Connect with us

Articles

പാരിസ്ഥിതിക നീതി കൊള്ളയടിക്കപ്പെടും

Published

|

Last Updated

ലോകമാകമാനം കൊവിഡ് ഭീതിയില്‍ നില്‍ക്കുന്നു. അതിനുമപ്പുറം കാലാവസ്ഥാ മാറ്റമടക്കം നിരവധി പാരിസ്ഥിതിക ദുരന്തങ്ങള്‍ കേരളമടക്കം ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും വ്യാപിക്കുന്നതും നാം കാണുന്നു. കൊവിഡിനും ചില പാരിസ്ഥിതിക മാനങ്ങളുണ്ടെന്നതും ഇന്ന് ഏറെ ചര്‍ച്ചയാകുന്നു. അതുകൊണ്ടെല്ലാം തന്നെ മനുഷ്യന്‍ പ്രകൃതിയില്‍ നടത്തുന്ന ഇടപെടലുകള്‍ക്കു മേലുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കപ്പെടുകയുമാണ്. ഈ സാഹചര്യത്തിലാണ് ഈ വര്‍ഷം മാര്‍ച്ച് 23ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയിരിക്കുന്ന കരട് വിജ്ഞാപനം വിശകലന വിധേയമാക്കുക എന്നത് നിര്‍ണായകമാകുന്നത്.
2006ലെ ഇ ഐ എ (പാരിസ്ഥിതികാഘാത പഠനം) ചട്ടങ്ങളില്‍ കാതലായ മാറ്റങ്ങളോടെ നടപ്പാക്കാനുള്ളതാണ് പുതിയ കരട് വിജ്ഞാപനം. നിലവിലുള്ള നിയന്ത്രണങ്ങള്‍ കാര്യമായി ലഘൂകരിച്ചു കൊണ്ട് മൂലധനം മുടക്കാന്‍ വരുന്നവര്‍ക്ക് ഏത് വിഭവങ്ങളും കൊള്ളയടിക്കാനും വായുവും വെള്ളവും മണ്ണും മലിനമാക്കാനും സമൂഹത്തെ രോഗാതുരമാക്കാനും നിലവിലുണ്ടായിരുന്ന നിയമ തടസ്സങ്ങള്‍ പോലും ഒഴിവാക്കുകയാണ് ഈ ഭേദഗതിയിലൂടെ. പരിസ്ഥിതി സംരക്ഷണ ചട്ടങ്ങള്‍ കര്‍ശനമാക്കുകയെന്നതാണ് ഈ ഭേദഗതികളുടെ ലക്ഷ്യമെന്ന് ആമുഖത്തില്‍ പറയുന്നുണ്ടെങ്കിലും അതിന്റെ അന്തസ്സത്ത ബിസിനസ് സുഗമമാക്കുന്നതിനു വേണ്ടി (ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്) ആണെന്ന് വ്യക്തമാണ്. പക്ഷേ, ഇത് ഏതെല്ലാം രീതിയില്‍ നമ്മുടെ നിലനില്‍പ്പിനെ ബാധിക്കും? വരാനിരിക്കുന്ന തലമുറകള്‍ക്കു കൂടി അവകാശപ്പെട്ട പ്രകൃതി സമ്പത്ത് ഒറ്റയടിക്ക് നശിക്കുന്നതിന് നമ്മള്‍ കൂട്ടുനില്‍ക്കാമോ? പ്രകൃതിക്കു മേല്‍ ഒരിക്കലും തിരുത്താനാകാത്ത നാശം വരുത്താന്‍ അനുവദിക്കരുതെന്ന് നാം ആഗ്രഹിക്കുന്നുവെങ്കില്‍ ഇതാണ് പ്രതികരിക്കാനുള്ള അവസരം. കരട് വിജ്ഞാപനത്തില്‍ പൊതു സമൂഹത്തിന്റെ അഭിപ്രായങ്ങള്‍ കേട്ട് തീരുമാനമെടുക്കുക എന്നതാണ് രീതി. അതുകൊണ്ടുതന്നെ നമ്മുടെ പ്രതികരണങ്ങള്‍ വിലപ്പെട്ടതാണ്.

എന്നാല്‍ ഈ വിജ്ഞാപനം പ്രസിദ്ധീകരിച്ച സമയം ജനങ്ങള്‍ക്ക് പ്രതികരിക്കാന്‍ കഴിയാത്ത സാഹചര്യമായത് കേവല യാദൃച്ഛികമെന്നു കരുതാന്‍ കഴിയില്ല. ഈ വര്‍ഷം മാര്‍ച്ച് 23ന് പ്രസിദ്ധീകരണ തീയതി ഉണ്ടെങ്കിലും പൊതുസമൂഹത്തിന് അത് ലഭ്യമായത് ഏപ്രില്‍ 11ന് മാത്രമാണ്. ജൂണ്‍ പത്ത് വരെയായിരുന്നു അതില്‍ അഭിപ്രായങ്ങള്‍ അയക്കാനുള്ള സമയപരിധി. അതായത് ഇത്ര ഗൗരവതരമായ ഒരു വിഷയത്തില്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നത് കേവലം രണ്ട് മാസത്തില്‍ താഴെ മാത്രം. ആ രണ്ട് മാസം എന്ന് പറയുന്നത് ഇന്ത്യയാകെ കൊവിഡ് ബാധയില്‍ ലോക്ക്ഡൗണില്‍ ഇരിക്കുന്ന കാലവും. സ്വന്തം ജീവിതവും തൊഴിലും ആരോഗ്യവുമെല്ലാം അനിശ്ചിതത്വത്തില്‍ ആയിരിക്കുന്ന ഒരു ജനതയോട് ചെയ്യാവുന്ന ഏറ്റവും വലിയ അനീതിയാകും ഇത്. എങ്കിലും വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ മനുഷ്യരില്‍ നിന്ന് ആയിരക്കണക്കിന് തടസ്സവാദങ്ങള്‍ വനം പരിസ്ഥിതി മന്ത്രാലയത്തിലെത്തി. ഈ കാലത്തിന്റെ പ്രത്യേകത പരിഗണിച്ചുകൊണ്ട് ഈ ഭേദഗതി വിജ്ഞാപനം നീട്ടിവെക്കണമെന്നാണ് മിക്കവരുടെയും ഒരു പ്രധാന ആവശ്യം. ഇപ്പോള്‍ നിലവിലുള്ള പരിസ്ഥിതി നിയമങ്ങള്‍ക്ക് കാര്യമായ തകരാറൊന്നുമില്ല. ഇത്ര തിരക്ക് പിടിച്ചു മാറ്റേണ്ട ആവശ്യമില്ല. ആകുലതകള്‍ എല്ലാം മാറിയ ശേഷം വിശദമായ ചര്‍ച്ചകള്‍ നടത്തി വേണ്ടത് ചെയ്യാമെന്ന നിര്‍ദേശം സ്വീകാര്യമാകേണ്ടതാണ്. പക്ഷേ, കേന്ദ്ര സര്‍ക്കാര്‍ അതിനൊന്നും തയ്യാറായില്ല.

ഇത്തരം ഗൗരവതരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് ഏതെങ്കിലും ശാസ്ത്രീയമായ പഠനങ്ങളുടെ വെളിച്ചത്തിലല്ല എന്ന് വ്യക്തമാണ്. അങ്ങനെ ആയിരുന്നെങ്കില്‍ സുപ്രീം കോടതിയുടെയും മറ്റും വിധികളോ മന്ത്രാലയത്തിന്റെ തന്നെ മുന്‍കാല വിജ്ഞാപനങ്ങളോ അവഗണിക്കപ്പെടില്ലായിരുന്നു. ഇവിടെ താത്പര്യങ്ങള്‍ വ്യക്തമാണ്. മൂലധനമുടമകളുടെ താത്പര്യങ്ങളും വലിയ തോതിലുള്ള അഴിമതി താത്പര്യങ്ങളുമാണ് ഇത്തരത്തില്‍ അപകടകരമായ ഒരു നടപടിക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നതിന് പിന്നില്‍. ഈ നീക്കങ്ങളില്‍ നിന്ന് അവരെ തടയേണ്ടത് വരാനിരിക്കുന്ന മുഴുവന്‍ തലമുറയുടെയും അനിവാര്യതയാണ്. ഇക്കാര്യത്തില്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങളോ ജനപ്രതിനിധികളോ ഒരു അഭിപ്രായപ്രകടനങ്ങളും നടത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇക്കാര്യത്തില്‍ ജനപക്ഷത്ത് നിന്ന്, പ്രത്യേകിച്ചും യുവാക്കളുടെ പക്ഷത്ത് നിന്ന് ശക്തമായ ഇടപെടല്‍ ഉണ്ടാകണം. നമ്മുടെ എം പിമാരും എം എല്‍ എമാരും ഇക്കാര്യത്തില്‍ നിലപാട് പറയണം. അതിനവരെ നിര്‍ബന്ധിക്കണം. ലോകത്തിനാകെ മാതൃകയെന്നവകാശപ്പെടുന്ന കേരള സര്‍ക്കാര്‍ ഇനിയും മൗനം വെടിയണം. കോര്‍പറേറ്റുകള്‍ക്കു വേണ്ടിയുള്ള ഈ വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെടണം. ഈ വിഷയത്തില്‍ സംസ്ഥാന പരിസ്ഥിതി ആഘാതപഠന വിലയിരുത്തല്‍ സമിതി അതിന്റെ നിര്‍ദേശങ്ങള്‍ മെയ് മാസത്തില്‍ തന്നെ കേരള സര്‍ക്കാറിന് സമര്‍പ്പിച്ചതാണ്. തമിഴ്നാട്ടില്‍ ഒട്ടനവധി പ്രമുഖ സിനിമാതാരങ്ങള്‍ തന്നെ ഇതിനെതിരെ ശക്തമായി രംഗത്തു വന്നുകഴിഞ്ഞിരിക്കുന്നു.
ഈ തീരുമാനങ്ങള്‍ എടുക്കാനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചത് ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രം. പ്രാദേശിക ഭാഷകളില്‍ ഇല്ല. അത് നിയമവിരുദ്ധം. (ഈ പ്രശ്‌നം ചൂണ്ടിക്കാട്ടി വിജ്ഞാപനത്തിലുള്ള തീയതി സെപ്തംബര്‍ ഏഴ് വരെയാക്കി കര്‍ണാടക ഹൈക്കോടതി ഇടക്കാല വിധി ആഗസ്റ്റ് അഞ്ചിന് ഉണ്ടായി.) തമിഴ്‌നാട് ഹൈക്കോടതിയും ഇതേ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനോട് ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.

അടിസ്ഥാന വിയോജിപ്പ്

ലോകത്ത് തന്നെ പാരിസ്ഥിതിക തത്വചിന്തക്കു അടിത്തറയിട്ട 1972ലെ സ്റ്റോക്‌ഹോം സമ്മേളന തീരുമാനത്തില്‍ ഇന്ത്യയും ഒപ്പിട്ടതാണ്. 1974ല്‍ ജലം, 1981ല്‍ വായു സംരക്ഷണ നിയമങ്ങള്‍ നടപ്പാക്കി. 1984ല്‍ ഭോപ്പാല്‍ ദുരന്തം ഉണ്ടായപ്പോള്‍ മലിനീകരണം നടത്തി ആയിരങ്ങളെ കൊലചെയ്തവര്‍ രക്ഷപ്പെട്ടു. ഇത് മറികടക്കാന്‍ സമഗ്ര പരിസ്ഥിതി സംരക്ഷണ നിയമം 1986ല്‍ നിര്‍മിച്ചു. വ്യവസായങ്ങളും മറ്റും പാരിസ്ഥിതിക നിയമങ്ങള്‍ പാലിച്ചു മാത്രമേ ആരംഭിക്കൂ എന്നുറപ്പാക്കാനും അതില്‍ ജനങ്ങള്‍ക്ക് ഇടപെടാനും പാരിസ്ഥിതികാഘാത പഠനം എന്ന വ്യവസ്ഥ 1994ല്‍ കൊണ്ടുവന്നു. അത് കുറെക്കൂടി മെച്ചപ്പെടുത്തി ചില ഇളവുകളും നല്‍കി 2006ല്‍ നിര്‍മിച്ചതാണ് ഇപ്പോഴുള്ള നിയമം. പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിന് മാത്രം അധികാരം എന്നത് മാറ്റി ചില പദ്ധതികള്‍ക്ക് സംസ്ഥാനങ്ങള്‍ക്കും അധികാരം നല്‍കി. എ വിഭാഗങ്ങളില്‍പ്പെട്ടവ കേന്ദ്ര സര്‍ക്കാറിനും ബി വിഭാഗങ്ങളില്‍പ്പെട്ടവ സംസ്ഥാന സര്‍ക്കാറിനും എന്നാക്കി.
അതനുസരിച്ച് ഏത് പദ്ധതിയുടെയും പാരിസ്ഥിതികാഘാത പഠനം അതത് പദ്ധതി ഉടമയുടെ ചെലവില്‍ ചെയ്യണം. അത് പ്രസിദ്ധീകരിക്കണം. പൊതുജനങ്ങളില്‍ നിന്ന് ഇത് സംബന്ധിച്ചുള്ള അഭിപ്രായ രൂപവത്കരണം (പൊതു തെളിവെടുപ്പ്) വേണം. ജില്ലാ കലക്ടര്‍ അതിനു മേല്‍നോട്ടം വഹിക്കണം. ആ നടപടികളുടെ വീഡിയോ അടക്കം എടുത്ത് പദ്ധതി റിപ്പോര്‍ട്ടിനൊപ്പം അംഗീകാരം നല്‍കുന്ന സമിതിക്കു മുന്നില്‍ വെക്കണം. അവരാണ് അന്തിമ അംഗീകാരം നല്‍കുന്നത്. അതും ആവശ്യമായ വ്യവസ്ഥകളോടെ.
ഇത്ര കര്‍ശനമായ നിബന്ധനകള്‍ ഉണ്ടായിട്ടു പോലും കാര്യങ്ങള്‍ ഫലപ്രദമാകുന്നില്ല. പാരിസ്ഥിതിക പഠനം നടത്തുന്നവര്‍ പദ്ധതി ഉടമകള്‍ക്ക് വേണ്ടപ്പെട്ടവര്‍. അവര്‍ പദ്ധതിക്കനുകൂലമായ റിപ്പോര്‍ട്ട് തട്ടിക്കൂട്ടി ഉണ്ടാക്കുന്നു, പൊതു തെളിവെടുപ്പ് പ്രഹസനമാക്കുന്നു. തെളിവെടുപ്പില്‍ പറയുന്ന കാര്യങ്ങള്‍ സമിതി പരിഗണിക്കണമെന്ന നിബന്ധനയില്ല. സമിതിയുടെ ഘടന തന്നെ പലപ്പോഴും ഉദ്യോഗസ്ഥ മേധാവിത്വത്തിന്റേതാണ്. വിദഗ്ധര്‍ പേരിനു മാത്രം. ഓരോ പദ്ധതിയും പരിശോധിക്കാന്‍ ചിലപ്പോള്‍ ഒന്നോ ഒന്നരയോ മണിക്കൂര്‍ മാത്രം സമിതിക്കു കിട്ടും. ആയിരക്കണക്കിന് പേജുള്ള രേഖകളും ജനാഭിപ്രായങ്ങളും കേള്‍ക്കാറില്ല. സര്‍ക്കാര്‍ സമ്മര്‍ദം പദ്ധതികള്‍ക്കായി ഇപ്പോഴും ഉണ്ടാകും.

പുതിയ വിജ്ഞാപനത്തില്‍ പറയുന്നത് ഇതിനേക്കാള്‍ ദുര്‍ബലമായ പാരിസ്ഥിതിക നിയന്ത്രണങ്ങളാണ്. 1986ലെ നിയമത്തിന്റെയും പാരിസ്ഥിതിക വിവേകത്തിന്റെയും അടിത്തറ തകര്‍ക്കുന്നവയാണ് ഇതില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ഭേദഗതികള്‍.
കാലാവസ്ഥാ മാറ്റം, കൊവിഡ് സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഇവയൊന്നും ഈ വിജ്ഞാപനത്തില്‍ പരിഗണിക്കപ്പെടുന്നില്ല. മുന്‍ വിജ്ഞാപനത്തിനെ തുടര്‍ന്നുണ്ടായ കോടതികളുടെയോ ദേശീയ ഹരിത ട്രിബ്യൂണലിന്റെയോ വിധികളോ പുതിയ ശാസ്ത്രീയ അറിവുകളോ പരിഗണിക്കുന്നില്ല. നിരന്തരമുണ്ടാകുന്ന പ്രളയങ്ങള്‍, നഗര പ്രളയങ്ങള്‍, കടലാക്രമണങ്ങള്‍ മുതലായവയൊന്നും പരിഗണിക്കാറില്ല. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ ഒപ്പിട്ട കരാറുകള്‍ പാലിക്കണമെന്ന ചിന്തയില്ല. ഭരണഘടനയുടെ 21, 48എ വകുപ്പുകളുടെ ലംഘനമാണ് ഇതില്‍ പലതും.

താത്പര്യ വൈരുധ്യം

നിരവധി ഉദാഹരണങ്ങളില്‍ ഒന്ന് മാത്രം പറയാം. വനം പരിസ്ഥിതി വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി പ്രകാശ് ജാവ്‌ദേകര്‍ തന്നെ ഖനന വ്യവസായങ്ങളുടെ വകുപ്പും നോക്കുന്നു. ഇവ തമ്മില്‍ താത്പര്യ സംഘര്‍ഷമുണ്ടായാല്‍ മന്ത്രി എവിടെ നില്‍ക്കും? സ്വാഭാവികമായും വ്യവസായ പക്ഷത്ത്, അഥവാ മുതല്‍ മുടക്കുന്നവരുടെ പക്ഷത്ത് നില്‍ക്കും. മൂലധന സൗഹൃദമാണല്ലോ നമ്മുടെ സര്‍ക്കാറുകള്‍. അങ്ങനെയായാല്‍ നഷ്ടമാകുന്നത് പാരിസ്ഥിതിക നീതിയാണ്. അതാണ് താത്പര്യ വൈരുധ്യം.

(പരിസ്ഥിതി ഇനി മുതല്‍ ഒരു പൊതു താത്പര്യ വിഷയമായിരിക്കില്ല: അതേക്കുറിച്ച് നാളെ)