ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ 30ന് വിധി; എല്ലാ പ്രതികളും ഹാജരാകണമെന്ന് കോടതി

Posted on: September 16, 2020 3:45 pm | Last updated: September 16, 2020 at 6:56 pm

ന്യൂഡല്‍ഹി | ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ സെപ്തംബര്‍ 30 ന് പ്രത്യേക കോടതി വിധി പറയും. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയവരാണ് കേസിലെ പ്രതികള്‍. വിധി പ്രസ്താവിക്കുന്ന ദിവസം എല്ലാ പ്രതികളും ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പ്രസ്താവിക്കാന്‍ പോകുന്നത്.

സെപ്റ്റംബര്‍ 30 നുള്ളില്‍ കേസില്‍ വാദം കേട്ട് വിധി പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഗൂഢാലോചനക്കേസും ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഒരുമിച്ച് വിചാരണ നടത്തണം എന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് ഒരുമിച്ച് ആയിരുന്നു വിചാരണ നടന്നത്.

മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി, വിനയ് കത്യാര്‍, കല്യാണ്‍സിങ് തുടങ്ങി 32 പേരാണ് കേസിലെ പ്രതികള്‍.