Connect with us

Covid19

ഇന്ത്യയുടെ കൊവിഡ് വാക്‌സിനായ "കൊവാക്‌സിൻ" സുരക്ഷിതം; രണ്ടാം ഘട്ട പരീക്ഷണം സെപ്തംബറിൽ

Published

|

Last Updated

ന്യൂഡൽഹി| ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിനായ കൊവാക്‌സിൻ സുരക്ഷിതമെന്ന് കണ്ടെത്തിയതായി അധികൃതർ. ആദ്യഘട്ട പരീക്ഷണങ്ങൾക്കായി തിരഞ്ഞെടുത്ത മിക്ക കേന്ദ്രങ്ങളിലെയും ഒന്നാ ഘട്ട പരീക്ഷണം വിജയകരമായി പര്യവസാനിച്ചു. പരീക്ഷണത്തിൽ പങ്കെടുത്തവർക്ക് വിപരീതഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും വാക്‌സിൻ സുരക്ഷിതമാണെന്നും അധികൃതർ അറിയിച്ചു.

ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലായി 375 വോളണ്ടിയർമാരിലാണ് വാക്‌സിൻ പരീക്ഷിക്കുന്നത്. ന്യൂഡൽഹിയിലെ എയിംസിലൊഴികെ മറ്റ് കേന്ദ്രങ്ങളിലെല്ലാം ഇപ്പോഴും പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. ഓരോരുത്തർക്കും രണ്ട് ഡോസ് മരുന്നാണ് നൽകുന്നത്. ആദ്യ ഡോസ് നൽകിയതിന് ശേഷമുള്ള റിപ്പോർട്ടുകളിൽ മരുന്ന് സുരക്ഷിതമാണെന്ന് കണ്ടെത്തിയെന്നും അടുത്ത ഡോസ് നൽകിയതിന് ശേഷം മാത്രമേ എത്രത്തോളം ഫലപ്രദമാണെന്ന് അറിയാൻ കഴിയൂവെന്നും അധികൃതർ വ്യക്തമാക്കി. രണ്ടാം ഘട്ട പരീക്ഷണം സെപ്തംബർ ആധ്യ വാരം ആരംഭിക്കുമെന്ന് എയിംസ് സെന്റർ വൃത്തങ്ങൾ അറിയിച്ചു. ആദ്യ ഘട്ട പരീക്ഷണങ്ങളുടെ കണ്ടെത്തലുകൾ ഉടൻ സമർപ്പിക്കും.

മരുന്നിന്റെ രണ്ടാമത്തെ ഡോസ് നൽകുന്ന നടപടികളാണ് ഇപ്പോൾ നടക്കുന്നത്. എല്ലാം വിജയകരമായി പൂർത്തിയാകുന്ന പക്ഷം അടുത്ത വർഷം പകുതിയോടെ വാക്‌സിൻ ലഭ്യമാക്കുമെന്ന് ഭാരത് ബയോടെക്ക് അധികൃതർ പറഞ്ഞു. സ്വയം സന്നദ്ധരായ ഒരു കൂട്ടം ആളുകളിലാണ് പരീക്ഷണം നടത്തുന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മരുന്ന് കമ്പനിയും ഐ സി എം ആറും (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) എൻ ഐ വിയും (നാഷണൽ വൈറോളജി ഇൻസ്റ്ററ്റിയൂട്ട്) സംയുക്തമായാണ് വാക്‌സിൻ നിർമിക്കുന്നത്. മൂന്ന് ഘട്ടമായാണ് പരീക്ഷണം നടത്തുക. മുമ്പ് എലികളിലും മുയലിലും നടത്തിയ പരീക്ഷണം വിജയിച്ചതായി ഡോക്ടർമാർ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മനുഷ്യരിൽ പരീക്ഷിക്കാൻ ഐ സി എം ആറിന്റെ അനുമതി ലഭിച്ചത്.

അതേസമയം, ഓക്‌സ്‌ഫോർഡ് സർവകലാശാലയും അസ്ട്രാസെനെക്കയും ചേർന്ന് നിർമിച്ച വാക്‌സിനായ കോവിഷീൽഡിന്റെ രണ്ട് മൂന്ന് ഘട്ട പരീക്ഷണങ്ങൾക്ക് റെഗുലേറ്ററി അനുമതി ലഭിച്ച സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ രണ്ടാഴ്ചക്കുള്ളിൽ മനുഷ്യരിൽ പരീക്ഷണങ്ങൾ നടത്താൻ പദ്ധതിയിടുന്നുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്.