ജമ്മുവില്‍ പാക് ആക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു

Posted on: September 16, 2020 11:18 am | Last updated: September 16, 2020 at 3:18 pm

ശ്രീനഗര്‍ |  അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു മലയാളി ജവാന് വീരമൃത്യു. കൊല്ലം അഞ്ചല്‍ സ്വദേശി അനീഷ് തോമസാണ് മരിച്ചത്. മേജര്‍ അടക്കം മൂന്ന് പേര്‍ക്ക് പരുക്ക്. അതിര്‍ത്തിയിലെ നൗഷാര സെക്ടറിലെ സുന്ദര്‍ബനില്‍ ഇന്നലെ ഉച്ചക്കാണ് പാക് ആക്രമണമുണ്ടായത്. ഇന്ന് രാവിലെയാണ് അനീഷിന്റെ ബന്ധുക്കള്‍ക്ക് മരണം സംബന്ധിച്ച വിവരം ലഭിച്ചത്. പട്രോളിങ്ങിനിടെയാണ് അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ ഷെല്ലാക്രമണം നടന്നതെന്നാണ്വിവരം.

കടയ്ക്കല്‍ സ്വദേശിയായ തോമസ്- അമ്മിണി ദമ്പതികളുടെ മകനാണ് അനീഷ് തോമസ്. ഭാര്യയും ആറു വയസുള്ള മകളുമുണ്ട്. രാഷ്ട്രീയ റൈഫിള്‍സിന്റെ ഭാഗമായാണ് അദ്ദേഹം ജമ്മു കശ്മീരില്‍ എത്തിയത്. 16 വര്‍ഷമായി സൈനിക സേവനം നിര്‍വഹിച്ചുവരികയായിരുന്നു അനീഷ് തോമസ്.ഈ മാസം 25ന് അവധിക്ക് വീട്ടിലേക്ക് വരാനിരിക്കെയാണ്മരണം. മൃതദേഹം നാളെ വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിക്കും.