Connect with us

Editorial

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വെടിനിര്‍ത്തല്‍

Published

|

Last Updated

കോണ്‍ഗ്രസിനും മതേതര രാഷ്ട്രീയത്തിനും ആശ്വാസമേകുന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ നിന്ന് പുറത്തുവന്നത്. സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ വിമതര്‍ ഉയര്‍ത്തിയ ഭീഷണിക്ക് താത്കാലിക വിരാമമായിരിക്കുകയാണ്. തിങ്കളാഴ്ച രാഹുല്‍ ഗാന്ധിയുമായും പ്രിയങ്കാ ഗാന്ധിയുമായും നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരായ കലാപം അവസാനിപ്പിക്കാന്‍ സച്ചിന്‍ പൈലറ്റ് സന്നദ്ധമായത്. പാര്‍ട്ടിയുടെയും രാജസ്ഥാന്‍ സര്‍ക്കാറിന്റെയും താത്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് സച്ചിന്‍ അറിയിച്ചതായി കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിക്കുന്നു. സച്ചിനും വിമത എം എല്‍ എമാരും ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ പരിശോധിച്ച് പരിഹാരം കാണാമെന്ന ഉറപ്പിലാണ് വെടിനിര്‍ത്തലിന് സച്ചിന്‍ സന്നദ്ധമായത്. പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിക്കുമെന്നും സമിതിയുടെ റിപ്പോര്‍ട്ടിന്മേല്‍ ഉചിത തീരുമാനം കൈക്കൊള്ളുമെന്നും പാര്‍ട്ടി ദേശീയ നേതൃത്വം പൈലറ്റിന് ഉറപ്പ് നല്‍കിയതായി പറയപ്പെടുന്നു.

രാജസ്ഥാനില്‍ പാര്‍ട്ടിയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുന്നതില്‍ മികച്ച പങ്കുവഹിച്ച സച്ചിന്‍ പൈലറ്റിന് പാര്‍ട്ടിയില്‍ നിന്നും മുഖ്യമന്ത്രി ഗെഹ്‌ലോട്ടില്‍ നിന്നും അര്‍ഹമായ പരിഗണന ലഭിക്കാതിരുന്നതാണ് സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്കു കാരണം. 2013ലെ തിരഞ്ഞെടുപ്പില്‍ 22 സീറ്റില്‍ ഒതുങ്ങിയിരുന്ന കോണ്‍ഗ്രസിനെ 2018ലെ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിച്ചത് അന്നത്തെ പി സി സി അധ്യക്ഷനെന്ന നിലയില്‍ സച്ചിന്‍ നടത്തിയ ശക്തമായ പ്രവര്‍ത്തനമായിരുന്നു. ഡല്‍ഹിയില്‍ നിന്ന് ജയ്പൂരിലേക്ക് താമസം മാറ്റി അദ്ദേഹം സംസ്ഥാനത്തുടനീളം യാത്ര ചെയ്താണ് പാര്‍ട്ടിയുടെ അടിത്തറ വീണ്ടും ബലപ്പെടുത്തിയത്. ഇതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ സച്ചിനും നല്ലൊരു അടിത്തറ രൂപപ്പെട്ടു. സച്ചിന്‍ പൈലറ്റിന്റെ പ്രവര്‍ത്തന മികവിനു പുറമെ 2017ല്‍ അദ്ദേഹത്തെ ദേശീയ നേതൃത്വം എ ഐ സി സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറിയായി നിയോഗിക്കുക കൂടി ചെയ്തതോടെ സംസ്ഥാനത്ത് പാര്‍ട്ടി അധികാരത്തിലേറിയാല്‍ മുഖ്യമന്ത്രി സച്ചിനായിരിക്കുമെന്ന അഭ്യൂഹവും പരന്നു. സച്ചിന്‍ പൈലറ്റിലും ഇത് പ്രതീക്ഷ ഉയര്‍ത്തി. എന്നാല്‍ 2018ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അധികാരം ഉറപ്പായതോടെ ഗെഹ്‌ലോട്ട് മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദമുന്നയിക്കുകയും ശക്തമായ കരുനീക്കങ്ങളിലൂടെ ഭൂരിപക്ഷം എം എല്‍ എമാരുടെയും ദേശീയ നേതൃത്വത്തിന്റെയും പിന്തുണ ആര്‍ജിക്കുകയും ചെയ്തു. പി സി സി അധ്യക്ഷ പദവിക്കു പുറമെ ഉപമുഖ്യമന്ത്രി പദവി കൂടി നല്‍കിയാണ് അന്ന് പാര്‍ട്ടി നേതൃത്വം സച്ചിനെ സമാധാനിപ്പിച്ചത്.

അതേസമയം, സംസ്ഥാന കോണ്‍ഗ്രസില്‍ തനിക്കൊരു ഭീഷണിയായി വളരുന്ന സച്ചിനെതിരായ നീക്കങ്ങള്‍ ഗെഹ്‌ലോട്ട് പിന്നെയും തുടര്‍ന്നു. സച്ചിനു നല്‍കിയ വകുപ്പുകളിലൊന്നിലും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തെ അനുവദിച്ചില്ല. ഉദ്യോഗസ്ഥ നിയമനം മുതല്‍ പദ്ധതി നടത്തിപ്പ് വരെ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടു നടത്തുകയായിരുന്നു. പല മന്ത്രിസഭാ യോഗങ്ങളിലും സച്ചിനെ തഴയുകയും വകുപ്പുകള്‍ക്ക് വേണ്ട ഫണ്ടുകള്‍ തടഞ്ഞു വെക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സച്ചിന്‍ ഏതാനും എം എല്‍ എമാരുമായി ഗെഹ്‌ലോട്ട് സര്‍ക്കാറിനെതിരെ കലാപക്കൊടി ഉയര്‍ത്തിയതും റിസോര്‍ട്ട് രാഷ്ട്രീയമടക്കമുള്ള തന്ത്രങ്ങള്‍ പയറ്റിയതും. ആവശ്യമെങ്കില്‍ സര്‍ക്കാറിനെ മറിച്ചിടാനാവശ്യമായ എം എല്‍ എമാര്‍ തന്റെ കൂടെ വരുമെന്ന പ്രതീക്ഷയിലാണ് സച്ചിന്‍ കളി തുടങ്ങിയത്. എന്നാല്‍ കോണ്‍ഗ്രസിലെ രാഷ്ട്രീയ ചാണക്യനായി അറിയപ്പെടുന്ന ഗെഹ്‌ലോട്ട,് സച്ചിന്റെ നീക്കങ്ങള്‍ മുന്‍കൂട്ടി കണ്ടറിഞ്ഞതോടെ അദ്ദേഹത്തിന്റെ തന്ത്രം പാളി. 23 എം എല്‍ എമാരുമായി ഡല്‍ഹിക്ക് വണ്ടി കയറിയ സച്ചിന്റെ പിന്നിലെ എം എല്‍ എമാരുടെ എണ്ണം അവസാനം 18 ആയി ചുരുങ്ങി. മാത്രമല്ല, അവരുടെ പിന്തുണയില്ലാതെ തന്നെ മന്ത്രിസഭയുടെ നിലനില്‍പ്പിനാവശ്യമായ ഭൂരിപക്ഷം ഉറപ്പിക്കുകയും ചെയ്തു ഗെഹ്‌ലോട്ട്. ഇതോടെ ബി ജെ പിയും സച്ചിന്റെയും വിമത എം എല്‍ എമാരുടെയും കാര്യത്തില്‍ വലിയ താത്പര്യം കാണിക്കാതായി. ഗെഹ്‌ലോട്ട് സര്‍ക്കാറിനെ അട്ടിമറിച്ച് ബദല്‍ സര്‍ക്കാര്‍ രൂപവത്കരിക്കണമെങ്കില്‍ 30-35 എം എല്‍ എമാരുടെ പിന്തുണ കൂടി വേണമായിരുന്നു ബി ജെ പിക്ക്. പുതിയൊരു പാര്‍ട്ടി രൂപവത്കരിക്കുന്നതിനെക്കുറിച്ച് സച്ചിന്‍ ആലോചിച്ചിരുന്നെങ്കിലും കോണ്‍ഗ്രസിനും ബി ജെ പിക്കുമിടയില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ പുതിയൊരു പാര്‍ട്ടിക്ക് വേരുറപ്പിക്കുക അത്ര എളുപ്പമല്ലെന്ന ബോധ്യത്തില്‍ ആ നീക്കവും ഉപേക്ഷിക്കേണ്ടി വന്നു. ഇതാണ് സച്ചിന്റെ കീഴടങ്ങലിന്റെ രാഷ്ട്രീയ പശ്ചാത്തലം.

പ്രശ്‌നം പരിഹൃതമായെങ്കിലും ഇത് ബാഹ്യതലത്തില്‍ മാത്രമാണ്. ഉള്ളാലെ ശീതസമരം തുടരാനാണ് സാധ്യത. രാഷ്ട്രീയ ചതുരംഗക്കളിയില്‍ ഗെഹ്‌ലോട്ടിനോളം പരിചയമില്ലെങ്കിലും സച്ചിനും അത്ര മോശക്കാരനല്ല. തത്കാലം പത്തി മടക്കിയാലും പാര്‍ട്ടിയില്‍ കൂടുതല്‍ ശക്തിയാര്‍ജിച്ച് വീണ്ടും വിമതസ്വരം ഉയര്‍ത്താന്‍ ശ്രമിച്ചു കൂടായ്കയില്ല അദ്ദേഹം. പാര്‍ട്ടി സംസ്ഥാന ഘടകങ്ങളില്‍ ഉയര്‍ന്നു വരുന്ന അപസ്വരങ്ങളും ചീറ്റലും പൊട്ടലും യഥാസമയം പരിഹരിക്കുന്നതിലും കഴിവുറ്റ യുവ നേതാക്കള്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ ലഭ്യമാക്കുന്നതിലും പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ കഴിവുകേടാണ് രാജസ്ഥാനിലേതു പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം. അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന വൃദ്ധനേതൃത്വവും രാഷ്ട്രീയത്തിലെ അവസരങ്ങള്‍ക്ക് വേണ്ടി കാത്തുകാത്തിരിക്കുന്ന യുവ നേതൃത്വങ്ങളും തമ്മിലുള്ള വടം വലികള്‍ എല്ലാ സംസ്ഥാനങ്ങളിലുമുണ്ട്. ചിലയിടങ്ങളില്‍ അത് മറനീക്കി പുറത്തു വരുമ്പോള്‍ മറ്റിടങ്ങളില്‍ അത് അണിയറക്കു പിന്നിലാണെന്നു മാത്രം. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിനു ശേഷം പാടെ ദുര്‍ബലമാണ് ദേശീയ നേതൃത്വം. സോണിയയെ വാര്‍ധക്യത്തിന്റെ അവശതകള്‍ വേട്ടയാടുമ്പോള്‍, പലപ്പോഴും പ്രശ്‌നങ്ങളില്‍ നിന്ന് ഓടിയൊളിക്കുന്ന സമീപനമാണ് രാഹുലിന്റെത്. പ്രിയങ്കാ ഗാന്ധി ഇപ്പോഴും രാഷ്ട്രീയ പക്വത ആര്‍ജിച്ചിട്ടില്ലെന്ന് രാമക്ഷേത്ര ഭൂമിപൂജ സംബന്ധിച്ച അവരുടെ പ്രസ്താവന വ്യക്തമാക്കിക്കഴിഞ്ഞു. നെഹ്‌റു കുടുംബത്തിനു പുറത്തുള്ള ഒരു നേതൃത്വത്തെക്കുറിച്ച് ചിന്തിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് ഒട്ടുമാകില്ല താനും.