Connect with us

National

കൊവിഡ് യോദ്ധാക്കളുടെത് മാതൃകാപരമായ പ്രവര്‍ത്തനം: രാഷ്ട്രപതി

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് മഹാമാരിക്കെതിരെ മുന്നില്‍ നിന്ന് പൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ മുക്തകണ്ഠം അഭിനന്ദിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കൊവിഡിനെതിരെ പോരാട്ടം നടത്തിയ ഡോക്ടര്‍മാരോടും നഴ്സുമാരോടും മുന്നില്‍നിന്ന് പൊരുതിയ എല്ലാവരോടും രാജ്യം കടപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യ ദിന സന്ദേശത്തിലാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്. കൊവിഡ് പോരാട്ടത്തിന് നേതൃത്വം നല്‍കിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. മാതൃകാപരമായ പ്രവര്‍ത്തനമാണ് അവര്‍ കാഴ്ചവച്ചത്. ചെയ്യാന്‍ കഴിയുന്നതിനും അപ്പുറത്തുള്ള സേവനമാണ്അവര്‍ നടത്തിയത്. അതിലൂടെയാണ് ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ കഴിഞ്ഞത്.

വ്യത്യസ്ത രീതിയിലാണ് ഇത്തവണ നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. മാരകമായ വൈറസ് മനുഷ്യജീവന് ഭീഷണി ഉയര്‍ത്തുകയും മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും തടസ്സപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണിത്. എന്നാല്‍, ലോകത്തെ പിടിച്ചുലച്ച മഹാമാരിയുടെ വ്യാപനത്തെ നിയന്ത്രിക്കാന്‍ നമുക്ക് കഴിഞ്ഞു. ലോകത്ത് എവിടെയുമുള്ള ഇന്ത്യക്കാരെ സഹായിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്. കൊവിഡ് മഹാമാരിക്കിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് ഇന്ത്യക്കാരെ വന്ദേ ഭാരത് ദൗത്യത്തിലൂടെ രാജ്യത്ത് എത്തിച്ചു.

പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജനയിലൂടെ കോടിക്കണക്കിന് ജനങ്ങള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കി. സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ ആവശ്യമുള്ളവര്‍ക്കെല്ലാം നല്‍കിയതിനാല്‍ ഒരു കുടുംബത്തിനും വിശന്ന് കഴിയേണ്ട സാഹചര്യമുണ്ടായില്ല. മാസം തോറും 80 കോടി ജനങ്ങള്‍ക്ക് സര്‍ക്കാര്‍ റേഷന്‍ ഉറപ്പാക്കാനും സാധിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തെ നാം നന്ദിപൂര്‍വം സ്മരിക്കേണ്ടതുണ്ട്. നമുക്ക് സ്വതന്ത്ര രാജ്യത്ത് ജീവിക്കാന്‍ കഴിയുന്നത് അവരുടെ ത്യാഗത്തിന്റെ ഫലമാണെന്നും രാഷ്ട്രപതി വ്യക്തമാക്കി.

Latest