Connect with us

Covid19

നാലിടങ്ങളിലെ കൊവിഡ് പ്രതിരോധ സംവിധാനങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി; സംസ്ഥാനത്താകെ നടപ്പാക്കും

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് തിരുവനന്തപുരം കരമന, കൊല്ലം റൂറല്‍, കൊല്ലം സിറ്റി, തൃശൂര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ സ്വീകരിച്ചിട്ടുള്ള കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി. ഈ മാതൃക സംസ്ഥാനത്തൊട്ടാകെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

തിരുവനന്തപുരം ജില്ലയിലെ കരമനയില്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ സ്വയം നിശ്ചയിച്ച് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജനങ്ങള്‍ മുന്‍കൈയെടുത്തു. ഈ മാതൃക ജനമൈത്രി പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തും. ജനമൈത്രി പോലീസിന്റെ സഹായത്തോടെ സംസ്ഥാനത്താകെ ബോധവത്ക്കരണവും നിരീക്ഷണവും കര്‍ശനമാക്കും. പ്രതിരോധ നടപടികളില്‍ നാട്ടുകാരുടെ പങ്കാളിത്തം കൂടുതല്‍ ഉറപ്പാക്കുന്നതിനുള്ള നടപടികളുമുണ്ടാകും.

കൊല്ലം റൂറലില്‍ ഫലപ്രദമായി നടപ്പിലാക്കിയ മാര്‍ക്കറ്റ് കമ്മിറ്റി, മാര്‍ക്കറ്റ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് എന്നീ സംവിധാനങ്ങള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. മാര്‍ക്കറ്റിലെ കച്ചവടക്കാരുടെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തിയുള്ള സംവിധാനമാണിത്.

തൃശൂര്‍ ജില്ലയില്‍ നടപ്പില്‍ വരുത്തിയ മാര്‍ക്കറ്റ് മാനേജ്മെന്റ് സംവിധാന മാതൃക എല്ലാ വലിയ മാര്‍ക്കറ്റുകളിലേക്കും വ്യാപിപ്പിക്കും. സംസ്ഥാനത്തിന് പുറത്തുനിന്ന് ചരക്കുമായി എത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് സുരക്ഷിതവും അണുവിമുക്തവുമായ താമസസൗകര്യം ഏര്‍പ്പെടുത്തുന്നതാണ് ഈ മാതൃക.

കൊല്ലം സിറ്റിയിലെ മാതൃകയില്‍ സംസ്ഥാനത്തെ എല്ലാ കണ്ടെയിന്‍മെന്റ് സോണുകളിലും ക്ലോസ്ഡ് ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.