Connect with us

Kerala

കാലവർഷം: കെ എസ് ഇ ബിക്ക് 80 കോടിയുടെ നഷ്ടം

Published

|

Last Updated

കോഴിക്കോട് | കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിലെ കാലവർഷക്കെടുതിയിൽ കെ എസ് ഇ ബിക്ക് 80.37 കോടിയുടെ നഷ്ടം. ഇതിൽ 19.91 കോടി രൂപയുടെ നാശ നഷ്ടങ്ങളുണ്ടായത് കണ്ണൂർ സർക്കിളിൽ മാത്രമാണ്. 10.85 കോടി രൂപ നഷ്്ടമുള്ള തൊടുപുഴ സർക്കിളാണ് രണ്ടാം സ്ഥാനത്ത്.

മേഖല തിരിച്ചുള്ള കണക്കെടുപ്പിൽ പാലക്കാട് മുതൽ വടകര വരെ 30.86 കോടി രൂപയുടെയും കൽപ്പറ്റ, കണ്ണൂർ, കാസർകോട് മേഖലയിൽ 23.21 കോടിയുടെയും നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൊടുപുഴ, തൃശൂർ, ഇരിഞ്ഞാലക്കുട പ്രദേശങ്ങളടങ്ങിയ മേഖലയിൽ 16.81 കോടി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം തുടങ്ങിയ മേഖലകളിലായി 9.48 കോടി എന്നിങ്ങനെയാണ് നഷ്ടങ്ങളുടെ കണക്ക്.

തീവ്ര മഴ കഴിഞ്ഞ് ഏതാനും ദിവസങ്ങളായെങ്കിലും അറ്റകുറ്റപ്പണികൾ പൂർണമായും പരിഹരിക്കാൻ കെ എസ് ഇ ബിക്ക് ഇനിയും ദിവസങ്ങൾ വേണം. 2,42,278 ഗാർഹിക ഉപഭോക്താക്കൾ ഇപ്പോഴും ലൈനിലെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുന്നതും കാത്ത് ഇരുട്ടിലാണ്.

കഴിഞ്ഞ ദിവസത്തെ തീവ്ര മഴയിലും കാറ്റിലും 2,701 ഹെടെൻഷൻ ലൈനുകളാണ് പൊട്ടി വീണത്. 30,027 ലോ ടെൻഷൻ ലൈനുകളും നിലം പതിച്ചിട്ടുണ്ട്. 5,864 ലോ ടെൻഷൻ ലൈനുകളുള്ള പോസ്റ്റുകളും 1,156 ഹൈ ടെൻഷനുകളുള്ള പോസ്റ്റുകളും നിലം പൊത്തി. ഈ കാലയളവിലുണ്ടായ വൈദ്യുതി തടസ്സം ഗാർഹിക ഉപഭോക്താക്കളെയും മറ്റും കൂടുതൽ ബാധിച്ചത് കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം സർക്കിളിലാണ്. 2,78,158 എണ്ണം. മഞ്ചേരിയിൽ 2,32,288, പാലക്കാട്ട് 1,94,784, വടകരയിൽ 1,66,595 എന്നിങ്ങനെയാണ് മറ്റ് സർക്കിളുകളിലെ എണ്ണം. പത്തനംതിട്ടയിലാണ് അറ്റകുറ്റപ്പണികൾ ഇനി കൂടുതലായി പൂർത്തീകരിക്കാനുള്ളത്. ഇവിടെ 84,916 പേർ ഇപ്പോഴും വൈദ്യുതി തടസ്സം അനുഭവിക്കുകയാണ്. തിരുവനന്തപുരം മുതൽ പാല വരെയുള്ള ഈ മേഖലയിൽ മൊത്തം 1,59,926 പേർക്കാണ് ഇനി വൈദ്യുതി പുനഃസ്ഥാപിച്ചു നൽകാനുള്ളത്.

സംസ്ഥാനത്തിന്റെ മധ്യമേഖലയിൽ 52,518 പേരും വടക്ക് ഭാഗത്തെ രണ്ട് മേഖലകളിലായി 24458, 5376 പേരും വൈദ്യുതി തടസ്സം തീർന്നുകിട്ടാൻ കാത്തിരിക്കുന്നുണ്ട്. കൂടാതെ, 13,231 ട്രാൻസ്‌ഫോർമറുകൾ കാലവർഷക്കെടുതിയിൽ കടപുഴകിയിട്ടുണ്ട്. ഇവയിൽ 5,376 എണ്ണത്തിന്റെ അറ്റകുറ്റപ്പണികൾ ഇനിയും തീർക്കാനുണ്ട്. ട്രാൻസ്‌ഫോർമറുകൾക്ക് കേടുപാട് സംഭവിച്ചതിൽ കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം തന്നെയാണ് മുന്നിൽ. 1,906 എണ്ണം. ഹരിപ്പാട് 981, മഞ്ചേരി 961, പത്തനംതിട്ട 858 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്. മൊത്തം ട്രാൻസ്‌ഫോർമറുകളിൽ 52 എണ്ണം പൂർണമായും ഉപയോഗശൂന്യമായിട്ടുണ്ടെന്ന് കെ എസ് ഇ ബി കണ്ടെത്തി.

ഇതിന് പുറമെ, വൈദ്യുതി വിതരണം സ്തംഭിച്ച സാഹചര്യത്തിൽ ശരാശരി പ്രതിദിനം രണ്ട് കോടി രൂപയോളം കെ എസ് ഇ ബിക്ക് വൈദ്യുതി വിൽപ്പനയിൽ കുറവുണ്ടായിട്ടുണ്ട്.

അതേസമയം, പ്രളയം തകർത്തെറിഞ്ഞ കഴിഞ്ഞ വർഷം വൈദ്യുതി ബോർഡിന് 250 കോടിയോളം രൂപ നഷ്ടമായിട്ടുണ്ട്. ഇത് സഹിച്ച് നിവർന്നുവരുന്നതിനിടക്കാണ് പുതിയ നഷ്ടക്കണക്ക്.

Latest