Connect with us

Articles

പൊതു താത്പര്യ വിഷയമല്ല ഇനി പരിസ്ഥിതി

Published

|

Last Updated

1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ ലക്ഷ്യം പരിസ്ഥിതി സംരക്ഷണവും മെച്ചപ്പെടുത്തലുമാണ്. ആ നിയമത്തിന്റെ മൂന്നാം വകുപ്പനുസരിച്ച് ഇറക്കുന്ന ഒരു വിജ്ഞാപനമാണ് ഇപ്പോഴത്തേത്. എന്നാല്‍ പരിസ്ഥിതിക്കുള്ള വിനാശം തടയല്‍ എന്ന തത്വത്തില്‍ വെള്ളം ചേര്‍ക്കുക വഴി പുതിയ വിജ്ഞാപനത്തിലൂടെ ഭരണഘടനയുടെ 14, 21 വകുപ്പുകളുടെ ലംഘനമാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. അടിസ്ഥാന നിയമത്തില്‍ ഭേദഗതി വരുത്താന്‍ പാര്‍ലിമെന്റിനു മാത്രമാണ് അധികാരം. അവിടെ ഒരു ചര്‍ച്ച പോലും ചെയ്യാതെ ഇത്തരം ഭേദഗതി കൊണ്ടുവരുന്നതു തന്നെ ജനാധിപത്യത്തിന് വിരുദ്ധമാണ്. പാര്‍ലിമെന്റിനെ അപമാനിക്കലാണ്.

കേന്ദ്ര, സംസ്ഥാനങ്ങളുടെ അധികാരത്തില്‍പ്പെട്ട പദ്ധതികളെ രണ്ടായി തിരിക്കുന്നു. എ (കേന്ദ്രം), ബി ഒന്നും ബി രണ്ടും (സംസ്ഥാനം). ഇതില്‍ ബി രണ്ടിന് പാരിസ്ഥിതികാനുമതി വേണ്ട. എയിലും ബി ഒന്നിലും വരുന്ന വമ്പന്‍ പദ്ധതികള്‍ പലതും പുതിയ വിജ്ഞാപനത്തില്‍ ബി രണ്ടിലേക്ക് മാറ്റുന്നു. ഇതുവഴി പരിസ്ഥിതി സംരക്ഷണം മെച്ചപ്പെടുത്തല്‍ അപകടപ്പെടുന്നു. അംഗീകാരം ലഭിച്ച ശേഷം അതിലെ നിബന്ധനകള്‍ ലംഘിച്ചാല്‍ എടുക്കേണ്ട നടപടികള്‍ ഈ വിജ്ഞാപനത്തില്‍ വളരെ ലഘൂകരിച്ചിരിക്കുകയാണ്. 2006 മുതലുള്ള ഒരു പതിറ്റാണ്ട് കാലത്ത് വനം പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച ഏഴ് വിദഗ്ധ സമിതികള്‍ ഈ നടപടികള്‍ ശക്തിപ്പെടുത്തണം എന്നാവശ്യപ്പെട്ടിട്ടുണ്ട്. ആ ശിപാര്‍ശകളെല്ലാം ഈ കരട് വിജ്ഞാപനം അവഗണിച്ചിരിക്കുന്നു.

2006ലെ വിജ്ഞാപനത്തില്‍ പാരിസ്ഥിതികാനുമതി ആവശ്യമായിരുന്നവയില്‍ പലതും ഇപ്പോള്‍ അതിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി. അവയില്‍ ചിലത് താഴെ കൊടുക്കുന്നു.

മണ്ണ് ഖനനങ്ങള്‍ എല്ലാം, ഒരു കോടി രൂപ വരെ മൂലധനമുള്ള ധാതു സംസ്‌കരണങ്ങള്‍, പല തരം സിമന്റ് ഉത്പാദന യൂനിറ്റുകള്‍, പെട്രോളിയം അധിഷ്ഠിത യൂനിറ്റുകള്‍, മലനിരകളില്‍ അടക്കം ദേശീയ, സംസ്ഥാന പാതകളുടെ നിര്‍മാണവും വിപുലീകരണവും, പാരിസ്ഥിതിക ദുര്‍ബല മേഖലകളിലെ ഏരിയല്‍ റോപ്വേകള്‍ എന്നിവയൊക്കെ ഇതില്‍പ്പെടുന്നു.

പല മേഖലകളിലെ പദ്ധതികളിലും മുമ്പ് നല്‍കിയിരുന്ന ഇളവുകള്‍ പുതിയ വിജ്ഞാപനത്തില്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഉദാഹരണത്തിന്, പാരിസ്ഥിതികാഘാത പഠനം ആവശ്യമില്ലാത്ത ലോഹ സംസ്‌കരണ യൂനിറ്റിന്റെ വാര്‍ഷിക ഉത്പാദന ശേഷി 30,000 ടണ്‍ ആയിരുന്ന പരിധി ഒരു ലക്ഷം ടണ്‍ ആക്കി ഉയര്‍ത്തി. ജലസേചന പദ്ധതികള്‍ 2,000 ഹെക്ടര്‍ മുതല്‍ 50,000 ഹെക്ടര്‍ വരെയുള്ളവ ബി ഒന്ന് വിഭാഗത്തിലായിരുന്നു. അത് 10,000 മുതല്‍ 50,000 ഹെക്ടര്‍ വരെ ആക്കി. അതിനു താഴെയുള്ളവ പഠനം ആവശ്യമില്ലാത്ത ബി രണ്ട് വിഭാഗത്തിലേക്ക് മാറ്റി. എല്ലാ ചെറുകിട ഇടത്തരം മരുന്ന് നിര്‍മാണ യൂനിറ്റുകളെയും ബി ഒന്നില്‍ നിന്ന് രണ്ടിലേക്ക് മാറ്റി. സമുദ്രത്തിലെ എണ്ണ, പ്രകൃതിവാതക ഖനനത്തിനും സംസ്‌കരണത്തിനുമുള്ള പദ്ധതികള്‍ മുമ്പ് എ വിഭാഗത്തിലായിരുന്നു. ഇപ്പോള്‍ അത് ബി രണ്ടിലാക്കി. ഏറ്റവുമധികം പാരിസ്ഥിതികാഘാതം ഉണ്ടാക്കുന്ന ഖനനം പഠനം വേണ്ടാത്ത ബി രണ്ടിലാക്കി. താപ വൈദ്യുത നിലയങ്ങളുടെ അനുമതിയും ലഘൂകരിച്ചു. മുമ്പ് 20 മെഗാവാട്ടും അതിലേറെയുമുള്ളവക്ക് കേന്ദ്ര അനുമതി വേണ്ട എ വിഭാഗത്തിലായിരുന്നു.

പൊതു വ്യവസ്ഥകളിലെ
വെള്ളം ചേര്‍ക്കല്‍

എല്ലാ തരം അനുമതികള്‍ക്കും 2006 വിജ്ഞാപനത്തിലെ പൊതു വ്യവസ്ഥകള്‍ ബാധകമായിരുന്നു. ഉദാഹരണത്തിന്, ഏതെങ്കിലും പദ്ധതികള്‍ പാരിസ്ഥിതിക ദുര്‍ബലമായതോ അധിക മലിനീകരണമുള്ളതോ ആയ പ്രദേശത്തില്‍ നിന്ന് അഞ്ച് കിലോമീറ്ററില്‍ കുറവ് ദൂരത്താണെങ്കില്‍ അതിനെ എ വിഭാഗത്തില്‍പ്പെടുത്തണം എന്നതായിരുന്നു ഒരു പൊതു വ്യവസ്ഥ. പക്ഷേ, ഇപ്പോള്‍ അത് മാറ്റുന്നു. പൊതു മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍, നഗരമാലിന്യ സംസ്‌കരണ പ്ലാന്റുകള്‍, ദേശീയ പാതകള്‍ തുടങ്ങി പലതിനെയും ഈ പൊതു വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കുന്നു.
കേന്ദ്ര/ സംസ്ഥാന അനുമതിയും പൊതു തെളിവെടുപ്പും ആവശ്യമായ എ, ബി ഒന്ന് വിഭാഗത്തില്‍പ്പെട്ട നിലവിലുള്ള പദ്ധതികള്‍ വികസിപ്പിക്കുമ്പോള്‍, അല്ലെങ്കില്‍ നവീകരിക്കുമ്പോള്‍ അവയുടെ ശേഷി 50 ശതമാനത്തിലേറെ വര്‍ധിക്കുന്നില്ലെങ്കില്‍ അവയെ പാരിസ്ഥിതികാഘാത പഠനത്തില്‍ നിന്നും പൊതു തെളിവെടുപ്പില്‍ നിന്നും ഒഴിവാക്കുകയാണ്.

കോര്‍പറേറ്റ് പാരിസ്ഥിതിക ഉത്തരവാദിത്വം എല്ലാ പദ്ധതികള്‍ക്കും നിയമപരമായ ബാധ്യതയാണ്. അത് വര്‍ധിപ്പിക്കണമെന്നാണ് വനം പരിസ്ഥിതി മന്ത്രാലയം തന്നെ നിയോഗിച്ച വിദഗ്ധ സമിതികള്‍ നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ ഈ വിജ്ഞാപനത്തില്‍ ആ ചുമതല കാര്യമായി കുറക്കുന്നു.
1,50,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണം വരെയുള്ള കെട്ടിടങ്ങള്‍ക്ക് പാരിസ്ഥിതികാനുമതി കിട്ടാന്‍ ഒരു പഠനമോ തെളിവെടുപ്പോ വേണ്ട. ഇത് 20,000 ചതുരശ്ര മീറ്റര്‍ ആയിരുന്നു. അഞ്ചേക്കര്‍ വരെയുള്ള ഖനനത്തിന് അനുമതിക്ക് പഠനം വേണ്ട. പാരിസ്ഥിതികാനുമതിക്ക് അപേക്ഷ നല്‍കി 15 ദിവസങ്ങള്‍ക്കകം അത് നല്‍കിയില്ലെങ്കില്‍ അനുമതി കിട്ടിയതായി കണക്കാക്കും. പദ്ധതികളെ തരം തിരിക്കുന്നത് അവയുടെ പാരിസ്ഥിതികാഘാതം മാത്രം നോക്കി എന്ന രീതി മാറ്റി മുതല്‍ മുടക്കു കൂടി പരിഗണിക്കണം എന്ന വ്യവസ്ഥ കൊണ്ടുവരുന്നു. തന്ത്രപ്രധാനമെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്ന പദ്ധതികളുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കേണ്ടതില്ല.

കരുതല്‍ തത്വം

ഒരു നാശം ഉണ്ടാകുമെന്ന ചിന്തയുണ്ടെങ്കില്‍ അതില്ലെന്നു ഉറപ്പാക്കിയ ശേഷം മാത്രം പദ്ധതി എന്നതാണ് ആ തത്വം. ഇത് കോടതികളും അംഗീകരിച്ചതാണ്. അതുകൊണ്ട് ഏത് പദ്ധതിയും ആരംഭിക്കുന്നതിനു മുമ്പ് പാരിസ്ഥിതികാനുമതി വേണം. പക്ഷേ, ഈ നിബന്ധന ഇനിയില്ല. പദ്ധതി തുടങ്ങിയ ശേഷം അനുമതിക്ക് അപേക്ഷിക്കുക (ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്). അതിനിടയില്‍ എന്തെങ്കിലും നാശം ഉണ്ടായാല്‍ അതിന് ഒരു തുക പിഴ ഈടാക്കി അതിന് അംഗീകാരം കൊടുക്കാം. പരാതി നല്‍കാനുള്ള സമയപരിധി കുറച്ചു. അതിനുള്ള അവകാശം ഇനി സര്‍ക്കാറിനോ പദ്ധതി ഉടമക്കോ മാത്രം. അതായത്, പരിസ്ഥിതി ഇനി പൊതു താത്പര്യ വിഷയമല്ല.

അംഗീകാരം നല്‍കുന്ന സമിതിയുടെ പദവി കുറക്കുന്നു. സംസ്ഥാനതല അംഗീകാര സമിതിയിലെ അധ്യക്ഷന്‍, അംഗങ്ങള്‍ എന്നിവരുടെ യോഗ്യതകള്‍ സംബന്ധിച്ച് നിലവിലുള്ള വിജ്ഞാപനത്തിന്റെ അനുബന്ധം ആറില്‍ ഖണ്ഡിക 3(4) വ്യക്തമായി പറയുന്നു. ഇത് പുതിയ വിജ്ഞാപനത്തില്‍ പൂര്‍ണമായും ഒഴിവാക്കി. ആരെയും നിയമിക്കാം. അതില്‍ 15 അംഗങ്ങള്‍ വേണമെന്ന നിബന്ധനയും ഒഴിവാക്കി. പദ്ധതി അംഗീകാരത്തിനായി സമര്‍പ്പിക്കുമ്പോള്‍ ഉണ്ടായിരിക്കേണ്ട രേഖകള്‍ സംബന്ധിച്ചുള്ള നിബന്ധനകളും റദ്ദാക്കി.

ഒരു പദ്ധതിയുടെ പാരിസ്ഥിതികാഘാതം പഠിച്ചതിന് (ഇ ഐ എ) അനുസരിച്ചാകണം പരിസ്ഥിതി മാനേജ്മെന്റ് പ്ലാന്‍ (ഇ എം പി) എന്ന നിബന്ധന ഒഴിവാക്കി. പാരിസ്ഥിതിക നാശം ഒഴിവാക്കുന്നതിനോ കുറക്കുന്നതിനോ ആണ് ഇ എം പി. ഇപ്പോള്‍ അത് രണ്ടും തമ്മില്‍ ബന്ധം വേണമെന്നില്ല എന്നാക്കി. പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ അതിന്റെ പാരിസ്ഥിതികാഘാതം വിലയിരുത്താന്‍ വേണ്ട സ്റ്റാഫ് എത്രയെന്ന് കാണിക്കണം എന്ന വ്യവസ്ഥയും എടുത്തുകളയുന്നു.

അന്തര്‍ സംസ്ഥാന പ്രദേശങ്ങളെ ബാധിക്കുന്നതോ ഭൂമി മുക്കിക്കളയുന്നതോ ആയ ജലസേചന പദ്ധതികള്‍ക്ക് കേന്ദ്ര സമിതിയുടെ അംഗീകാരം വേണമെന്ന വ്യവസ്ഥയില്‍ മാറ്റം വരുത്തി. അത്തരം പദ്ധതികള്‍ 50,000 ഹെക്ടറില്‍ താഴെ മാത്രം ജലസേചനം നടത്തുന്നവയാണെങ്കില്‍ സംസ്ഥാന സമിതിയുടെ മാത്രം അംഗീകാരം മതി എന്നാക്കിയിരിക്കുന്നു. പ്രതിദിനം 10,000 ലിറ്റര്‍ വരെ നാടന്‍ മദ്യം ഉത്പാദിപ്പിക്കുന്ന യൂനിറ്റുകളെ പാരിസ്ഥിതികാഘാത പഠനത്തില്‍ നിന്നും പൊതു തെളിവെടുപ്പില്‍ നിന്നും ഒഴിവാക്കുന്നു. തുറമുഖങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മണ്ണെടുപ്പിന് മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധന പൂര്‍ണമായും ഒഴിവാക്കുന്നു.

പൊതു തെളിവെടുപ്പില്‍
ഇളവുകളുടെ കൂമ്പാരം

പൊതു തെളിവെടുപ്പ് അനിവാര്യമാണ്. ചിലപ്പോഴെങ്കിലും അത് പദ്ധതികളെ ചോദ്യം ചെയ്യാറുണ്ട്. ഇതിലാണ് ഏറ്റവും കൂടുതല്‍ ഇളവുകള്‍ നല്‍കിയിരിക്കുന്നത്. ലോകം മുഴുവന്‍ പാരിസ്ഥിതിക വിഷയങ്ങളില്‍ കൂടുതല്‍ ജനപങ്കാളിത്തം ആവശ്യപ്പെടുന്ന ഇക്കാലത്ത് ഇന്ത്യയില്‍ അത് പരമാവധി ഒഴിവാക്കാനാണ് ശ്രമം. ഒരു പദ്ധതിയുടെ വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കിയാല്‍ 30 ദിവസങ്ങള്‍ക്കകം അവര്‍ അഭിപ്രായം പറയണമെന്നത് 20 ദിവസം എന്നാക്കി. പദ്ധതി വിപുലീകരിക്കുമ്പോള്‍ 50 ശതമാനത്തിലേറെ വര്‍ധനവില്ലെങ്കില്‍ പൊതു തെളിവെടുപ്പ് തന്നെ ആവശ്യമില്ല. ഈ പ്രക്രിയ പൂര്‍ത്തീകരിക്കാനുള്ള സമയപരിധി 45 ദിവസം എന്നത് 40 ആക്കി കുറച്ചു.

(പുതിയ വിജ്ഞാപനം കോടതി വിധികളുടെ നഗ്നമായ ലംഘനം: അതേക്കുറിച്ച് നാളെ)

Latest