Connect with us

Articles

വീണ്ടും പഴയ വീഞ്ഞ്; പുതിയ കുപ്പി

Published

|

Last Updated

സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യല്‍. തുടര്‍ച്ചയായ ഏഴാം വട്ടവും അതിന്റെ ധാടിയും മോടിയും കുറച്ചില്ല നമ്മുടെ പ്രധാനമന്ത്രി. പ്രസംഗത്തിന്റെ ദൈര്‍ഘ്യത്തിലും വിട്ടുവീഴ്ചയുണ്ടായില്ല. ഒന്നര മണിക്കൂര്‍, ശബ്ദ ഗാംഭീര്യം ചോരാതെ. അദ്ദേഹത്തിന്റെ ആരാധകരെ ആവേശത്തിലാഴ്ത്താന്‍ പാകത്തില്‍. വസ്തുതകള്‍ക്ക് വിലകൊടുക്കുന്നവരുടെ കാര്യത്തില്‍ ഇത്തരം ഭാഷണങ്ങളെല്ലാം വാചാടോപം മാത്രമായേ അനുഭവപ്പെടാറുള്ളൂ. വര്‍ഗീയ, തീവ്ര ദേശീയ വികാരത്തിനപ്പുറത്ത്, ജീവിത യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കുന്നവര്‍ക്കും. വേഷഭൂഷാദികളില്‍ രാജ്യത്തിന്റെ മുന്‍കാല പ്രധാനമന്ത്രിമാര്‍ക്കൊന്നുമില്ലാത്ത ശ്രദ്ധ കാണിക്കാറുണ്ട് നരേന്ദ്ര മോദി. പ്രത്യേകിച്ച് സ്വാതന്ത്ര്യ ദിനത്തില്‍ അവതരിക്കുമ്പോള്‍, രാജഭരണ കാലത്തെ ഓര്‍മിപ്പിക്കും വിധത്തിലുള്ള തലപ്പാവ് ഒഴിവാക്കാറില്ല. കാവിയില്‍ അര്‍ധവൃത്തം തികക്കുന്നതായിരുന്നു ഇക്കുറി തലപ്പാവ്. ധ്വന്യാത്മകം. അര്‍ധവൃത്തം കൂടി പൂര്‍ത്തിയാക്കാനുണ്ടെന്ന് ഓര്‍മിപ്പിക്കുന്നതോ അര്‍ധ വൃത്തം പൂര്‍ത്തിയാക്കി എന്ന് പ്രഖ്യാപിക്കുന്നതോ?

ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്ര നിര്‍മാണം തുടങ്ങിയത് പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു അദ്ദേഹം. ആ പ്രശ്‌നം “സമാധാനപരമായി പരിഹരിക്കാന്‍” സാധിച്ചത് എടുത്തുപറഞ്ഞു. ആ പ്രശ്‌നം സമാധാനപരമായി പരിഹരിക്കുകയായിരുന്നോ എന്ന് ഇനി വ്യക്തമാക്കേണ്ടത് സുപ്രീം കോടതിയാണ്. ഭൂമിയുടെ ഉടമസ്ഥത ഹിന്ദുക്കള്‍ക്കാണെന്ന് വിധിച്ച പരമോന്നത കോടതി അവിടെ രാമക്ഷേത്രം നിര്‍മിക്കണമെന്ന് കൂടി നിര്‍ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ കാര്‍മികത്വത്തില്‍ അവിടെ ക്ഷേത്രത്തിന് തറക്കല്ലിട്ടത് എന്നായിരുന്നു ധാരണ. സമാധാനപരമായ പരിഹാരം കാണലായിരുന്നു അതെന്ന് പ്രധാനമന്ത്രി പറയും വരെ അറിഞ്ഞിരുന്നില്ല. ആ പരിഹാരം കാണലില്‍ കോടതിയുടെ പങ്കെന്ത് എന്ന് കൂടി ചോദിക്കേണ്ടതാണ്, കോടതിയലക്ഷ്യ ഭയത്താല്‍ ചോദിക്കുന്നില്ല.

വിഷയം അതല്ല, ഒന്നര മണിക്കൂര്‍ നീണ്ട പ്രസംഗത്തിനിടെ പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങളാണ്. കൊവിഡ് വ്യാപനം മൂലമുണ്ടായ ആഘാതത്തില്‍ നിന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ രക്ഷിച്ചെടുക്കാന്‍ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ 110 ലക്ഷം കോടിയിലേറെ നിക്ഷേപം നടത്തുമെന്നാണ് ഒരു പ്രഖ്യാപനം. തിരഞ്ഞെടുത്ത 7,000 പദ്ധതികളുമാണ് നടപ്പാക്കുക. കൊവിഡ് വ്യാപനമുണ്ടാകുന്നതിന് മുമ്പ് തന്നെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങിയിരുന്നു. ചുരുങ്ങിച്ചുരുങ്ങിവന്ന വളര്‍ച്ചാ നിരക്കിന്റെ കണക്കുകള്‍ ഉദ്ധരിച്ച് സാമ്പത്തിക വിദഗ്ധര്‍ ഇത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൊവിഡ് കൂടി വന്നതോടെ സ്ഥിതി പരുങ്ങലിലായി. രക്ഷിച്ചെടുക്കണമെങ്കില്‍ ഇതുപോലെ വലിയ പദ്ധതികള്‍ വേണം, അതിലേക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണമൊഴുകുകയും വേണം. ആ നിലക്ക് പ്രഖ്യാപനം ഗംഭീരമായി എന്ന് വേണമെങ്കില്‍ പറയാം. അപ്പോഴാണൊരു സംശയം, ഈ വലിപ്പത്തിലുള്ള ഒരു തുകയെക്കുറിച്ച് കഴിഞ്ഞ വര്‍ഷം തലപ്പാവണിഞ്ഞപ്പോള്‍ പറഞ്ഞതല്ലേ എന്ന്.
2019ലെ സ്വാതന്ത്ര്യ ദിനത്തില്‍ ശബ്ദ ഗാംഭീര്യത്തോടെ പറഞ്ഞത്, അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ 100 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്നാണ്. അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷം കോടി ഡോളര്‍ മൂല്യമുള്ളതായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മാറ്റുക എന്നതാണ് ലക്ഷ്യമെന്നും പറഞ്ഞു. പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനൊപ്പം രണ്ട് ലക്ഷം കോടി കൂടി ചേര്‍ത്ത് 2019 ഡിസംബറില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ 102 ലക്ഷം കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് അറിയിച്ചു. മൂന്ന് ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ കൂടി ഇതിനൊപ്പം ചേരുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. ഊര്‍ജം, റെയില്‍വേ, നഗര ജലവിതരണം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ പദ്ധതികളാണ് നടപ്പാക്കുക എന്നും ഇതില്‍ 39 ശതമാനം കേന്ദ്ര സര്‍ക്കാറിന്റെതും 39 ശതമാനം സംസ്ഥാന സര്‍ക്കാറുകളുടെതും 22 ശതമാനം സ്വകാര്യ സംരംഭകരുടെതുമാണെന്നും പറഞ്ഞിരുന്നു. എട്ട് മാസത്തിനിപ്പുറം അടിസ്ഥാന സൗകര്യ വികസനത്തിനായി 110 ലക്ഷം കോടിയിലേറെ ചെലവിടുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ വരുത്താവുന്ന ധനക്കമ്മിയുടെ 83.2 ശതമാനം ജൂണ്‍ അവസാനമായപ്പോഴേക്കും ആയിക്കഴിഞ്ഞു. നിത്യനിദാനത്തിന് കടമെടുത്തതിന്റെ കണക്കാണിത്. ഈ അവസ്ഥയില്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച 102 ലക്ഷം കോടിയും ഇപ്പോള്‍ പ്രഖ്യാപിച്ച 110 ലക്ഷം കോടിയുമൊക്കെ? 2019ലെ സ്വാതന്ത്ര്യ ദിനത്തില്‍ പ്രഖ്യാപിച്ച, നിര്‍മലാ സീതാരാമന്‍ വിശദീകരിച്ച അതേ സംഗതി തന്നെയാണോ അല്‍പ്പം കൂടി കൂട്ടി ഇപ്പോള്‍ പ്രഖ്യാപിച്ചത്? സുതാര്യത ലേശം പോലുമില്ലാത്ത ഭരണകൂടമായതിനാല്‍ തിരിച്ചറിയുക പ്രയാസം.

“മെയ്ക്ക് ഫോര്‍ വേള്‍ഡ്” എന്നതാണ് അടുത്തത്. 2014ല്‍ തലപ്പാവണിഞ്ഞപ്പോഴാണ് “മേക് ഇന്‍ ഇന്ത്യ” എന്ന പ്രഖ്യാപനമുണ്ടായത്. വ്യാവസായിക ഉത്പാദന മേഖലയിലെ വളര്‍ച്ചാ നിരക്ക് വര്‍ഷത്തില്‍ 12 മുതല്‍ 14 ശതമാനം വരെയായി കൂട്ടുക, 10 കോടി തൊഴിലവസരം പുതുതായി സൃഷ്ടിക്കുക, മൊത്തം ആഭ്യന്തര ഉത്പാദനത്തിലേക്ക് ഈ മേഖലയില്‍ നിന്നുള്ള സംഭാവന 2022 ആകുമ്പോഴേക്കും 25 ശതമാനമാക്കുക എന്നതൊക്കെയായിരുന്നു ലക്ഷ്യം. ഒന്നും നടന്നില്ല. സ്വകാര്യ മേഖലയുടെ മൂലധന നിക്ഷേപം 2013-14 സാമ്പത്തിക വര്‍ഷത്തില്‍ ജി ഡി പിയുടെ 31.3 ശതമാനമായിരുന്നത് 2017-18 സാമ്പത്തിക വര്‍ഷമായപ്പോള്‍ 28.6 ശതമാനമായി കുറഞ്ഞു (സര്‍ക്കാര്‍ തന്നെ പുറത്തിറക്കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലേതാണ് ഈ കണക്ക്). സ്വകാര്യ മേഖലയിലെ നിക്ഷേപം വര്‍ധിക്കാതെ ഉത്പാദന മേഖലയില്‍ വളര്‍ച്ചയുണ്ടാകില്ല. തൊഴിലവസര സൃഷ്ടിയുണ്ടായില്ലെന്ന് മാത്രമല്ല, തൊഴിലില്ലായ്മയുടെ നിരക്ക് കുത്തനെ കൂടുകയും ചെയ്തു. 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കെന്ന് ഇടക്ക് കേള്‍ക്കുകയും ചെയ്തു. “മേക് ഇന്‍ ഇന്ത്യ” അഞ്ചാണ്ട് പൂര്‍ത്തിയാകുമ്പോഴുള്ള ഈ സ്ഥിതിയില്‍ നിന്നാണ് രാജ്യം “മേക് ഫോര്‍ വേള്‍ഡി”ലേക്ക് മുന്നേറുന്നത്!

മേക് ഇന്‍ ഇന്ത്യയാണെങ്കിലും മേക് ഫോര്‍ വേള്‍ഡാണെങ്കിലും അതിലേക്ക് വലിയ സംഭാവന ചെയ്യേണ്ടത് രാജ്യത്തെ ചെറുകിട – ഇടത്തരം – സൂക്ഷ്മ വ്യവസായങ്ങളാണ്. രാജ്യത്ത് ഏറ്റവുമധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിരുന്ന ഈ മേഖലയെ നോട്ട് നിരോധനം വലിയ തകര്‍ച്ചയിലേക്കാണ് തള്ളിയിട്ടത്. അതിന് പുറമെയാണ് കൊവിഡ് വ്യാപനവും ലോക്ക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധി. ഈ മേഖലയുടെ തിരിച്ചുവരവിന് എത്ര കാലമെടുക്കും? ഈ മേഖലക്ക് വലിയ സഹായമാകുന്നതൊന്നും കൊവിഡ് പാക്കേജായി പ്രഖ്യാപിച്ചതില്‍ ഇല്ലതാനും. ആ നിലക്ക് മേക് ഫോര്‍ വേള്‍ഡ് എന്നത് വാചാടോപം മാത്രമായി ശേഷിക്കാനേ തരമുള്ളൂ.
രാജ്യത്തെ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യമാണ് “ആത്മനിര്‍ഭര്‍ ഭാരത്” പദ്ധതിക്കുള്ളത്. പ്രഖ്യാപിച്ചത് മാസങ്ങള്‍ക്ക് മുമ്പ് മാത്രവും. രാജ്യം സ്വയം പര്യാപ്തമാകാന്‍ എത്ര കാലമെടുക്കും? അതിന് ശേഷം വേണമല്ലോ ലോകത്തിനാകെയായി ഉത്പാദനം തുടങ്ങാന്‍. ലോകത്തിനാകെയുള്ള ഉത്പാദനം തുടങ്ങിയെന്ന് തന്നെ വെക്കുക, കയറ്റുമതി അത്ര എളുപ്പമാകുമോ? സ്വയംപര്യാപ്തത എന്ന ലക്ഷ്യം നേടുന്നതിന് ഇറക്കുമതി നിയന്ത്രിക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്. ആദ്യ ഘട്ടമായി പ്രതിരോധ മേഖലയിലെ 100 ഉപകരണങ്ങളുടെ ഇറക്കുമതി നിരോധിച്ചു. ഇറക്കുമതി നിയന്ത്രിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചാല്‍, ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാന്‍ മറ്റ് രാജ്യങ്ങള്‍ മടിക്കില്ലെന്ന് ഉറപ്പ്. അതിരുകളില്ലാത്ത കമ്പോളമെന്ന ഉടമ്പടികളില്‍ പലത് ഒപ്പിട്ടു വെച്ചിട്ടുണ്ട് മുന്‍കാല സര്‍ക്കാറുകള്‍. ഇറക്കുമതി നിയന്ത്രിക്കാന്‍ തീരുമാനിക്കുമ്പോള്‍ ഈ കരാറുകള്‍ക്കൊക്കെ ഉലച്ചിലുണ്ടാകും. അതിന്റെ ആഘാതം ചെറുതാകാന്‍ ഇടയില്ല.

അഞ്ച് കൊല്ലം കൊണ്ട് വേരുപിടിക്കാത്ത “മേക് ഇന്‍ ഇന്ത്യ”, “മേക് ഫോര്‍ വേള്‍ഡ്” എന്ന മുദ്രാവാക്യമായി പുനരവതരിപ്പിക്കുന്നത് കഴിഞ്ഞ കൊല്ലം പ്രഖ്യാപിച്ച 100 ലക്ഷം കോടി ഇപ്പോള്‍ 110 ലക്ഷം കോടിയാക്കുന്നത് പോലെ തന്നെയാണ്. ശബ്ദഘോഷം കുറച്ചുകാലം നിലനില്‍ക്കുമെന്ന് മാത്രം.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest