ഫാം സെക്ടര്‍ ബില്ലിനെതിരായ പ്രതിഷേധം: കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചു

Posted on: September 17, 2020 8:56 pm | Last updated: September 18, 2020 at 6:58 am

ന്യൂഡല്‍ഹി | വിവാദമായ ഫാം സെക്ടര്‍ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ച് കേന്ദ്രഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രിഹര്‍സിമ്രത് കൗര്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. ബില്‍ അവതരിപ്പിച്ചതിന് പിന്നാലെ ഇതിനെ എതിര്‍ക്കുമെന്ന് ഹര്‍സിമ്രതിന്റെ ഭര്‍ത്താവും ശിരോമണി അകാലിദള്‍ നേതാവുമായ സ്ഖബിര്‍ ബാദല്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജിവെച്ചത്.

ബില്ലിനെതിരെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ വ്യാപക പതിഷേധം നടക്കുന്നുണ്ട്. ഈ പ്രതിഷേധങ്ങള്‍ അവഗണിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.ബില്‍ അവതരിപ്പിക്കുന്നത് മാറ്റിവെക്കണമെന്ന് അകാലിദള്‍ ബി ജെ പിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അവഗണിച്ചതാണ് ഹര്‍സിമ്രതിന്റെ രാജിയില്‍വെച്ചത്. ബില്ലിനെ എതിര്‍ക്കുമ്പോഴും എന്‍ ഡി എ സര്‍ക്കാറനുള്ള പിന്തുണ തുടരുമെന്ന് ശിരോമണി അകാലദികള്‍ അറിയിച്ചു. ലോക്സഭയില്‍ ബില്ലിനെതിരെ വോട്ട് ചെയ്യാനാണ് അകാലിദള്‍ തീരുമാനം.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്സ് ബില്‍, ഫാര്‍മേഴ്സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സെര്‍വീസ് ബില്‍ എന്നിവയ്ക്കെതിരെയാണ് നിലവില്‍ പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളില്‍ പ്രതിഷേധം നടക്കുന്നത്. ഇത് നടപ്പിലായാല്‍ നിലവിലുള്ള മിനിമം താങ്ങുവില സമ്പ്രദായം അവസാനിക്കും.