Connect with us

Kozhikode

ഫോക്ക്‌ലോർ ദിനം: യമനീ പാരമ്പര്യം മുറിയാതെ മൂന്ന് പതിറ്റാണ്ട്

Published

|

Last Updated

കോഴിക്കോട് | 139 വർഷത്തെ കണ്ണിമുറിയാത്ത യമനീ പാരമ്പര്യമുള്ള കാപ്പാട് ദഫ് പരിശീലനത്തിൽ വ്യാപൃതനാണ് ഡോ. കോയ കാപ്പാട്. പിതാവ് ഉസ്താദ് അഹമ്മദ് കുട്ടി മുസ്‌ലിയാരോടൊന്നിച്ചും അദ്ദേഹത്തിന്റെ വിയോഗ ശേഷവും ദഫിനെ ജനകീയമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച കോയ കാപ്പാട് ദഫ് പരിശീലന രംഗത്ത് മൂന്ന് പതിറ്റാണ്ട് പിന്നിടുകയാണ്. കേരളത്തിലെ ദഫ്മുട്ടിന്റെ പോറ്റില്ലമായി അറിയപ്പെടുന്ന കാപ്പാട് ആലസ്സം വീട്ടിൽ പൂർവികർ തുടങ്ങിവെച്ച ഗുരുകുല സമ്പ്രദായത്തിലുള്ള പരിശീലനക്കളരി ഇപ്പോൾ കോയ കാപ്പാടാണ് നിയന്ത്രിക്കുന്നത്. ദഫിന്റെ പ്രചാരണത്തിനായി പ്രവർത്തിച്ചതിനുള്ള അംഗീകാരമായി കോയ കാപ്പാടിനെ തേടി 2012ലെ കേരളാ ഫോക്ക്‌ലോർ അക്കാദമി അവാർഡും 2017ലെ കേന്ദ്ര സർക്കാറിന്റെ ഗുരു പദവിയും എത്തി.

സ്‌കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് തന്റെ പിതാവിൽ നിന്ന് കോയ കാപ്പാട് ദഫിന്റെ ബാലപാഠം നുകരുന്നത്. പത്താം വയസ്സിൽ ഇന്ദ്രപ്രസ്ഥത്തിലെത്തി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സാന്നിധ്യത്തിൽ രാജ്യത്തെ വിശ്രുത കലാകാരൻമാരെ സാക്ഷി നിർത്തി പിതാവിനൊന്നിച്ച് അരങ്ങേറ്റം കുറിച്ച ഡോ. കോയ കാപ്പാട് 1990 മുതലാണ് പരിശീലന രംഗത്തേക്ക് കടക്കുന്നത്. 2008ൽ തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈന്റെ ക്ഷണപ്രകാരം അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ മുംബൈയിൽ പരിപാടി അവതരിപ്പിച്ചതും 2015ൽ ഡൽഹി കേരളാ ഹൗസിൽ നടന്ന കേരളോത്സവത്തിലും റിപ്പബ്ലിക്് ദിന പരേഡിൽ തമിഴ്‌നാട് സർക്കാറിന്റെ ക്ഷണപ്രകാരം ചെന്നൈയിൽ ദഫ്മുട്ട് അവതരിപ്പിക്കാൻ അവസരം ലഭിച്ചതും ഈ കലക്ക് ലഭിച്ച വലിയ അംഗീകാരമായാണ് അദ്ദേഹം കാണുന്നത്. നിരവധി സന്നദ്ധ സംഘടനകളുടെ ആദരവുകൾ ലഭിച്ചിട്ടുണ്ടെങ്കിലും കലയുടെ പ്രചാരണത്തിന് പ്രാപ്തരായ നൂറ് കണക്കിന് ശിഷ്യരെ ഈ മേഖലയിൽ വാർത്തെടുക്കാൻ കഴിഞ്ഞതാണ് വലിയ സന്തോഷം നൽകുന്നതെന്ന് ഡോ. കോയ കാപ്പാട് പറഞ്ഞു.

ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമായ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ദഫ് മുട്ട് ഉൾപ്പെടുത്തിയത് മുതൽ കോയ കാപ്പാടിന്റെ ശിഷ്യരും പ്രശിഷ്യരും ഇന്ന് വരെ തോൽവിയുടെ രുചി അറിഞ്ഞിട്ടില്ല. സാമ്പത്തികമായി പിന്നാക്കം നിൽകുന്ന നിരവധി വിദ്യാർഥികളെ ദഫിന്റെ കൂട്ടായ്മയിലൂടെ ഉയർന്ന കോഴ്‌സ് പഠിക്കാൻ കോയ കാപ്പാട് സഹായിക്കുന്നു. ഹിജ്‌റ വർഷം 1303ൽ പ്രപിതാമഹനും വിഷചികിത്സകനും സൂഫിയുമായിരുന്ന സൈത് അഹമ്മദ് മുസ്‌ലിയാർ സ്ഥാപിച്ച ദഫ് മുട്ട് പരിശീലനക്കളരിക്ക് ഇപ്പോൾ കേരളാ ഫോക്ക്‌ലോർ അക്കാദമിയുടെയും നെഹ്‌റു യുവകേന്ദ്രയുടെയും കേന്ദ്ര സർക്കാറിന്റെ സാംസ്‌കാരിക സ്ഥാപനമായ സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെയും അംഗീകാരത്തോട് കൂടിയാണ് പരിശീലനം നൽകുന്നത്.

കലാക്ഷേത്ര പദ്ധതിയും ടൂറിസം കേന്ദ്രങ്ങളെ ലക്ഷ്യമാക്കി കേരളത്തിലെ നാടൻ കലാകാരൻമാരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള “ഉത്സവ്” പ്രോഗ്രാമും നിയമസഭയുടെ വജ്രജൂബിലിയുടെ ഭാഗമായി യുവകലാകാരന്മാരെ സംരക്ഷിക്കാൻ ഇടത് സർക്കാർ കൊണ്ടുവന്ന നിയമസഭാ വജ്രജൂബിലി ഫെല്ലോഷിപ്പും നാടൻ കലാകാരന്മാർക്ക് വലിയ ആശ്വാസവും ദഫ്മുട്ട് അടക്കമുള്ള നാടൻ കലക്കുള്ള വലിയ അംഗീകാരവുമാണ്. കോയ കാപ്പാടിന്റെ പരിശീലനം നേടിയ നിരവധി വിദ്യാർഥികൾക്ക് ഈ ഫെല്ലോഷിപ്പിന്റെ ഭാഗമായി മാസം തോറും കേരള സർക്കാർ 15,000 രൂപ നൽകി വരുന്നു. ഹൈദരാബാദ് മൗലാനാ ആസാദ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് ഭാഷാ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടുകയും അംബേദ്കർ യൂനിവേഴ്‌സിറ്റിയിൽ നിന്നും സൂഫിസത്തിൽ ഡോക്്ടറേറ്റ് ലഭിക്കുകയും ചെയ്തിട്ടുണ്ട്.

എല്ലാ വർഷവും ജമാദുൽ ഊലാ 22ന് ആലസ്സം വീട്ടിൽ നടക്കുന്ന കുത്ത് റാത്തീബിലൂടെ ജാതി മത ഭേദമന്യേ നിരവധിയാളുകൾക്ക് ചാരിറ്റി പ്രവർത്തനവും പാവപ്പെട്ട ദഫ് മുട്ട് കലാകാരൻമാർക്ക് ഗൃഹനിർമാണ സഹായവും നൽകി വരുന്നു. കലോത്സവങ്ങളിൽ മാത്രം ഒതുക്കി നിർത്താതെ പാഠ്യപദ്ധതിയിൽ ദഫ്മുട്ട് പോലുള്ള അനുഷ്ഠാന കലകൾ ഉൾപ്പെടുത്തിയാൽ വരും തലമുറക്ക് അത് അനുഗ്രഹമാകുമെന്ന് കോയ കാപ്പാട് പറഞ്ഞു.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest