Connect with us

International

ബെലാറസ്: ലുക്കാഷെങ്കോയുടെ ഭീഷണി വൃഥാവിലായി, പതിവുപോലെ തുറന്ന് പ്രവര്‍ത്തിച്ച് അതിര്‍ത്തികള്‍

Published

|

Last Updated

ബെലാറസ് | ബെലാറസില്‍ തിരഞ്ഞെടുപ്പ് അട്ടിമറിച്ച് അധികാരത്തില്‍ വന്ന പ്രസിഡന്റ് ലുക്കാഷെങ്കോ രാജിവക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം കൂടുതല്‍ ശക്തമായി. സമരക്കാര്‍ക്ക് പിന്തുണ നല്‍കുന്ന അയല്‍ രാഷ്ട്രങ്ങളായ പോളണ്ടിന്റെയും ലിത്വാനിയുടെയും അതിര്‍ത്തികള്‍ അടച്ചിടുമെന്ന് ലുക്കാഷെങ്കോ ഭീഷണി മുഴക്കിയിരുന്നെങ്കിലും ഫലവത്തായില്ല. ഇരു അതിര്‍ത്തികളും പതിവു പോലെ തുറന്നു തന്നെ കിടന്നു. തന്റെ നേതൃത്വത്തിനെതിരെ ആറാഴ്ചയോളമായി നടക്കുന്ന പ്രക്ഷോഭത്തിന് പോളണ്ടും ലിത്വാനിയും എല്ലാ സഹായവും നല്‍കുന്നതായാണ് ലുക്കാഷെങ്കോയുടെ ആരോപണം.

സൈന്യത്തോട് അതീവ ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പോളണ്ട്, ലിത്വാനിയ അതിര്‍ത്തികള്‍ അടച്ചിടുമെന്നും ഇന്നലെയാണ് പ്രസിഡന്റ് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച് ആറാം തവണയും രാജ്യത്തിന്റെ പ്രസിഡന്റ് പദവിയിലെത്തിയ തനിക്കെതിരെ അമേരിക്കയും സഖ്യകക്ഷികളും ചേര്‍ന്ന് അക്രമമഴിച്ചുവിടാന്‍ പ്രേരിപ്പിക്കുകയാണെന്നാണ് ലുക്കാഷെങ്കോയുടെ ആരോപണം. തെരുവുകളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ താന്‍ നിര്‍ബന്ധിതനായിരിക്കുകയാണെന്നും അവരെ രാജ്യത്തിന്റെ അതിര്‍ത്തിയില്‍, പ്രത്യേകിച്ച് പോളണ്ട്, ലിത്വാനിയ അതിര്‍ത്തിയില്‍ വിന്യസിക്കുമെന്നും ഒരു വനിതാ ഫോറത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കവെ ലുക്കാഷെങ്കോ പറഞ്ഞു. ഉക്രൈനുമായുള്ള അതിര്‍ത്തിയിലും ജാഗ്രത ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, എല്ലാ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളും തുറന്നു കിടന്നതായി നാഷണല്‍ ബോര്‍ഡര്‍ ഗാര്‍ഡ് സര്‍വീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. അതിര്‍ത്തിയില്‍ ഗതാഗതവും മറ്റു പ്രവര്‍ത്തനങ്ങളും പതിവു പോലെ തിരക്കേറിയ നിലയില്‍ നടന്നതായും പോളിഷ് ബോര്‍ഡര്‍ ഗാര്‍ഡ് വക്താവ് അഗ്നീഷ്‌ക ഗോലിയസ് പറഞ്ഞു. അതിര്‍ത്തിയില്‍ ഒരു മാറ്റവുമുണ്ടായിട്ടില്ലെന്ന് ലിത്വാനിയന്‍ അധികൃതരും പ്രതികരിച്ചു.

Latest