Connect with us

Malappuram

നാടുകാണി ചുരത്തിൽ വിള്ളൽ; ഗതാഗത നിയന്ത്രണമേർപ്പെടുത്തി

Published

|

Last Updated

നിലമ്പൂർ | നാടുകാണി ചുരത്തിൽ വിള്ളൽ രൂപപ്പെട്ടതിനാൽ ചുരം റോഡിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി. ചുരത്തിൻ്റെ ഒന്നാം വളവിന് രണ്ട് കിലോമീറ്റർ മുകളിൽ അത്തിക്കുറുക്ക് ഭാഗത്താണ് റോഡിന് നടുവിൽ വിള്ളലുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ വിള്ളൽ കണ്ടെത്തിയിരുന്നെങ്കിലും ശനിയാഴ്ച രാത്രയിലെ കനത്ത മഴയിലാണ് വിള്ളലിൻ്റെ വ്യാപ്തി വർദ്ധിച്ചത്. ഏകദേശം 30 മീറ്റർ നീളത്തിൽ മൂന്ന് വിരൽ വീതിയിയിൽ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്.

നാടുകാണി – പരപ്പനങ്ങാടി റോഡ് നവീകരണത്തിൻ്റെ ഭാഗമായി പ്രവർത്തി നടത്തിയ സ്ഥലങ്ങളിലാണ് വിള്ളൽ കണ്ടെത്തിയത്. വിള്ളൽ കാരണം റോഡിൻ്റെ ഒരു ഭാഗം താഴ്ന്നിട്ടുണ്ട്. ഇവിടെ റോഡിന് വീതിയുണ്ടായതിനാൽ ഒരു ഭാഗത്ത് കൂടി വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. അതെ സമയം തീവ്ര ഉരുൾപൊട്ടൽ മേഖലയായ ചുരം റോഡിലെ വിള്ളൽ നാടുകാണി ചുരത്തിൻ്റെ താഴ് വാരങ്ങളിൽ ആശങ്ക സൃഷ്ടിക്കുകയാണ്. വഴിക്കടവ് പഞ്ചായത്തിലെ പുന്നക്കൽ, വെള്ളകെട്ട ഭാഗങ്ങളിലെ 300 ഓളം കുടുംബങ്ങളാണ് ഭീതിയോടെ കഴിയുന്നത്. ഉരുൾപൊട്ടൽ സാധ്യതയെ തുടർന്ന് അധികൃതർ പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽക്കുകയും രാത്രി 8 മുതൽ രാവിലെ 6 വരെ ചുരം റോഡിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തിരുന്നു.

വിള്ളൽ രൂപപ്പെട്ട ഭാഗത്ത് അപകട മുന്നറിയിപ്പ് ബോഡ് സ്ഥാപിച്ചിട്ടുമുണ്ട്. അതെ സമയം മഴക്കാലങ്ങളിൽ നാടുകാണി ചുരം റോഡിൽ തകർച്ച പതിവാവുകയാണ്. 2007 മുതൽ മിക്ക വർഷങ്ങളിലും ചുരത്തിൽ ചെറുതും വലുതുമായ വിള്ളലും തകർച്ചയും സംവിക്കുന്നുണ്ട്. 2010, 2014, 2016 വർഷങ്ങളിൽ മാത്രമാണ് ചുരം റോഡിന് കാര്യമായ കേട്പാട് സംഭവിക്കാത്തത്.

2007 ൽ ജാറം ഭാഗത്തെ വിള്ളലിനെ തുടർന്ന് നാല് മാസത്തോളം ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരുന്നു. താത്കാലിക പ്രവർത്തി നടത്തിയാണ് അന്ന് ഗതാഗതം പുനസ്ഥാപിച്ചിരുന്നത്. പിന്നീട് നാടുകാണി – പരപ്പനങ്ങാടി റോഡ് നവീകരണത്തിൻ്റെ ഭാഗമായി റോഡ് വീതി കൂട്ടിയും സംരക്ഷണ ഭിത്തി നിർമിച്ചും പ്രവർത്തി നടത്തിയെങ്കിലും റോഡ് വിള്ളൽ വർദ്ധിക്കുകയാണുണ്ടായത്. കഴിഞ്ഞ വർഷം ജൂണിൽ ജാറത്തിന് സമീപം രണ്ടിടങ്ങളിലും,  ഓടകാട്, പോത്തുംകുഴി ചോല, കല്ലള, അത്തിക്കുറുകിന് സമീപം എന്നിവിടങ്ങളിലും റോഡിൽ വിള്ളലുകൾ കാണപ്പെട്ടിരുന്നു.  നാടുകാണി-പരപ്പനങ്ങാടി റോഡ് നവീകരണം നടത്തിയ ഭാഗത്താണ് അന്നും വിള്ളൽ കണ്ടത്.

മണ്ണ് നിരങ്ങിനീങ്ങിയതാണ് വിള്ളലിന് ഇടയാക്കിയത്. റോഡിലെ മണ്ണ്തള്ളി സംരക്ഷണ ഭിത്തി തകരുകയായിരുന്നു. റോഡ് നീളത്തിൽ വിണ്ടുകീറിയതിനാൽ ഗതാഗതത്തെ ബാധിച്ചിട്ടില്ല. തുടർന്ന്
വിള്ളൽ കണ്ട ഭാഗങ്ങൾ യന്ത്രത്തിന്‍റെ സഹായത്തോടെ പൊളിച്ചുമാറ്റി മണ്ണ് മുഴുവനായും നീക്കം ചെയ്ത് ബലപ്പെടുത്തിയാണ് നവീകരണ പ്രവർത്തിയത്. റിടാറിംഗും നടത്തി. പിന്നീട് കഴിഞ്ഞ ആഗസ്തില്‍ ചുരത്തിൻ്റെ പല ഭാഗവും മണ്ണിടിച്ചിലില്‍ തകര്‍ന്ന് മൂന്ന് മാസത്തോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. നിരവധി സ്ഥലങ്ങളിലാണ് കൂറ്റൻ പാറകളും കല്ലും മണ്ണും മരങ്ങളും റോഡിലേക്ക് വീണത്. തേന്‍പാറ, തകരപ്പാടി, കല്ലള, ഒന്നാം വളവ്, അതിര്‍ത്തി എന്നിവിടങ്ങളിലാണ് കൂടുതൽ തകർച്ച നേരിട്ടത്. സ്ഫോടനം വഴി പാറ പൊട്ടിച്ചാണ് തടസ്സം നീക്കിയത്. പാറ പൊട്ടിക്കാനുള്ള അനുമതി വൈകിയതും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. സ്ഥിരം വിള്ളൽ കാണുന്ന ഭാഗങ്ങളിൽ ഇന്റര്‍ലോക്ക് കട്ടകള്‍ പാകുകയും ചെയ്തിരുന്നു. 30 മുതൽ 60 ഡിഗ്രിവരെ ചരിവുള്ള ചുരം മേഖല മണ്ണിച്ചിൽ തീവ്രമേഖലയായി ജി എസ് ഐ നേരത്തെ പ്രഖ‍്യാപിച്ചിട്ടുണ്ട്.

Latest