Connect with us

Kerala

കൊവിഡിന്റെ മറവില്‍ കേന്ദ്രത്തിന്റെ ഊര്‍ജിത കോര്‍പറേറ്റ് വത്ക്കരണം; കോടിയേരി

Published

|

Last Updated

തിരുവനന്തപുരം |  രാജ്യത്ത് കൊവിഡ് മൂലം ജനം പ്രതിസന്ധി അനുഭവിക്കുമ്പോള്‍ ഇതിന്റെ മറപിടിച്ച് കേന്ദ്രം കോര്‍പറേറ്റ് വത്ക്കരണം കൂടുതല്‍ ശക്തിപ്പെടുത്തുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാജ്യത്തിന്റെ എല്ലാ മേഖലയും വന്‍കിടകള്‍ക്ക് തുറന്നിട്ടിരിക്കുകയാണ്. ധാതു സമ്പത്തുകള്‍ പോലും സ്വകാര്യ മേഖലക്ക് തീറെഴുതുന്നു. വിദേശ കുത്തകകള്‍ക്കും ഏത് മേഖലയിലേക്കും കടന്നുവരാം. വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന നടപടിയുമായാണ് കേന്ദ്രം മുന്നോട്ടുപോകുന്നതെന്ന് കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

വിമാനത്താവളങ്ങളും റെയില്‍വേയും എല്ലാം സ്വകാര്യമേഖലയെ ഏല്‍പിക്കുകയാണ്. പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍(എന്‍വയോണ്‍മെന്റ് ഇംപാക്ട് അസസ്മെന്റ്)സംബന്ധിച്ച കേന്ദ്രത്തിന്റെ പുതിയ ഉത്തരവ് നടപ്പാക്കപ്പെടുകയാണെങ്കില്‍, നമ്മുടെ രാജ്യത്ത് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും പാരിസ്ഥിതിക അനുമതി വേണ്ടാതെ വരും. ഓരോ നിര്‍മാണ പ്രവര്‍ത്തനത്തിനും പരിസ്ഥിതി ആഘാതം എത്രത്തോളം ഉണ്ടെന്ന് ഇനി പരിശോധിക്കേണ്ട എന്നാണ് കേന്ദ്രസര്‍ക്കാര്‍ ഈ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. കൂടാതെ ആദിവാസി മേഖലകളില്‍ പദ്ധതികള്‍ ആരംഭിക്കുമ്പോള്‍, ആദിവാസി ജനസമൂഹം അധിവസിക്കുന്ന എസ് ടി പഞ്ചായത്തുകളുടെ അനുമതി വാങ്ങണം എന്ന നിബന്ധന എടുത്തുകളഞ്ഞിരിക്കുകയാണ്. വനമേഖലയില്‍ ഉള്‍പ്പെടെ ഏതു സംരംഭവും ആരംഭിക്കുമ്പോള്‍ പാരിസ്ഥിതിക പഠനം ആവശ്യമില്ല എന്ന കേന്ദ്രസര്‍ക്കാറിന്റെ ഈ ഉത്തരവ് വലിയതോതില്‍ പരിസ്ഥിതി സംരക്ഷണത്തിന് കോട്ടമുണ്ടാക്കും. കേന്ദ്രത്തിന്റെ ഈ ഉത്തരവ് തിരുത്തണം. അതിന് സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം. കേരളത്തിന്റെ വ്യത്യസ്ത അഭിപ്രായം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിനെ അറിയിക്കണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.