ്ഥിതിയായിരിക്കും അനന്തരഫലം. ഇന്ത്യന്‍ കര്‍ഷകരില്‍ 80 ശതമാനവും ചെറുകിടക്കാരാണ്, ഇവരില്‍ വലിയൊരു ശതമാനവും സ്വന്തമായി ഭൂമിയില്ലാത്ത പാട്ടകര്‍ഷകരും. അവര്‍ക്ക് വേണ്ടത് കരാര്‍ കൃഷി വ്യവസ്ഥയല്ല. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുകയും കാര്‍ഷികവൃത്തിയുമായി മുന്നോട്ടു പോകാനുള്ള സാമ്പത്തിക സഹായവുമാണ്.