Connect with us

Cover Story

ഒരമ്മയുടെ കരച്ചിൽ

Published

|

Last Updated

എത്രയോ മനുഷ്യരുടെ വലുതും ചെറുതുമായ ആത്മസംഘര്‍ഷങ്ങളിലൂടെ കടന്നുപോയതായിരുന്നു ഒരു സൈക്കോ സോഷ്യല്‍ കൗണ്‍സലറുടെ ലോക്ക്ഡൗണ്‍ ദിനങ്ങള്‍.

കൊവിഡ് കാലത്ത് വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. ആരോഗ്യ വകുപ്പില്‍ നിന്ന് ലഭിക്കുന്ന ലിസ്റ്റ് പ്രകാരം കോറന്റൈനില്‍ കഴിയുന്നവരെ വിളിക്കുകയാണ് പ്രധാന ജോലി. പരീക്ഷാ ഫലങ്ങള്‍ വരാനായപ്പോള്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശ പ്രകാരം, മാനസിക സംഘര്‍ഷങ്ങളൊന്നുമില്ലാതെ ഫലം സ്വീകരിക്കാന്‍ വിദ്യാര്‍ഥികള്‍ക്കും മാനസിക പിന്തുണ ഉറപ്പാക്കി.
വിദേശങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരികെയെത്തി ക്വാറന്റൈനില്‍ കഴിയുന്ന പലര്‍ക്കും ആത്മസംഘര്‍ഷങ്ങളുടെ അനേകം അനുഭവങ്ങള്‍ പങ്കുവെക്കാനുണ്ടായിരുന്നു. അപരന്റെ ഹൃദയവേദനകളില്‍ സാന്ത്വനത്തിന്റെ വഴിതുറന്ന് ആശ്വാസത്തിലേക്ക് നടത്തുമ്പോള്‍ പലരുടെയും സങ്കടങ്ങള്‍ ഒരു പൊള്ളലായി കൂടെപ്പോരും.
വൈകുന്നേരം മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന് കാതോര്‍ക്കുമ്പോള്‍ വല്ലാത്തൊരു ആത്മവിശ്വാസം ഉള്ളിലേക്ക് പടരും. എല്ലാ പണികളും തീര്‍ത്ത് ആറ് മണിക്കായി കാത്തിരിക്കുന്ന അനേകരെ കൗണ്‍സലിംഗ് വിളികള്‍ക്കിടയില്‍ കണ്ടുമുട്ടിയിട്ടുണ്ട്. ഒരു ഭരണാധികാരി പകര്‍ന്നുനല്‍കുന്ന മനോബലത്തിന്റെ കഥകള്‍.

ഒരു ദിവസം മുഖ്യമന്ത്രി ആത്മഹത്യ ചെയ്ത കുട്ടികളുടെ കണക്കുകള്‍ പറഞ്ഞു. കൊവിഡ് കാലത്ത് മറ്റൊരു ദുരന്തത്തിന്റെ മുഖം തുറന്നുകാട്ടുകയായിരുന്നു അദ്ദേഹം. ഇത്രയും കുട്ടികള്‍ സ്വയം മരണം വരിച്ചുവെന്ന അറിവ് ഏവരേയും വേദനിപ്പിച്ചു.
അന്ന് രാത്രി മുതല്‍ നിരവധി അമ്മമാര്‍ വിളിച്ചു. അവരുടെ കൗമാരക്കാരായ മകനോ മകളോ ആത്മഹത്യ ചെയ്‌തേക്കുമോ എന്ന ഭയമായിരുന്നു അവര്‍ക്ക്. കാരണം, അവരില്‍ പലരുടെയും മക്കള്‍ കടുത്ത സ്വഭാവ ദൂഷ്യങ്ങള്‍ പ്രകടിപ്പിക്കുന്നു. അടച്ചുപൂട്ടല്‍ കാലം ആ പെരുമാറ്റ ദോഷങ്ങള്‍ തീക്ഷ്ണമായി പുറന്തള്ളുന്നു. അതു കുടുംബാന്തരീക്ഷത്തെ കലുഷിതമാക്കുന്നു.
രാത്രി വൈകി ഒരമ്മ വിളിച്ചു. തന്റെ മകന്‍ ആത്മഹത്യ ചെയ്തേക്കുമോ എന്ന ഭയമായിരുന്നു അവര്‍ക്ക്.

വിദ്യുത് (പേര് സാങ്കല്‍പ്പികം) എന്ന 15 കാരന്റെ അമ്മയാണ് അവര്‍. അച്ഛനും അമ്മയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. നന്നായി പഠിക്കുന്ന കുട്ടി, ശാന്തസ്വഭാവക്കാരനും സ്നേഹ സമ്പന്നനുമായിരുന്നു. അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കുമെല്ലാം അവന്‍ പ്രിയങ്കരനായിരുന്നു.
വീട്ടിലെത്തിയാല്‍ പഠനവും ടി വി കാണലും ഒക്കെയായി അവന്റെ ദിനങ്ങള്‍ സന്തോഷത്തോടെ മുന്നോട്ടുപോകുകയായിരുന്നു. ഒമ്പതില്‍ പഠിക്കുമ്പോഴാണ് വീട്ടിനടുത്ത ഒഴിഞ്ഞ പറമ്പില്‍ വൈകുന്നേരങ്ങളില്‍ കളിക്കാനെത്തുന്ന യുവാക്കളുടെ കൂട്ടത്തിലേക്ക് അവനും ചേര്‍ന്നത്. അച്ഛന്‍ തന്നെയാണ് മകനെ അങ്ങോട്ടു പറഞ്ഞയച്ചത്. അവിടെ കായിക പരിശീലനവും ഉണ്ടായിരുന്നു. വീട്ടില്‍ മാത്രം ചുറ്റിക്കറങ്ങുന്ന മകന്‍ ഊർജസ്വലനും കായിക ശേഷിയുള്ളവനും വീരനുമായി വളരാനുള്ള ആഗ്രഹമായിരുന്നു അച്ഛന്.

ആ സംഘത്തില്‍ അകപ്പെട്ടതോടെ പതിയെ മകന്റെ സ്വഭാവം മാറിവന്നു. അവന്‍ വീട്ടില്‍ വൈകിയെത്താൻ തുടങ്ങി. ഒന്നും പറയാതെ ഇറങ്ങിപ്പോകാന്‍ തുടങ്ങി. ചോദിച്ചാൽ ദേഷ്യം…അവന്റെ രൂപവും ഭാവവും മാറി. ആരോടോ ഉള്ള പക അവനെ മാറ്റിമറിച്ചു. ചിലരെ കൊല്ലാനുണ്ടെന്നും എന്നിട്ട് ആത്മഹത്യ ചെയ്യുമെന്നും അവന്‍ പറയാന്‍ തുടങ്ങിയതോടെ അച്ഛനും അമ്മയും ഭയപ്പെട്ടു. ചിലപ്പോള്‍ അവന്‍ മദ്യപിക്കുന്നതായും അവർക്ക് മനസ്സിലായി.
ലോക്ക്്ഡൗണ്‍ തുടങ്ങിയതോടെ അവന്‍ വീട്ടില്‍ അക്രമാസക്തനാകുന്നു. കൈയില്‍ കിട്ടിയതെല്ലാം എറിഞ്ഞുനശിപ്പിക്കുന്നു. ഭക്ഷണം വേണ്ട. ശാന്തപ്രകൃതനായിരുന്ന ഏക മകന്‍ കൈവിട്ടുപോകുന്നത് അവർക്ക് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഏക മകന്റെ മാറ്റം ഉണ്ടാക്കിയ വേദനയോടെയാണ് ആ അമ്മ വിളിച്ചത്. കൗമാരം എത്ര വേഗമാണ് കൈവിട്ടുപോകുന്നത്?

ആ കുട്ടിയെ ഫോണിലൂടെ കൗണ്‍സലിംഗിനു വിധേയമാക്കിയപ്പോള്‍, അവന്റെ ദുര്‍ബലമായ മനസ്സിലേക്ക് അതിവേഗം ആരോ പകയുടെയും വിദ്വേഷത്തിന്റെയും വിത്തുവിതച്ചതായി കണ്ടെത്തി. അവര്‍ പറയുന്നതു മാത്രമായിരുന്നു അവന് ശരി. നിഷ്‌കളങ്കമായിരുന്ന അവന്റെ മനസ്സിലേക്ക് അവര്‍ക്ക് ഏതാനും മാസങ്ങള്‍കൊണ്ട് സ്വഭാവ ദൂഷ്യത്തിന്റെ വിത്തുപാകാന്‍ കഴിഞ്ഞു എന്നു മനസ്സിലാക്കി അവനെ ഒരു മനശ്ശാസ്ത്ര വിദഗ്ധന്റെ ചികിത്സക്കായി റഫര്‍ ചെയ്തു. മനശ്ശാസ്ത്ര വിദഗ്ധന്റെ ഫലപ്രദമായ ചികിത്സ കൊണ്ടാണ് അവനെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞത്.

സ്വഭാവദൂഷ്യ രോഗം

സമൂഹത്തിലെ നിയമങ്ങള്‍ക്ക് വിരുദ്ധമായി 18 വയസ്സിന് താഴെയുള്ള കുട്ടികളില്‍ തുടര്‍ച്ചയായി കണ്ടുവരുന്ന അസാധാരണമായ പെരുമാറ്റം സ്വഭാവദൂഷ്യ രോഗം (കോണ്ടക്ട് ഡിസോര്‍ഡര്‍) ആയിരിക്കാം. പൊടുന്നനെ കുട്ടിയുടെ മനസ്സിലേക്ക് വിദ്വേഷമോ ക്രൂരതയോ കടത്തിവിട്ടപ്പോള്‍ ആ മനസ്സ് താളം തെറ്റുന്നു. പലതരത്തിലുള്ള സ്വഭാവ ദൂഷ്യ രോഗങ്ങള്‍ കുട്ടികളെ പിടികൂടാം. ഇതിനു പല കാരണങ്ങളുമുണ്ട്. കാരണം മനസ്സിലാക്കാന്‍ വളരെയേറെ പ്രയാസമുള്ള ഒരു മാനസികരോഗമാണ് സ്വഭാവദൂഷ്യരോഗം. കളവ് പറയല്‍, മോഷണം, ഒളിച്ചോടല്‍, മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും നേരെ അക്രമം കാട്ടുക, മറ്റു കുട്ടികളെ ഭീഷണിയിലൂടെ ലൈംഗിക വൈകൃതങ്ങള്‍ക്ക് പ്രേരിപ്പിക്കുക, രാത്രിയില്‍ വീടുവിട്ടിറങ്ങുക, സ്‌കൂളില്‍ പോകാൻ കടുത്ത മടി, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം എന്നിവയെല്ലാം സ്വഭാവ ദൂഷ്യരോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഇത്തരം സ്വഭാവമുള്ളവര്‍ രക്ഷിതാക്കള്‍, അധ്യാപകര്‍, സഹപാഠികള്‍ എന്നിവരുമായി നിരന്തരം കലഹിക്കുകയും വസ്തുവകകള്‍ നശിപ്പിക്കുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്യും. സാമൂഹിക നിയമങ്ങള്‍ക്കും മറ്റുള്ളവരുടെ അവകാശങ്ങള്‍ക്കും അവര്‍ വിലകല്‍പ്പിക്കില്ല.
ഇത്തരം സ്വഭാവ വൈകല്യമുള്ളവരെ പലരും ആസൂത്രിതമായി സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എളുപ്പം ഉപയോഗിച്ചേക്കാം. അക്രമണം, കവര്‍ച്ച, ഭീഷണിപ്പെടുത്തല്‍, കൈയേറ്റം, പിടിച്ചുപറി, കൊലപാതകം എന്നീ വിധ്വംസക പ്രവൃത്തികള്‍ക്ക് എളുപ്പം ഉപയോഗിക്കാന്‍ കഴിയുന്നത് ഇത്തരം മാനസിക പ്രശ്നങ്ങളുള്ളവരെ ആയിരിക്കും. കുറ്റകൃത്യം ചെയ്തുകഴിഞ്ഞാല്‍ സ്വയം മരണം വരിക്കാനും ഇവർക്ക് മടിയുണ്ടാകില്ല.

കുട്ടികളിലെ ആത്മഹത്യ

1990 കള്‍ക്കു ശേഷം ലോകം കുതിച്ചു പായുകയായിരുന്നു. ആഗോളവത്കരിക്കപ്പെട്ട ലോകത്തിന്റെ കുതിപ്പ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനുള്ളില്‍ കുട്ടികളിലെ ആത്മഹത്യാനിരക്ക് പഴയതിലും മൂന്നിരട്ടിയായി വര്‍ധിച്ചുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. കുടുംബബന്ധങ്ങളിലുണ്ടായ തകര്‍ച്ച, വിഷാദരോഗം, കൂടുതല്‍ സമ്മർദം നിറഞ്ഞ ജീവിതസാഹചര്യങ്ങള്‍ എല്ലാം കുട്ടികളുടെ ആത്മഹത്യക്ക് കാരണമായിട്ടുണ്ട്. വിഷാദരോഗം, ലഹരിപദാര്‍ഥങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം, വ്യക്തിത്വവൈകല്യങ്ങള്‍ തുടങ്ങിയ അസുഖങ്ങളാണ് കുട്ടികളുടെ ആത്മഹത്യയുടെ 90 ശതമാനം കാരണവും. എല്ലാറ്റിലും പ്രതീക്ഷ നഷ്ടമാകുക, ഏകാഗ്രതയില്ലായ്മ, ഒരു കാര്യത്തിലും സന്തോഷം കണ്ടെത്താനാകാതെ വരിക, സ്വയം കുറ്റപ്പെടുത്തല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കൗമാരക്കാരില്‍ ആത്മഹത്യയുടെ സാധ്യത കൂട്ടുന്നുണ്ട്. ശുഭാപ്തിവിശ്വാസമില്ലായ്മ, അനിയന്ത്രിതമായ മനോവികാരങ്ങള്‍, ആക്രമണോത്സുകത, പ്രശ്നങ്ങള്‍ നേരിടാനുള്ള കഴിവില്ലായ്മ, എടുത്തുചാട്ടം, മുന്‍കോപം തുടങ്ങിയവയും ആത്മഹത്യയിലേക്കു നയിച്ചേക്കാം. തലച്ചോറില്‍ സിറോട്ടോണിന്‍ എന്ന നാഡീരസത്തിന്റെ അളവിലുണ്ടാകുന്ന വ്യതിയാനവും ആത്മഹത്യാ ആഭിമുഖ്യത്തിനു കാരണമാകാം. ജനനസമയത്ത് ശ്വാസതടസ്സം പോലുള്ള വൈഷമ്യങ്ങള്‍ നേരിട്ട കുട്ടികളില്‍ കൗമാരത്തില്‍ പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാനുള്ള കഴിവ് കുറയുകയും അത്തരം സന്ദര്‍ഭങ്ങളില്‍ ആത്മഹത്യയില്‍ അഭയം തേടാനുള്ള പ്രവണത വര്‍ധിക്കുകയും ചെയ്യുന്നുണ്ട് എന്നും സൂചനകളുണ്ട്.
മുമ്പ് ആത്മഹത്യക്കു ശ്രമിച്ച് പരാജയപ്പെട്ടവര്‍ വീണ്ടും ശ്രമിക്കാനുള്ള സാധ്യത ഏറെയാണ്.

മുമ്പ് ആത്മഹത്യകള്‍ നടന്ന കുടുംബങ്ങളിലും അമിതമദ്യപാനം, വിഷാദരോഗം തുടങ്ങിയ മാനസികപ്രശ്നങ്ങള്‍ ഉള്ളവരുടെ കുട്ടികളിലും ആത്മഹത്യാപ്രവണത കൂടുതലായി കണ്ടുവരുന്നുണ്ട്.
കഠിനമായ ശിക്ഷാനടപടികള്‍, ശാരീരികമോ ലൈംഗികമോ ആയ പീഡനങ്ങള്‍, നല്ല വ്യക്തിബന്ധങ്ങളുടെ അഭാവം മുതലായവ കുട്ടികളെ ആത്മഹത്യയിലേക്കു തള്ളിവിട്ടേക്കാം. മാതാപിതാക്കളുടെ വഴിപിരിയല്‍, കുടുംബാംഗങ്ങളുടെ മരണം, നിരന്തരമുള്ള കുടുംബകലഹങ്ങള്‍ തുടങ്ങിയവയും അവരില്‍ ആത്മഹത്യാചിന്തകളുണ്ടാക്കാം. നല്ല മാര്‍ഗനിർദേശങ്ങള്‍ നല്‍കാനും പ്രശ്നങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യാനും മുതിര്‍ന്നവരുടെ സാമീപ്യം ഇല്ലാത്തതും ആത്മഹത്യാസാധ്യത വര്‍ധിപ്പിച്ചേക്കാം. നേരിട്ടോ ദൃശ്യമാധ്യമങ്ങളിലൂടെയോ ആത്മഹത്യകള്‍ കാണല്‍ എന്നിവമൂലം ആത്മഹത്യാരീതി അനുകരിച്ചുനോക്കാനുള്ള പ്രവണത ചില കുട്ടികളില്‍ കാണാറുണ്ട്.

ലക്ഷണങ്ങള്‍

സ്വയം ജീവിതം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്ന കുട്ടികളില്‍ മിക്കവരും അക്കാര്യം അടുപ്പമുള്ളവരോട് മുന്‍കൂട്ടി പറയാറുണ്ട്. അതുകൊണ്ട് ഇത്തരം സൂചനകളെ ഒരിക്കലും അവഗണിക്കരുത്. അകാരണമായ നിരാശ, ദേഷ്യം, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, മെലിച്ചില്‍, തളര്‍ച്ച, നെഞ്ചിടിപ്പ്, ശ്രദ്ധക്കുറവ്, മറവി, വിനോദങ്ങളില്‍ താത്പര്യമില്ലായ്മ, അസ്ഥാനത്തുള്ള കുറ്റബോധം, ആത്മവിശ്വാസക്കുറവ്, മരണചിന്തകള്‍, ശുഭാപ്തിവിശ്വാസമില്ലായ്മ തുടങ്ങിയവ വിഷാദരോഗത്തിന്റെ സൂചനകളാവാം. ഇതില്‍ നാലിലേറെ ലക്ഷണങ്ങള്‍ രണ്ടാഴ്ചയിലേറെ നീണ്ടുനില്‍ക്കുന്നുണ്ടെങ്കില്‍ ഉടനെ വിദഗ്ധസഹായം ലഭ്യമാക്കണം.
പഠനനിലവാരത്തില്‍ പെട്ടെന്നുള്ള തകര്‍ച്ച, മദ്യം, ലഹരിപദാര്‍ഥങ്ങള്‍ തുടങ്ങിയവയുടെ അമിതമായ ഉപയോഗം, അപകടം പിടിച്ച കാര്യങ്ങള്‍ ചെയ്യാനുള്ള പ്രവണത, ആത്മഹത്യാരീതികളെപ്പറ്റിയുള്ള അന്വേഷണങ്ങള്‍ എന്നിവയെല്ലാം കൂടുതല്‍ ഗൗരവമായെടുക്കേണ്ടതാണ്.

വിവിധ ഘട്ടങ്ങള്‍

ശൈശവകാലത്ത് രക്ഷിതാക്കളുടെ സ്നേഹവും വാത്സല്യവും വേണ്ട വിധത്തില്‍ ലഭിക്കാതെ അശ്രദ്ധയോടെ വളരാനിടയായാല്‍ ആ കുട്ടി പില്‍ക്കാലത്ത് ചില സ്വഭാവദൂഷ്യങ്ങള്‍ പ്രകടിപ്പിക്കാം. നല്ല മനുഷ്യരുമായി ഇടപെടാനുള്ള അവരുടെ അവസരം കുറയുന്നു. ഇക്കാരണത്താല്‍ സ്വഭാവദൂഷ്യക്കാര്‍ക്ക് തങ്ങളുടെ തെറ്റുകള്‍ മറ്റുള്ളവരില്‍ നിന്നു മനസ്സിലാക്കാനും സ്വയം നിയന്ത്രിച്ച് പരിഹരിക്കാനുമുള്ള സാഹചര്യം നഷ്ടപ്പെടുന്നു. സ്വഭാവദൂഷ്യമുള്ളവര്‍ പ്രാഥമിക വിദ്യാഭ്യാസ ഘട്ടത്തില്‍ കൂട്ടുകാരുമായും അധ്യാപകരുമായും മറ്റും നിരന്തരം പ്രശ്നങ്ങളുണ്ടാക്കുന്നു. ഇവര്‍ സഹപാഠികളെ മിക്കപ്പോഴും ശത്രുക്കളായി കാണുന്നു. നിസ്സാരമായ തര്‍ക്കങ്ങളില്‍ പോലും സഹപാഠികളുടെ നേരെ അതിക്രമങ്ങള്‍ക്കു മുതിരുന്നു. വളരുന്നതൊടൊപ്പം പ്രശ്നങ്ങളും കൂടുന്നു. അവരും അധ്യാപകരും തമ്മില്‍ പ്രശ്നങ്ങളും പതിവാകുന്നു. വീട്ടിലും സ്‌കൂളിലും വെച്ച് മറ്റുള്ളവരുമായി വേണ്ട വിധത്തില്‍ ഇടപഴകുന്നില്ല. എല്ലാവരും അവഗണിക്കുന്നതോടെ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീർണമാകുന്നു. ഇങ്ങനെ ഒറ്റപ്പെടുന്നവര്‍ പിന്നീട് മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്ന ക്രിമിനലുകളായി മാറുന്നു.

രോഗത്തിന്റെ ആധിക്യം

സ്വഭാവദൂഷ്യരോഗം പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികളിലാണ് കൂടുതലായി കാണുന്നത്. 18 വയസ്സിന് താഴെയുള്ള വലിയൊരു വിഭാഗത്തില്‍ ഈ പ്രശ്നമുണ്ട്. കുട്ടിയുടെ സാമൂഹികവിരുദ്ധ സ്വഭാവത്തിനു പിന്നില്‍ ഒരു കൂട്ടം കാരണങ്ങള്‍ കാണാം. ചില രക്ഷിതാക്കളുടെ മനോഭാവവും കുട്ടികളെ വളര്‍ത്തുന്നതിലുള്ള പോരായ്മയും സ്വഭാവദൂഷ്യങ്ങള്‍ക്ക് കാരണമാകുന്നു. വീട്ടിലെ മോശമായ അന്തരീക്ഷം, തകര്‍ന്ന കുടുംബബന്ധങ്ങള്‍, മാനസികപ്രശ്നങ്ങളുള്ള രക്ഷിതാക്കള്‍, കുട്ടികളെ അകാരണമായി ശകാരിക്കലും അവഗണിക്കലും, സമൂഹവിരുദ്ധ സ്വഭാവമുള്ളവരോ, മദ്യം, മയക്കുമരുന്ന് എന്നിവ ശീലമാക്കിയവരോ ആയ രക്ഷിതാക്കള്‍ എന്നിവയെല്ലാം കുട്ടികളിലെ സ്വഭാവദൂഷ്യങ്ങള്‍ക്ക് കാരണമാകുന്ന ഘടകങ്ങളാണ്. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ അവരുടെ മനസ്സിലുള്ള മോഹങ്ങളും ലക്ഷ്യങ്ങളും നിറവേറ്റുന്നതിനായി ചീത്ത മാര്‍ഗങ്ങള്‍ തേടാറുണ്ട്. അവഗണിക്കപ്പെട്ട് വളരുന്ന കുട്ടികള്‍ പൊതുവെ ദേഷ്യവും ക്ഷമയില്ലായ്മയും പ്രകടിപ്പിക്കുന്നവരും നല്ല സാമൂഹിക ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ കഴിയാത്തവരുമായിരിക്കും. ദീര്‍ഘകാലത്തോളം ശാരീരിക, ലൈംഗികാതിക്രമങ്ങള്‍ക്കു വിധേയരാകുന്ന കുട്ടികള്‍ മിക്കപ്പോഴും അക്രമസ്വഭാവം പ്രകടിപ്പിക്കുന്നു.

ചികിത്സ

ഒരു സ്‌കൂള്‍ കൗണ്‍സലര്‍ക്ക് ചികില്‍സ ആവശ്യമുള്ള ഇത്തരം കുട്ടികളെ കൗണ്‍സലിംഗിലൂടെ തിരിച്ചറിയാന്‍ കഴിയും. സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിനു കീഴില്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ സൈക്കോ സോഷ്യല്‍ കൗണ്‍സലര്‍മാരുടെ സേവനം ലഭ്യമാണ്.
കൗണ്‍സലര്‍ രക്ഷിതാക്കളെ വിളിച്ചുവരുത്തി കുട്ടിയെ ചികിത്സക്ക് വിധേയമാക്കേണ്ടതിന്റെ നിരദേശം നല്‍കുന്നു. ഡിസ്ട്രിക് മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം എന്ന വിപുലമായ പദ്ധതി ഓരോ ജില്ലയിലും ഉണ്ട്. വിദഗ്ധനായ ഒരു ഡോക്ടര്‍ നോഡല്‍ ഓഫീസറായാണ് ഈ പദ്ധതി പ്രവര്‍ത്തിക്കുന്നത്. സ്വഭാവ ദൂഷ്യരോഗം ചികിത്സിച്ചു മാറ്റാന്‍ മരുന്ന്, വിദ്യാഭ്യാസം, കുടുംബം, മനസ്സ് എന്നീ ഘടകങ്ങളെയെല്ലാം കൂട്ടിച്ചേര്‍ത്തുള്ള ഒരു സമഗ്ര ചികിത്സാരീതിയാണാവശ്യം. ഇക്കാരണത്താല്‍ ചികിത്സ ഒരു വിദഗ്ധ സംഘത്തിന്റെ നിയന്ത്രണത്തിലായിരിക്കണം നടക്കേണ്ടത്. മരുന്ന് ചികിത്സയെക്കുറിച്ചുള്ള വിവരങ്ങള്‍, രക്ഷിതാക്കള്‍ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കുമുള്ള മനശ്ശാസ്ത്രപരമായ നിർദേശങ്ങള്‍, സ്‌കൂള്‍ അധികൃതരുമായുള്ള ചര്‍ച്ചകള്‍, പഠനകാര്യങ്ങളിലുള്ള സഹായം, വ്യക്തിഗത ഉപദേശങ്ങള്‍ എന്നിവയുള്‍പ്പെടുന്ന ഒരു വലിയ പദ്ധതിയാണ് അത്തരം ചികിത്സ. മനശ്ശാസ്ത്രവിദഗ്ധന്റെ പരിശോധനയിലൂടെ വിവിധ കാര്യങ്ങള്‍ തിരിച്ചറിയേണ്ടതാണ്.

നിസ്സാര കാര്യങ്ങളുടെ പേരിലാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് എല്ലാവരും പറയുക. എന്നാല്‍ കാര്യം അത്ര നിസ്സാരമല്ല. പുറത്ത് നാം അറിഞ്ഞ നിസ്സാര കാര്യത്തിനപ്പുറം ആഴത്തില്‍ വേരുകളുള്ള ചില രോഗമുണ്ട്. അതിനെ വേരോടെ പിഴുതെറിയാനുള്ള ജാഗ്രതയാണ് നാം കാണിക്കേണ്ടത്.
.

avinac2020@gmail.com

Latest