Connect with us

Kerala

പമ്പ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു; ജാഗ്രതയോടെ ജില്ലാ ഭരണകൂടം

Published

|

Last Updated

 

പത്തനംതിട്ട കനത്ത മഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ പമ്പ ഡാമിന്റെ നാല് ഷട്ടറുകള്‍ രണ്ടി വീതം ഉയര്‍ത്തി. ഉച്ചക്ക് 1.45ഓടെ രണ്ട് ഷട്ടറുകളും അല്‍പ സമയം മുമ്പ് മറ്റ് രണ്ട് ഷട്ടറുകളും തുറക്കുകയായിരുന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇനിയുള്ള രണ്ട് ഷട്ടറുകളും ഏറെ താമസിയാതെ തുറക്കുമെന്നാണ് അറിയുന്നത്. ഡാം തുറന്ന സാഹചര്യത്തില്‍ അഞ്ച് മണിക്കൂറിനുള്ളില്‍ റാന്നി നഗരത്തിലേക്ക് വെള്ളമെത്തും. അതേ സമയം അണക്കെട്ട് തുറക്കുന്നത് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്നാണ് നിഗമനം. ജലം ഒമ്പത് മണിക്കൂര്‍ തുറന്നു വിടുന്നതിലൂടെ ഡാം ജലനിരപ്പ് ബ്ലൂ അലര്‍ട്ട് ലെവല്‍ ആയ 982 മീറ്ററില്‍ എത്തിക്കാന്‍ സാധിക്കും. ഇതിനാല്‍ പമ്പ നദിയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട കലക്ടര്‍ പി ബി നൂഹ് അറിയിച്ചു.

ഇന്ന് രാവിലെ ഏഴ് മണിയുടെയും എട്ട് മണിയുടെയും റീഡിംഗ് പ്രകാരം 983.45 മീറ്ററില്‍ സ്ഥിരമായി നില്‍ക്കുകയാണ്. പമ്പാ ഡാമിന്റെ പരിസര പ്രദേശങ്ങളില്‍ നേരിയ മഴയുണ്ടെങ്കിലും ജലനിരപ്പ് സ്ഥിരമായി നില്‍ക്കാന്‍ കാരണം പമ്പ റിസര്‍വോയറിനെയും കക്കി റിസര്‍വോയറിനെയും പരസ്പരം ബന്ധിപ്പിക്കുന്ന തുരങ്കത്തിലൂടെ വെള്ളം പുറംതള്ളുന്നതാണ്. ഇത്തരത്തില്‍ പമ്പയില്‍ നിന്ന് കക്കിയിലേക്ക് പുറംതള്ളുന്നത് 70 ക്യൂബിക് മീറ്റര്‍/സെക്കന്‍ഡ് വെള്ളമാണ്. നിലവില്‍ പമ്പ ഡാമിലെ വൃഷ്ടിപ്രദേശത്ത് നിന്നും ലഭിക്കുന്നതും 70 ക്യൂബിക് മീറ്റര്‍ വെള്ളമാണ്.

പുറത്തുവിടുന്ന വെള്ളം പമ്പാ നദിയിലേക്ക് ആകും ഒഴുകുക. ഈ വെള്ളം റാന്നി പ്രദേശത്ത് എത്താന്‍ ആവശ്യമായ സമയം ഏകദേശം അഞ്ചു മണിക്കൂറാണ്. ഈ സമയം നദിയിലെ ജലനിരപ്പ് 40 സെന്റിമീറ്റര്‍ ഉയരും. പമ്പാ നദിയുടെയും കക്കാട്ട് ആറിന്റെയും തീരത്തു താമസിക്കുന്നവരെല്ലാം ജാഗ്രത പാലിക്കണം. ജലനിരപ്പ് ഉയര്‍ന്നിട്ടുള്ളതിനാല്‍ നദികളിലും ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നത് ഒഴിവാക്കണമെന്നും കലക്ടര്‍ അറിയിച്ചു.

Latest