Connect with us

First Gear

പുതിയ ഫീച്ചറുകളുമായി കിയാ സോനറ്റ്

Published

|

Last Updated

മുംബൈ: കുറഞ്ഞ കാലം കൊണ്ട് ഒരു ലക്ഷത്തിലധികം വാഹനങ്ങള്‍ വിറ്റഴിച്ചു ചരിത്രം രചിച്ച കിയ ഇപ്പോള്‍ ഇന്ത്യയിലെ തങ്ങളുടെ മൂന്നാമത്തെ വാഹനത്തെയും അവതരിപ്പിച്ചു. കോംപാക്ട് എസ് യു വി സെഗ്മെന്റിലേക്ക് അവതരിപ്പിച്ച ആദ്യ വാഹനം കൂടിയാണിത്. കിയാ സോനറ്റ് എന്നതാണ് പുതിയ വാഹനത്തിന്റെ പേര്. ഈ സെഗ്മെന്റില്‍ പല പുതിയ ഫീച്ചറുകളുമായാണ് സോനറ്റ് വരുന്നത് എന്നതും ശ്രദ്ധേയമാണ്. 2019 ലാണ് കിയാ തങ്ങളുടെ ആദ്യ മോഡലിനെ ഇന്ത്യയില്‍ അവതരിപ്പിച്ചത്.

കിയാ സോനറ്റ് എന്ന ആശയം

നോയിഡയില്‍ നടന്ന 2020 ഓട്ടോ എക്‌സ്‌പോയിലായിരുന്നു ആദ്യമായി കിയാ സോനറ്റിന്റെ ആശയത്തെ കമ്പനി അവതരിപ്പിച്ചത്. കേവലം ഒരു കോണ്‍സെപ്‌റ്റ് മോഡല്‍ എന്നതിലുപരി പ്രൊഡക്ഷന്‍ റെഡി മോഡലിനെയാണ് അന്ന് കിയ പ്രദര്‍ശിപ്പിച്ചത്. ശേഷം സോനറ്റിന്റെ ഗ്ലോബല്‍ അനാവരണ ചടങ്ങില്‍ അവതരിപ്പിച്ച സോനറ്റും മുമ്പ് പ്രദര്‍ശിപ്പിച്ച ആശയവും തമ്മില്‍ വലിയ വ്യത്യാസം ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്.

സോനറ്റിന്റെ എക്സ്സ്റ്റീരിയര്‍

കിയ വാഹനങ്ങളില്‍ നമ്മള്‍ കണ്ട ഗ്ലോസി ബ്ലാക്ക് ടൈഗര്‍ നോസ് ഗ്രില്ലും എല്‍ ഇ ഡി ലാമ്പുകളും ടര്‍ബോ മാതൃകയില്‍ നിര്‍മിച്ച എയര്‍ ഡാമും ചേര്‍ന്ന് മുന്‍ഭാഗം കൂടുതല്‍ സ്‌പോര്‍ട്ടി ആക്കിയിട്ടുണ്ട് എന്ന് മാത്രമല്ല ഒരു എസ് യു വി ലുക്ക് നല്‍കുന്നുമുണ്ട്. ക്രൗണ്‍ ജുവല്‍ ഹെഡ് ലാംപ് എന്നും ടൈഗര്‍ ഐലൈന്‍ ഡി ആര്‍ എല്‍ എന്നും കിയ നാമകരണം ചെയ്ത ലാമ്പുകള്‍ അതിമനോഹരം തന്നെയാണ്. എന്നാല്‍ നേരത്തേ സെല്‍ട്ടോസില്‍ കണ്ട മുന്‍ഭാഗം മുഴുവന്‍ അലങ്കരിച്ച ആ വലിയ ഡി ആര്‍ എല്‍ സോണറ്റിലില്ല. മുന്‍ഭാഗത്തെ കാഴ്ചയില്‍ മികച്ച റോഡ് പ്രസന്‍സുള്ള ഒരു കോംപാക്ട് എസ് യു വിയായി സോനറ്റ് രൂപപ്പെട്ടിട്ടുണ്ട്. റേഡിയേറ്റര്‍ ഗ്രില്ലിന്റെ നിര്‍മാണത്തില്‍ ഇന്ത്യയുടെ ഉത്തര- ദക്ഷിണ നിര്‍മാണ മാതൃകകള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട് എന്ന കാര്യവും മേഡ് ഇന്‍ ഇന്ത്യ എസ് യു വിയില്‍ ശ്രദ്ധേയമാണ്.

മുന്‍ഭാഗത്തെ കാഴ്ചയേക്കാള്‍ ലളിതമാണ് സോനറ്റിന്റെ സൈഡ് വശ കാഴ്ചകള്‍. 16 ഇഞ്ച് അലോയ് വീലുകള്‍ കരുത്തു പകരുന്ന വാഹനത്തില്‍ ടേണ്‍ ഇന്‍ഡിക്കേറ്ററോട് കൂടിയ മിറര്‍ കാണാം. കൂടെ ബ്ലാക്ക് ഫിനിഷില്‍ കൊടുത്ത പില്ലറുകളും മുകള്‍ഭാഗവും ഒരു പുതിയ ഭാവം തന്നെ സോനറ്റിനു നല്‍കുന്നുണ്ട്.

പിറകിലെ കാഴ്ചകളില്‍ കിയയുടെ സ്വന്തം ഹാര്‍ട്ട്ബീറ്റ് എല്‍ ഇ ഡി ടൈല്‍ ലാംപ് യൂണിറ്റ് ഒരു റിഫ്‌ലക്ടര്‍ സ്ട്രിപ്പിന്റെ സഹായത്തോടെ പരസ്പരം കണക്ടായി നില്‍ക്കുന്നത് ആദ്യ കാഴ്ചയില്‍ തന്നെ വാഹനത്തെ മറ്റൊരു ലുക്കിലേക്ക് കൊണ്ടുപോകുന്നുണ്ട്. താഴെ രണ്ട് മഫ്‌ലറുകളുമായി ബമ്പറും മനോഹരമായി തന്നെ കൊടുത്തിട്ടുണ്ട്.

ഫീച്ചറുകള്‍

പുറം കാഴ്ചകള്‍ പോലെ തന്നെ വ്യത്യസ്തമായ ഇന്റീരിയര്‍ കാഴ്ചകളാണ് സോനറ്റിലുള്ളത്. ഇലക്ട്രോണിക് സണ്‍റൂഫും വൈറസ് പ്രൊട്ടക്ഷനുള്ള സ്മാര്‍ട്ട് എയര്‍ പ്യൂരിഫൈറും 10.25 ഇഞ്ച് ടച്ച് ഇന്‌ഫോര്‍റ്റൈന്മെന്റ് സിസ്റ്റവും പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ചേര്‍ന്ന് ഇന്റീരിയറിനെ മികവുറ്റതാക്കുമ്പോള്‍ വയര്‍ലെസ്സ് ചാര്‍ജറും 57+ യുവോ കണക്ടിവിറ്റി ഫീച്ചറുകളും 7 സ്പീക്കര്‍ ബോസ് മ്യൂസിക് സിസ്റ്റവും മുന്‍ഭാഗത്തെ രണ്ട് സീറ്റുകളിലെ വെന്റിലേഷനും മുന്‍പിലെയും പിറകിലെയും പാര്‍ക്കിംഗ് സെന്‍സറുകളും എല്‍ ഇ ഡി സൗണ്ട് മൂഡ് ലാമ്പും ചേര്‍ന്ന് ഇന്റീരിയറിനു പൂര്‍ണതയും നല്‍കുന്നുണ്ട്. ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്ട്രോള്‍ ഹില്‍ അസിസ്റ്റ്, ബ്രേക്ക് അസിസ്റ്റ് തുടങ്ങിയ സേഫ്റ്റി കാര്യങ്ങള്‍ക്കൊപ്പം 6 എയര്‍ ബാഗും സോനറ്റില്‍ വരുന്നുണ്ട്.

എന്‍ജിന്‍

ഡീസലിലും പെട്രോളിലും ഓട്ടോമാറ്റിക് ഗിയര്‍ ഓപ്ഷനുമായി 1 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ 3 എഞ്ചിനുകളിലായാണ് സോനറ്റ് ലഭ്യമാവുക. ഒരു 7 സ്പീഡ് ഡി സി റ്റി ഓപഷനും ഐ എം റ്റി ഓപ്ഷനും സോനറ്റിലുണ്ടാവും. ആഗോളതലത്തിലുള്ള അനാവരണമായത് കൊണ്ട് വാഹനത്തിന്റെ ഇന്ത്യയിലെ വില ഇതുവരെ പ്രസിദ്ധപ്പെടുത്തിയിട്ടില്ല.

Latest