Connect with us

Kerala

യുഎഇ റെഡ് ക്രസന്റുമായി ലൈഫ് മിഷന്‍ ഒരു പണമിടപാടും നടത്തിയിട്ടില്ല: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | പ്രളയദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നതിന് യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റുമായി ലൈഫ് മിഷന്‍ ഒരു പണമിടപാടും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വടക്കാഞ്ചേരിയില്‍ ഭവന നിര്‍മാണത്തന് സന്നദ്ധത അറിയിച്ചതും അതിന് ഏജന്‍സിയെ കണ്ടെത്തിയതും കരാര്‍ നല്‍കിയതും എല്ലാം അവരാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ലൈഫ്മിഷന്‍ പദ്ധതിയില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഒരു കോടി രൂപ കമ്മീഷന്‍ പറ്റിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ സംബന്ധിച്ച ചോദ്യത്തിന് പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

റെഡ് ക്രസന്റ് സ്‌പോണ്‍സര്‍ ചെയ്ത ഭവണ സമുച്ചയ നിര്‍മാണം നല്ല രീതിയില്‍ പുരോഗമിക്കുക ആണ്. ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തില്‍ തൃശൂര്‍ വടക്കാഞ്ചേരി മുന്‍സിപ്പാലിറ്റിയുടെ കൈവശമുള്ള 217.88 സെന്റ് സ്ഥലത്ത് ഭവന സമുച്ചയത്തിന് ഡിപിആര്‍ തയ്യാറാക്കുന്നതിന് ഹേബിറ്റാറ്റ് ടെക്‌നോളജിയെ ആണ് ഏല്‍പിച്ചിരുന്നത്. യുഇഎ റെഡ് ക്രസന്റ് അതോറിറ്റിയുടെ ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സംഘം ഇവിടെ വന്നിരുന്നു. പ്രളയത്തില്‍ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ഉള്‍പ്പെടെ, ലൈഫ് മിഷന്‍ന് കീഴില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സ്ഥലത്ത് ഭവന സമുച്ചയം നിര്‍മിച്ചു നല്‍കാമെന്ന് അവര്‍ രേഖാമൂലം അറിയിച്ചു. ലൈഫ് മിഷന്റെ കീഴിലുള്ള നിര്‍മാണത്തിനാണ് അവര്‍ കൂടുതല്‍ താത്പര്യം പ്രകടിപ്പിച്ചത്.

11-7-2019നാണ് റെഡ് ക്രസന്റ് ജന. സെക്രട്ടറി അടക്കം നാല് യുഎഇ പൗരന്മാരും എംഎ യൂസുഫലിയും പങ്കെടുത്ത യോഗം നടന്നത്. ഭവന രഹിതര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്നതിന് 7 ദശലക്ഷം യുഎഇ ദിര്‍ഹവും ഒരു ഹെല്‍ത്ത് സെന്റര്‍ നിര്‍മിച്ച് നല്‍കുന്നതിന് 3 ദശലക്ഷം യുഎഇ ദിര്‍ഹവും ഉള്‍പ്പെടെ പത്ത് ദശലക്ഷം യുഎഇ ദിര്‍ഹം സഹായമായി നല്‍കുന്നതിനുള്ള ഫ്രെയിം വര്‍ക്കാണ് എംഒയുവില്‍ പരാമര്‍ശിച്ചത്. റെഡ് ക്രസന്റ് സംസ്ഥാനത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്ന സഹായം ലൈഫ് മിഷന്‍ വടക്കാഞ്ചേരിയില്‍ ഉദ്ദേശിക്കുന്ന പദ്ധതിക്ക് ഉപയോഗിക്കാമെന്നും ഈ യോഗത്തില്‍ തീരുമാനിച്ചു.

റെഡ് ക്രസന്റ് പണമായി സംസ്ഥാന സര്‍ക്കാറിന് സഹായം നല്‍കുന്നില്ലെന്നും, അവര്‍ തന്നെ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിടം പണിത് സര്‍ക്കാറിന് കൈമാറാന്‍ ആണ് ഉദ്ദേശിക്കുന്നത് എന്നും അറിചയിച്ചു. സമുച്ചയത്തിന്റെ നിര്‍മാണം 2019 ആഗസ്റ്റില്‍ തുടങ്ങി. 2020 ആഗസ്റ്റുില്‍ പൂര്‍ത്തികരിക്കാന്‍ ആണ് ഉദ്ദേശിച്ചിരുന്നത്. കോവിഡ് മൂലം പണി താമസിച്ചു എന്നത് വസ്തുത ആണ്. ഡിസംബറോടെ പൂര്‍ത്തീകരിക്കാം എന്നാണ് കരുതുന്നത്. 500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള 140 വീടുകളാണ് നിര്‍മിക്കുന്നത്. റെഡ് ക്രസന്റുമായി ലൈഫ് മിഷന്‍ പണമിടപാട് നടത്തിയിട്ടില്ല. റെഡ് ക്രസന്റ് നേരിട്ടാണ് ഏജന്‍സിയെ കണ്ടെത്തിയതും കരാര്‍ ഉറപ്പിച്ചതും. ഇതേ രീതിയില്‍, മാധ്യമസ്ഥാപനങ്ങള്‍ അടക്കം മറ്റു പല സ്ഥാപനങ്ങളും വീട് നിര്‍മിക്കാന്‍ തയ്യാറവുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ടെന്നും ഈ വിഷയത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Latest