Connect with us

National

മെട്രോ സര്‍വീസ് സെപ്തംബര്‍ ഏഴ് മുതല്‍; പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് സെപ്തംബര്‍ ഏഴ് മുതല്‍ പുനരാരംഭിക്കുന്ന മെട്രോ സര്‍വീസുമായി ബന്ധപ്പെട്ട പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. അണ്‍ലോക്ക് 4 മാര്‍ഗനിര്‍ദേശങ്ങളുടെ ഭാഗമായാണിത്. രാജ്യത്തെ 15 മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍മാരുമായുള്ള ചര്‍ച്ചക്കു ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ മാര്‍ഗരേഖ തയ്യാറാക്കിയത്.
സെപ്തംബര്‍ 12 ആകുമ്പോഴേക്കും മുഴുവന്‍ ലൈനുകളും പ്രവര്‍ത്തന സജ്ജമാകുന്ന തരത്തിലാകണം സജ്ജീകരണങ്ങളെന്നാണ് കേന്ദ്ര നിര്‍ദേശം. ഒന്നിലധികം ലൈനുകളുള്ള മെട്രോ സേവനങ്ങള്‍ ഓരോ ലൈനുകളായി ഘട്ടം ഘട്ടമായി മാത്രമേ സേവനം തുടങ്ങേണ്ടതുള്ളൂ. എന്നാല്‍, കണ്ടെയിന്‍മെന്റ് സോണുകളിലുള്ള മെട്രോ സ്റ്റേഷനുകള്‍ തുറക്കില്ല.

തുടക്കത്തില്‍ കുറച്ചു സര്‍വീസുകള്‍ മതി. തുടര്‍ന്ന്, ഘട്ടം ഘട്ടമായി സെപ്തംബര്‍ 12 ആകുമ്പോഴേക്ക് മുഴുവന്‍ സര്‍വീസുകളും തുടങ്ങാം. സ്റ്റേഷനില്‍ ആള്‍ക്കൂട്ടം രൂപ്പപെടാത്ത തരത്തില്‍ സര്‍വീസ് സമയം നിശ്ചയിക്കണം. സ്റ്റേഷനുകളില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കണം. സാമൂഹിക അകലം പാലിച്ച് യാത്രക്കാര്‍ക്ക് പുറത്തിറങ്ങാനായി കൂടുതല്‍ സമയം മെട്രോ സ്റ്റേഷനില്‍ നിര്‍ത്തണം

സാമൂഹിക അകലം ഉറപ്പാക്കാന്‍ മെട്രോ സ്റ്റേഷനുകളില്‍ ആളുകള്‍ക്ക് നില്‍ക്കാന്‍ പ്രത്യേക ഇടങ്ങള്‍ സംവിധാനിക്കുകയും അവ കൃത്യമായി അടയാളപ്പെടുത്തുകയും വേണം. എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. പുറത്ത് മാസ്‌കുകള്‍ വിതരണം ചെയ്യണമെങ്കില്‍ അതിന് മെട്രോ റയില്‍ കോര്‍പ്പറേഷന്‍ സജ്ജീകരണങ്ങള്‍ ഒരുക്കണം. രോഗലക്ഷണങ്ങളുള്ളവരെ ഒരു കാരണവശാലും സ്റ്റേഷനകത്ത് പ്രവേശിക്കാന്‍ അനുവദിക്കരുത്. തെര്‍മല്‍ സ്‌ക്രീനിംഗ് സ്റ്റേഷനു പുറത്തുവച്ചാകണം നടത്തേണ്ടത്. ആര്‍ക്കെങ്കിലും രോഗലക്ഷണം കണ്ടാല്‍ അവരെ പരിശോധനക്കോ ചികിത്സക്കോ ആയി സമീപത്തെ കൊവിഡ് കെയര്‍ സെന്ററിലേക്കോ ആശുപത്രിയിലേക്കോ മാറ്റണം. ആരോഗ്യസേതു ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത് പരമാവധി പ്രോത്സാഹിപ്പിക്കണം.

സ്റ്റേഷനു പുറത്ത് സാനിറ്റൈസറുകള്‍ ഉണ്ടായിരിക്കണം. ടിക്കറ്റെടുക്കാന്‍ സ്മാര്‍ട്ട് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് പരമാവധി പ്രോത്സാഹിപ്പിക്കണം. ടോക്കണെടുക്കുന്നത് സാനിറ്റൈസ് ചെയ്ത ശേഷം മാത്രമാകണം. എയര്‍ കണ്ടീഷണറിന്റെ താപനില പരമാവധി കൂട്ടും. വെന്റിലേഷന്‍ വഴി പരമാവധി വായു അകത്തേക്കു വരുന്നതും പുറത്തേക്ക് വരുന്നതും ഉറപ്പാക്കും. ഇതിനായി CPWD, Indian Society Of Heating, Refrigerating and Air Conditioning Engineers (ISRAE) എന്നിവ നിര്‍ദേശിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ഉറപ്പാക്കണം.

Latest