Connect with us

Covid19

സ്ത്രീയിൽ നിന്ന് സമ്പർക്ക സാധ്യത; ഭൂട്ടാനിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

Published

|

Last Updated

തിംപു| കൊവിഡ് 19 സ്ഥിരീകരിച്ച സ്ത്രീക്ക് നിരവധി പേരുമായി സമ്പർക്കമുണ്ടായതിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി.
ഇന്ന് മുതലാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്ത ഭൂട്ടാൻ പ്രധാനമന്ത്രി ലോട്ടേയ് ഷെറിംഗ്, ഗെലഫു ടൗണിലാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് പറഞ്ഞു. രോഗബാധിതയായ സ്ത്രീക്ക് മറ്റു പട്ടണങ്ങളിൽ ഉൾപ്പെടെ നിരവധിപേരുമായി സമ്പർക്കമുണ്ടെന്നും രോഗവ്യാപന സാധ്യത കണക്കിലെടുത്താണ് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ആദ്യചികിത്സക്ക് ശേഷം രോഗമുക്തയായി വീട്ടിലെത്തിയ ഇവർ 15 ദിവസത്തിന് ശേഷം നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവ് ആകുകയായിരുന്നു. ഈ കാലയളവിൽ പരോ, തിംപു ഉൾപ്പെടെ നിരവധി സ്ഥലങ്ങളിലേക്ക് യാത്ര നടത്തിയ ഇവർ ബന്ധുവീടുകൾ സന്ദർശിക്കുകയും ചെയ്തു.

ഇന്നലെ വൈകീട്ട് മുതൽ ഇന്ന് രാവിലെവരെ ഇവരുമായി അടുത്തിടപഴകിയ 71പേരെ ആരോഗ്യപ്രവർത്തകർ കണ്ടെത്തിയതായി പ്രധാനമന്ത്രി വ്യക്തമാക്കി. രോഗവ്യാപനം രൂക്ഷമാകുന്നതിന് മുമ്പ് കൊവിഡ് ബാധിച്ച എല്ലാവരെയും കണ്ടെത്താനും ഐസൊലേഷനിൽ ആക്കാനുമാണ് ലോക്ക്ഡൗൺ നടപ്പാക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

രാജ്യത്തെ എല്ലാ സ്‌കൂളുകളും സ്ഥാപനങ്ങളും ഓഫീസുകളും വാണിജ്യ കേന്ദ്രങ്ങളും അടച്ചിടാൻ സർക്കാർ ഉത്തരവിട്ടു.  ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും ഭക്ഷണവസ്തുക്കൾ വീടുകളിൽ എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഭൂട്ടാനിൽ 113 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 96പേർ രോഗമുക്തരായി.