Connect with us

Articles

വാക്കിന് നീതിപീഠവും വിലങ്ങു വെക്കുന്നു

Published

|

Last Updated

സാക്ഷാല്‍ ഇ എം എസ് നമ്പൂതിരിപ്പാടിനെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് എം ഹിദായത്തുല്ല മാര്‍ക്‌സിസവും കമ്മ്യൂണിസവും പഠിപ്പിച്ച ഒരു കഥയുണ്ട്. ഇ എം എസിനെ മാര്‍ക്‌സിസം പഠിപ്പിച്ചതുകൊണ്ട് മാത്രമാണ് കഥയെന്ന് പ്രയോഗിച്ചത്. കഥയല്ലത്, ഒരു കോടതിയലക്ഷ്യ കേസിലായിരുന്നു സംഭവം. സ്വത്തവകാശ ലംഘനം ചൂണ്ടിക്കാട്ടി ഭൂപരിഷ്‌കരണ നിയമത്തില്‍ കോടതികള്‍ ഇടപെടുന്നതിനെ വിമര്‍ശിച്ച് 1967 നവംബര്‍ ഒമ്പതിന് തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രിയായിരുന്ന ഇ എം എസ് പത്രസമ്മേളനം നടത്തി. മാര്‍ക്‌സിസ്റ്റ് ലോക വീക്ഷണത്തില്‍ സ്റ്റേറ്റ് അധീശ വര്‍ഗത്തിന്റെ ഉപകരണമാണെന്നും മര്‍ദക സ്ഥാപനമായ ജുഡീഷ്യറി ചൂഷക വര്‍ഗത്തെ സേവിക്കുകയാണെന്നുമായിരുന്നു ഇ എം എസിന്റെ വിമര്‍ശനം. പറഞ്ഞത് പുകിലാകുകയും കോടതിയലക്ഷ്യം ഹൈക്കോടതിയിലെത്തുകയും ചെയ്തു. കേസ് പരിഗണിച്ച മൂന്നംഗ ബഞ്ചില്‍ ഒന്നിനെതിരെ രണ്ടിന്റെ ഭൂരിപക്ഷ വിധിയില്‍ ഇ എം എസ് ആയിരം രൂപ പിഴ അടക്കുകയോ അല്ലെങ്കില്‍ ഒരു മാസം തടവ് ശിക്ഷ അനുഭവിക്കുകയോ വേണമെന്ന് കോടതി പിഴശിക്ഷ വിധിച്ചു. തുടര്‍ന്ന് അപ്പീല്‍ ഹരജിയുമായി ഇ എം എസ് സുപ്രീം കോടതിയെ സമീപിച്ചു. മാര്‍ക്‌സ് ഒരിക്കലും ജുഡീഷ്യറിക്കെതിരെ സംസാരിച്ചിട്ടില്ലെന്നും മാര്‍ക്‌സിസവും കമ്മ്യൂണിസവും എന്താണെന്ന് ഇ എം എസിന് മനസ്സിലായിട്ടില്ലെന്നുമായിരുന്നു ഹരജി കേട്ട ചീഫ് ജസ്റ്റിസിന്റെ പക്ഷം. ഹരജിക്കാരന്‍ ഏതൊരു പ്രത്യയശാസ്ത്രത്തിന്റെ വക്താവാണോ അതേപ്പറ്റി അദ്ദേഹം അജ്ഞനാണെന്നും അത് വെളിവായതാണ് ഈ നിയമവ്യവഹാരത്തിന്റെ അന്തിമഫലം എന്ന വിലയിരുത്തലില്‍ പിഴത്തുക 50 രൂപയാക്കി കുറച്ച് ഹരജി തീര്‍പ്പാക്കുകയായിരുന്നു സുപ്രീം കോടതി.
നീതിന്യായ വ്യവസ്ഥയെക്കുറിച്ച് ഇ എം എസ് നടത്തിയ പരാമര്‍ശത്തിന്റെ നീതിന്യായങ്ങളെ അതിന്റെ വഴിക്ക് വിടുന്നു. കോടതിയലക്ഷ്യം സിവില്‍, ക്രിമിനല്‍ എന്നീ രണ്ട് തരമുള്ളതില്‍, കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്നതോ അപകീര്‍ത്തിപ്പെടുത്താന്‍ പ്രേരണ നല്‍കുന്നതോ ആയ അഭിപ്രായപ്രകടനം നടത്തുന്നതാണ് ക്രിമിനല്‍ കോടതിയലക്ഷ്യം എന്ന് ചുരുക്കിപ്പറയാം. അത്തരം കോടതിയലക്ഷ്യ കേസുകളുടെ വിധി നിര്‍ണയിക്കുന്നതില്‍ വസ്തുതാനിബന്ധമായ മാനദണ്ഡങ്ങള്‍ ഇല്ലെന്ന് വ്യക്തമാക്കാനും ന്യായാധിപരുടെ മുന്‍വിധികളും ഊഹാപോഹങ്ങളും മേല്‍ക്കൈ നേടി കേസുകളെ വഴിതിരിച്ചുവിടുന്ന കാര്യം ബോധ്യപ്പെടുത്താനുമാണ് ഇ എം എസിന്റെ കോടതിയലക്ഷ്യ കേസ് വീണ്ടും പൊടിതട്ടിയെടുത്തത്.

വസ്തുതാവിരുദ്ധമായ വിമര്‍ശങ്ങള്‍ കോടതിയലക്ഷ്യത്തെ ക്ഷണിച്ചു വരുത്തുന്നതാണെന്നതില്‍ തര്‍ക്കമില്ല. അതേസമയം സോദ്ദേശ്യം തെളിവുകളുടെ പിന്‍ബലത്തില്‍ നടത്തുന്ന ക്രിയാത്മക വിമര്‍ശനങ്ങളെ കോടതിയലക്ഷ്യത്തിന്റെ കരിമ്പട്ടികയില്‍ ചേര്‍ക്കുമ്പോള്‍ ജനാധിപത്യ സമൂഹത്തില്‍ സ്വതന്ത്ര വിമര്‍ശത്തിന്റെ ഇടം പാടെ ചുരുങ്ങിപ്പോകുന്നു. അത് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള പൗരന്റെ മൗലികാവകാശത്തിനു നേരെയുള്ള കൈയേറ്റമായിത്തീരുന്നു. സുപ്രീം കോടതിയില്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടു പോകുമ്പോള്‍ സംഭവിക്കുന്നത് അതാണ്.

കഴിഞ്ഞ ജൂണ്‍ 27, 29 എന്നീ തീയതികളില്‍ പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ രേഖപ്പെടുത്തിയ അഭിപ്രായപ്രകടനത്തിന്റെ പേരില്‍ ഒരു അഭിഭാഷകന്റെ പരാതി ലഭിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി അടിയന്തര പ്രാധാന്യമുള്ള കേസ് എന്ന രീതിയില്‍ അദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ പ്രസ്തുത നടപടി വ്യാപക പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എ പി ഷാ തുടങ്ങിയ ന്യായാധിപര്‍, മുന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അംമ്പാസിഡര്‍മാര്‍, ആക്ടിവിസ്റ്റുകള്‍, അക്കാദമീഷ്യന്‍മാര്‍ ഉള്‍പ്പെടുന്ന 131 പ്രമുഖ വ്യക്തികള്‍ സംയുക്ത പ്രസ്താവനയില്‍ പ്രശാന്ത് ഭൂഷണ് ഐക്യദാര്‍ഢ്യവുമായി രംഗത്ത് വന്നിരിക്കുകയാണിപ്പോള്‍.
“ഒരു ഔപചാരിക അടിയന്തരാവസ്ഥയിലൂടെ കടന്നു പോകാതെ തന്നെ ഇന്ത്യയിലെ ജനാധിപത്യം എങ്ങനെ തകര്‍ന്നു എന്ന് പരിശോധിക്കാന്‍ ഭാവി ചരിത്രകാരന്‍മാര്‍ കഴിഞ്ഞ ആറ് വര്‍ഷങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ അതില്‍ സുപ്രീം കോടതിയുടെ ഭാഗദേയം അവര്‍ പ്രത്യേകം രേഖപ്പെടുത്തിയിരിക്കും. അതിലേറെ സവിശേഷമായി അവസാന നാല് ചീഫ് ജസ്റ്റിസുമാരുടെ പങ്കുമുണ്ടാകും”, ഇതായിരുന്നു ജൂണ്‍ 27ന് പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചത്. ജനാധിപത്യ ഇന്ത്യയില്‍ കോടതികളും ന്യായാധിപരുമൊന്നും വിമര്‍ശന ബിന്ദുവിന് പുറത്തല്ല. കോടതിക്ക് അവമതിപ്പുണ്ടാക്കാത്ത വിധം ക്രിയാത്മക വിമര്‍ശനങ്ങള്‍ അനുവദനീയമാണെന്ന് പരമോന്നത നീതിപീഠമടക്കം പല സന്ദര്‍ഭങ്ങളിലായി പറഞ്ഞു വെച്ചിട്ടുണ്ട്. പ്രസ്താവിത ട്വീറ്റില്‍ പ്രശാന്ത് ഭൂഷണ്‍ ഉന്നയിച്ച സംഗതി സമൂഹത്തിന്റെ ഭിന്ന തലങ്ങളില്‍ നിന്ന് നേരത്തേ ഉയര്‍ന്നു കൊണ്ടിരിക്കുന്നതും ഇപ്പോഴും തുടരുന്നതുമാണ്. കൊവിഡ് 19 പ്രതിസന്ധിക്കിടയില്‍ കോടതിയുടെ സാധാരണ നിലയിലുള്ള പ്രവര്‍ത്തനം കഴിയാതെ വന്നിട്ട് ആറ് മാസമാകുമ്പോള്‍ നിയമ വ്യവഹാരങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന എത്രയേറെ ജീവിതങ്ങളുണ്ട്. അപ്പോഴും പ്രശാന്ത് ഭൂഷണെ കോടതിയലക്ഷ്യത്തിന് കുരിശിലേറ്റാനുള്ള ഝടുതി മിതമായ ഭാഷയില്‍ പറഞ്ഞാല്‍ വായ അടപ്പിക്കാനുള്ള ശ്രമം മാത്രമാണ്.

പൗരശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂടം വിയോജിപ്പുകളെ ശത്രുതാ മനോഭാവത്തോടെ വേട്ടയാടുന്നത് നാം കാണുന്നു. അതേ ദിശയില്‍ നീതിപീഠവും സഞ്ചരിക്കുന്നു എന്ന് വരുന്നത് ഭീതിജനകമാണ്. രാജ്യത്തെ പൊതു അന്തരീക്ഷത്തോട് യോജിക്കാതെയും മുഖ്യ ന്യായാധിപന്റെ പദവിയോട് നീതി കാണിക്കാതെയും ചീഫ് ജസ്റ്റിസ് പ്രവര്‍ത്തിച്ചതിനെ പ്രശ്‌നവത്കരിക്കുകയായിരുന്നു പ്രശാന്ത് ഭൂഷണ്‍ തന്റെ രണ്ടാമത്തെ ട്വീറ്റില്‍. തീര്‍ത്തും വസ്തുതാപരമായിരുന്നു ട്വീറ്റിന്റെ ഉള്ളടക്കം. മാത്രമല്ല, തദ്വിഷയികമായി ചീഫ് ജസ്റ്റിസിനെതിരെ പല കോണില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉയരുകയും അദ്ദേഹത്തിന് തെറ്റുപറ്റിയെന്ന പൊതുവികാരം രൂപപ്പെടുകയും ചെയ്തിരുന്നു. അവിടെയും വിമര്‍ശനങ്ങള്‍ ന്യായാധിപരെ അസ്വസ്ഥപ്പെടുത്തുന്നു എന്ന് തന്നെയാണ് പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടു പോകാനുള്ള തീരുമാനത്തില്‍ നിന്ന് വ്യക്തമാകുന്നത്. ന്യായാധിപര്‍ക്ക് വീഴ്ച പറ്റിയാല്‍ അത് തുറന്നു പറയാനുള്ള അവകാശം കൂടെ ഉള്‍പ്പെടുന്നതാണല്ലോ ഭരണഘടന വിഭാവനം ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യമെന്ന മൗലികാവകാശം. ഭരണഘടനയെ, ഭരണഘടന ഉറപ്പു നല്‍കുന്ന അടിസ്ഥാന അവകാശങ്ങളെ സംരക്ഷിക്കേണ്ടവര്‍ തന്നെ അതിന്റെ ഘാതകരാകുകയാണ്.

വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ സമീപിക്കുന്ന പ്രവണത രാജ്യത്തെ കോടതികളില്‍ ഈയിടെ പെരുകി വരുന്നുണ്ട്. ന്യായാധിപര്‍ക്ക് വിരമിച്ച ശേഷം ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെ സംബന്ധിച്ച് മേഘാലയ ഹൈക്കോടതി 2019ല്‍ പുറപ്പെടുവിച്ച ഉത്തരവില്‍ കേന്ദ്രീകരിച്ച് ലേഖനമെഴുതിയതിന് “ഷില്ലോംഗ് ടൈംസി”ലെ രണ്ട് മാധ്യമ പ്രവര്‍ത്തകരെ ഹൈക്കോടതി കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകരിലൊരാള്‍ സമൂഹ മാധ്യമത്തില്‍ നടത്തിയ കമന്റ് കൂടെ മുഖവിലക്കെടുത്ത് കോടതിയലക്ഷ്യ നടപടി സ്വീകരിച്ച ഹൈക്കോടതി ഒരു നീതിദീക്ഷയുമില്ലാതെയായിരുന്നു കേസ് കൈകാര്യം ചെയ്തത്. മാധ്യമ പ്രവര്‍ത്തകരുടെ വിമര്‍ശത്തിന് പാത്രമായ ജഡ്ജി എസ് ആര്‍ സെന്‍ തന്നെ കോടതിയലക്ഷ്യം പരിഗണിച്ച ബഞ്ചിന്റെ ഭാഗമാകുകയുണ്ടായി. അടിസ്ഥാന നിയമ തത്വങ്ങള്‍ പോലും തൃണവത്ഗണിച്ച് അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള ശ്രമമായിരുന്നു നടന്നത്. പിന്നീട് മാധ്യമ പ്രവര്‍ത്തകരുടെ അപ്പീലില്‍ സുപ്രീം കോടതി വിധി സ്റ്റേ ചെയ്യുകയായിരുന്നു.
വിയോജിക്കാനുള്ള അവസരമുണ്ടാകുമ്പോഴാണ് ജനാധിപത്യത്തിന് ശരിയായി ശ്വാസമെടുക്കാനാകുക. ജനാധിപത്യ സാമൂഹിക പരിസരങ്ങളില്‍ എല്ലായിടത്തും നിയമവിധേയമായി വിയോജിക്കാവുന്നതില്‍ കോടതികള്‍ അപവാദമല്ല. എന്നാല്‍ കോടതികള്‍ അവഹേളിക്കപ്പെടരുതെന്ന നിഷ്‌കര്‍ഷതയുണ്ട്. അത് നീതിപീഠത്തില്‍ പൗരസമൂഹത്തിനുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കാനാണ്. പക്ഷേ, 1971ലെ കോടതിയലക്ഷ്യ നിയമത്തില്‍ പ്രസ്താവിക്കുന്ന “അപകീര്‍ത്തി”ക്ക് കൃത്യമായ മാനദണ്ഡമില്ലാതിരിക്കെ തോന്നിയ പടി കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുന്ന ന്യായാധിപര്‍ വസ്തുതകള്‍ക്ക് മേല്‍ ആത്മനിഷ്ഠാപരമായ കണക്കുകൂട്ടലുകളെ പറത്തി പലപ്പോഴും നീതിയെ ബലികഴിക്കുകയാണ്. പ്രത്യുത അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം വകവെച്ചു നല്‍കാന്‍ ന്യായാസനങ്ങള്‍ക്ക് പോലും സാധിക്കാത്തത് വലിയ അപകട സൂചനയാണ് നല്‍കുന്നത്.